പുതു ചരിത്രം കുറിച്ച ആവേശത്തിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കാൻ വിപണി
text_fieldsകൊച്ചി: ഹെവിവെയിറ്റ് ഓഹരികളുടെ തിളക്കത്തിൽ ഇന്ത്യൻ സ്‌റ്റോക്ക് ഇൻഡക്‌സ് പുതിയ ചരിത്രം സൃഷ്‌ടിച്ച ആവേശത്തിലാവും തിങ്കഴാഴ്‌ച്ച ഇടപാടുകൾക്ക് തുടക്കം കുറിക്കുക. ഒരാഴ്‌ച്ചക്കിടയിൽ മൂന്നര ശതമാനം കുതിപ്പ് കാഴ്‌ച്ചവെച്ചത് പ്രാദേശിക നിഷേപകരെ മാത്രമല്ല,ഫണ്ടുകളെയും വിപണിയിലേയ്‌ക്ക് അടുപ്പിച്ചു.
ബോബൈ സൂചിക സെൻസെക്‌സ് 2005 പോയിന്‍റും നിഫ്‌റ്റി 618 പോയിന്‍റും പ്രതിവാര നേട്ടത്തിലാണ്. വിദേശ മാർക്കറ്റുകളിൽ നിന്നുള്ള അനുകൂല വാർത്തകളും വിനിമയ വിപണിയിൽ രൂപ കൈവരിച്ച നേട്ടവും കോവിഡ് വ്യാപനത്തിലെ കുറവും വിപണിക്ക് ഊർജം പകർന്നു. യു.എസ് മാർക്കറ്റിൽ നാസ്‌ഡാക് സൂചിക ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും മികവ് കാണിച്ച് വാരാന്ത്യം
സർവകാല റെക്കോർഡിലേയ്‌ക്ക് ഉയർന്നത് വരും ദിനങ്ങളിൽ ഇന്ത്യൻ വിപണിയിൽ ഐ.ടി വിഭാഗങ്ങളിലെ വാങ്ങൽ താൽപര്യം ശക്തമാക്കാം. ബുൾ ഇടപാടുകാർ ഇന്ത്യൻ മാർക്കറ്റിൽ കാണിച്ച താൽപര്യം മുൻ നിരയിലെയും രണ്ടാം നിരയിലെയും ഓഹരി വിലകളിൽ മുന്നേറ്റം സൃഷ്‌ടിച്ചു.
ഒരു മാസകാലയളവിൽ സെൻസെക്‌സ് എട്ട് ശതമാനം ഉയർന്നപ്പോൾ നിഫ്‌റ്റി 7.79 ശതമാനം മികവ് കാണിച്ചു. എന്നാൽ ഒരു വർഷകാലയളവിൽ ബി.എസ്.ഇ സൂചിക 21 ശതമാനം കയറിയപ്പോൾ എൻ.എസ്.ഇ യിൽ കുതിച്ചു ചാട്ടം 23.90 ശതമാനമാണ്. ആഗസ്‌റ്റിൽ ബാധ്യതകൾ വെട്ടികുറക്കാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ പല അവസരത്തിലും മത്സരിച്ചങ്കിലും പിന്നിട്ടവാരം അവർ നിക്ഷപകരായി രംഗത്ത് തിരിച്ചെത്തി. പോയവാരം അവർ 6869 കോടി രൂപയുടെ നിക്ഷേപം നടത്തി.ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 1420 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബോംബെ സൂചിക മുൻവാരത്തിലെ 56,124 ൽ നിന്ന് മുന്നേറിയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഒരവസരത്തിൽ 57,000 പോയിന്‍റിലെ പ്രതിരോധം തകർത്ത് നിക്ഷേപകരെ ആവേശം കൊള്ളിച്ചതോടെ മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ഇരട്ടിച്ചു. വാരാന്ത്യ ദിനത്തിൽ സൂചിക ചരിത്രത്തിൽ ആദ്യമായി 58,000 പോയിൻറ്റും കടന്ന് സർവകാല റെക്കോർഡായ 58,194 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 58,129 ലാണ്. ഈവാരം 58,678 ലും 59,229 പോയിൻറ്റിലും പ്രതിരോധം നിലനിൽക്കുന്നു.
വിപണി തിരുത്തലിന് ശ്രമിച്ചാൽ 57,096‐56,063 പോയിൻറ്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. 16,700 റേഞ്ചിൽ ട്രേഡിങിന് തുടക്കം കുറിച്ചനിഫ്‌റ്റി ഒരാഴ്‌ച്ചക്കിടയിൽ 600 ൽ അധികം പോയിന്‍റ് ഉയരുന്നത് ഈ സാമ്പത്തിക വർഷം ആദ്യമാണ്.ചരിത്രത്തിൽ ആദ്യമായി സൂചിക 17,000 വും കടന്ന് 17,340 പോയിന്‍റ് വരെ കയറിയ ശേഷം വാരാന്ത്യം 17,323 പോയിന്‍റിലാണ്. വാരാന്ത്യം വിപണി റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും തിരക്കിട്ടുള്ള ലാഭമെടുപ്പിന് ഫണ്ടുകളും പ്രദേശിക ഇടപാടുകാരും താൽപര്യം കാണിച്ചില്ല. 17,500 പോയിന്‍റിലേയ്‌ക്ക് വിപണി പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേറ്റർമാർ. പ്രോഫിറ്റ് ബുക്കിങിന് നീക്കം നടന്നാൽ 16,980 ‐16,635 റേഞ്ചിൽ സപ്പോർട്ട് നിലനിൽക്കുന്നു.
മുൻ നിര ഓഹരികളായ ആർ.ഐ.എൽ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സൺ ഫാർമ്മ, ഡോ: റെഡീസ്, ടി.സി.എസ്, എച്ച്.യു.എൽ, ടാറ്റാ സ്‌റ്റീൽ, ബജാജ് ഓട്ടോ, എയർടെൽ, തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. എം ആൻറ് എം, ഇൻഫോസിസ് എന്നിവയ്‌ക്ക് വീണ്ടും തിരിച്ചടിനേരിട്ടു.വിനിമയ വിപണിയിൽ രൂപ ഒരിക്കൽ കൂടി മികവ് കാണിച്ചു. യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം പിന്നിട്ടവാരം 67 പൈസ ഉയർന്ന് വാരാന്ത്യം വിനിമയ നിരക്ക് 73.01ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.