എവർഗ്രാൻഡെയിൽ തകർന്ന് ചൈനീസ് വിപണി; തകർച്ച മുതലാക്കി ഇന്ത്യ
text_fieldsകൊച്ചി: നിക്ഷേപകരുടെ ആത്‌മവിശ്വാസം കൈമുതലാക്കി ഏഷ്യയിലെ മികച്ച വിപണിയെന്ന വിശ്വാസം കൈപിടിയിൽ ഒതുക്കി ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും. ഒരിക്കൽ കൂടി ചരിത്ര നേട്ടം സ്വന്തമാക്കിയ ആവേശത്തിലാണ് ഇന്ത്യൻ വിപണി. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളുടെ സജീവ സാന്നിധ്യം റെക്കോർഡ് കുതിപ്പിന് വേഗത പകർന്നു. സെൻസെക്‌സ് 1032 പോയിൻറ്റും നിഫ്‌റ്റി 268 പോയിൻറ്റും പ്രതിവാര മികവിലാണ്.
ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ അഞ്ചാം വാരവും ബുൾ റാലിയിൽ കുതിച്ചത് പുതിയ ബാധ്യതകൾ ഏറ്റെടുക്കാൻ പ്രദേശിക നിക്ഷേപകരെ പ്രേരിപ്പിച്ചു. ടെക്‌നോളജി, ഓയിൽ ആൻറ് ഗ്യാസ് വിഭാഗം ഓഹരികളിൽ നിറഞ്ഞു നിന്ന് വാങ്ങൽ താൽപര്യം കുതിച്ചു ചാട്ടത്തിന് ഇരട്ടിവേഗത നൽകി. ഏഷ്യൻ മാർക്കറ്റുകൾ പലതും വാരാന്ത്യം നഷ്‌ടത്തിലായിരുന്നു. ചൈനീസ് മാർക്കറ്റായ ഷാങ്‌ഹായ്‌ക്ക് നേരിട്ട തിരിച്ചടി മറ്റ് വിപണികളിലേയ്‌ക്കും വ്യാപിച്ചു. റിയൽ എസ്‌റ്റേറ്ഓഹരിയായ എവർ ഗ്രാൻഡെ ഓഹരിക്ക് നേരിട്ട തകർച്ച പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് ചൈന.
സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട എവർ ഗ്രാൻഡെ താൽക്കാലികമായി കടപത്രത്തിന്‍റെ പലിശ അടച്ചത് വാരാവസാനം തകർച്ചയുടെ ആക്കം കുറച്ചു. രണ്ട് ബോണ്ടുകളിലായി ഏകദേശം 13 കോടി ഡോളർ പലിശ ഇനത്തിൽ മാത്രം അവർ വീഴച് വരുത്തി. ചൈനയിൽ നിന്ന് അടിക്കടി ഉയരുന്ന പ്രതികൂല വാർത്തകൾ വിദേശ ഫണ്ടുകളെ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷകൾക്ക് തിളക്കമേറി. രാജ്യാന്തര ഫണ്ട് മാനേജർമാരുടെ പ്രിയപ്പെട്ട വിപണിയായി ഇന്ത്യ മാറിയാൽ ഓഹരി സൂചിക വർഷാന്ത്യം കൂടുതൽ തിളങ്ങും.
ബോംബെ ഓഹരി സൂചിക മുൻവാരത്തിലെ 59,015 ൽ നിന്ന് ഓപ്പണിങ് ദിനത്തിലെ പ്രോഫിറ്റ് ബുക്കിങിൽ 58,308 വരെ താഴ്‌ന്നത് ബൾക്ക് ബെയ്യിങിന് ഫണ്ടുകൾ രംഗത്തു വരുന്നതിന് ഇടയാക്കി. ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താൽപര്യം കനത്തതോടെ വാരാന്ത്യം സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 60,000 പോയിന്‍റിലേയ്‌ക്ക് പ്രവേശിച്ചു.
വിപണിയുടെ അടിഒഴുക്കിൽ സെൻസെക്‌സ് 60,333 പോയിൻറ് വരെ മുന്നേറി റെക്കോർഡ് സ്ഥാപിച്ച ശേഷം ക്ലോസിങിൽ 60,048 ലാണ്. ഈവാരം സൂചികയ്‌ക്ക് 60,818 ൽ ആദ്യ പ്രതിരോധം തെളിയുന്നു, ഇത് മറികടന്നാൽ 61,588 പോയിൻറ് വരെ സഞ്ചരിക്കാമെങ്കിലും ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായാൽ 58,793 ലും 57,538 ലും താങ്ങ് പ്രതീക്ഷിക്കാം.
നിഫ്‌റ്റി 17,585 ൽ നിന്ന് വാരാരംഭ ദിനത്തിൽ 16,350 ലേയ്‌ക്ക് സാങ്കേതിക തിരുത്തൽ കാഴ്‌ച്ചവെച്ച് പിന്നീട് വർധിച്ച വീര്യത്തോടെ മുന്നേറി 17,947 വരെയെത്തി. 18,000 കടത്തിവിടാൻ ഫണ്ടുകൾ പിന്നിട്ടവാരം താൽപര്യം കാണിക്കാതെ ഉയർന്ന റേഞ്ചിൽ നടത്തിയ ലാഭമെടുപ്പും പുതിയ ഷോട്ട് പൊസിഷനുകളും ക്ലോസിങിൽ സുചികയെ 17,853 ലേയ്‌ക്ക് തളർത്തി.
ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ സാങ്കേതികമായി വിപണി ബുള്ളിഷ് മൂഡിലാണെങ്കിലും 18,083ൽ താൽക്കാലികമായി പ്രതിരോധം രൂപപെടുന്നുണ്ട്. വീണ്ടും തിരുത്തലിന് മുതിർന്നാൽ 17,486 ൽ സപ്പോർട്ടുണ്ട്. മുൻ നിര ഓഹരികളിൽ നിറഞ്ഞു നിന്ന് വാങ്ങൽ താൽപര്യത്തിൽ ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, എച്ച്.ഡി.എഫ്.സി, എച്ച്ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എയർടെൽ, ഐ.ടി.സി, എച്ച്.യു.എൽ,എം ആൻറ് എം തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.
അതേ സമയം ഓപ്പറേറ്റർമാരുടെ ലാഭമെടുപ്പിൽ എസ്.ബി.ഐ, ബജാജ് ഓട്ടോ, മാരുതി, ഡോ:റെഡീസ്, സൺ ഫാർമ്മ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു. വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കുറവ് സംഭവിച്ചു. രൂപ 73.48 ൽ നിന്ന് 73.69 ലേയ്‌ക്ക് തളർന്നു. യു.എസ് ഫെഡ് റിസർവ് അമേരിക്കൻ സാമ്പത്തിക മേഖലയ്‌ക്ക് ഊർജം പകരാനുള്ള ശ്രമം തുടരുമെന്ന വെളിപ്പെടുതൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് കരുത്ത് സമ്മാനിച്ചു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 8.38 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 3048.3 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെപ്റ്റംബർ വിദേശ ഓപ്പറേറ്റർമാർ ഇതിനകം 7137.72 കോടി രൂപയുടെ നിക്ഷേപിച്ചു, ആഭ്യന്തര ഫണ്ടുകൾ ഈ മാസം 1030.37 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.