ബുൾ റാലിക്ക് അവസാനം; തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ സൂചികകൾ
text_fieldsകൊച്ചി: ഓഹരി സൂചികയിൽ ഒരു മാസത്തിൽ ഏറെ നീണ്ട ബുൾ റാലിക്ക് അവസാനം കണ്ടു. ധനകാര്യസ്ഥാപനങ്ങൾ ലാഭമെടുപ്പിന് മത്സരിച്ച് രംഗത്ത് ഇറങ്ങിയത് ഓഹരി ഇൻഡക്‌സുകളെ തളർത്തി. മുൻ നിര ഓഹരികളിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തിൽ സെൻസെക്‌സും നിഫ്‌റ്റിയും രണ്ട് ശതമാനം ഇടിഞ്ഞു. ബോംബെ സൂചിക 1283 പോയിൻറ്റും നിഫ്‌റ്റി 321 പോയിന്‍റും പ്രതിവാര നഷ്‌ടത്തിലാണ്.
വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിലെ ബാധ്യതകൾ കുറക്കാൻ കാണിച്ച തിടുക്കം ഇൻഡക്‌സുകളെ പല അവസരത്തിലും അടിമുടി ഉഴുതുമറിച്ചു. മുൻനിര, രണ്ടാംനിര ഓഹരികളിലെ ലാഭമെടുപ്പ് വരും ദിനങ്ങളിലും തുടരാമെങ്കിലും വിപണി ബുള്ളിഷ് ട്രൻറ് നിലനിർത്തുന്നത് നിക്ഷേപകർക്ക് ആശ്വാസം പകരും. വിദേശ ഓപ്പറേറ്റർമാർ 6665 കോടി രൂപയുടെ ഓഹരികളാണ് പോയവാരം വിറ്റഴിച്ചത്.
അതേ സമയം സൂചികയിലെ തകർച്ചയ്‌ക്ക് ഇടയിൽ നിക്ഷപകരായി നിലകൊണ്ട് വിപണിയെ താങ്ങി നിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ശ്രമങ്ങളും നടത്തി. അവർ ഏകദേശം 4900 കോടി രൂപയുടെ ഓഹരികൾ ഈ അവസരത്തിൽ വാങ്ങിയതിനൊപ്പം 600 കോടിയുടെ വിൽപ്പനയും നടത്തി.വിപണിയിലെ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായതോടെ മുൻ നിര ഓഹരികളായ വിപ്രോ, ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ ആന്‍റ് ടി, എയർടെൽ, എച്ച്.യു.എൽ, ബജാജ് ഫൈനാൻസ് തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
ബി.എസ്.ഇ യിൽ വാരാന്ത്യം 1804 ഓഹരികളുടെ നിരക്ക് ഉയർന്നത് ബുൾ ഇടപാടുകാരുടെ വിശ്വാസം ഇരട്ടിപ്പിച്ചു. 226 ഓഹരികളുടെ വില 52 ആഴ്‌ച്ചകളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ബോംബെ സെൻസെക്‌സ് 60,000 ന് മുകളിൽ നിന്നുള്ള സാങ്കേതിക തിരുത്തലിൽ വാരാന്ത്യം 58,551 വരെ ഇടിഞ്ഞു. എന്നാൽ മുൻവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 58,793 ലെ താങ്ങ് ക്ലോസിങിൽ നിലനിർത്താനാവാതെ 58,765 പോയിന്‍റിലാണ് വിപണി. ഈവാരം 58,140 റേഞ്ചിലെ സപ്പോർട്ട് കാത്ത് സൂക്ഷിക്കാനായില്ലെങ്കിൽ സൂചിക 57,500 റേഞ്ചിലേയ്‌ക്ക് തിരിയാം, എന്നാൽ വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 59,800 റേഞ്ചിലേയ്‌ക്ക് തിരിച്ചു വരവിന് സാധ്യത തെളിയുന്നു.
നിഫ്‌റ്റിക്ക് 18,000 പോയിൻറ്റ് എന്ന സ്വപ്‌നം ഇനിയും യാഥാർത്യമാക്കാനായില്ല. തൊട്ട്‌മുൻവാരം ഏറെ പ്രതീക്ഷകളോടെ 17,947 വരെ കയറിയ നിഫ്‌റ്റി പക്ഷേ കഴിഞ്ഞവാരം 17,900 ന്‌മുകളിൽ പിടിച്ചു നിൽക്കാൻ ക്ലേശിച്ചു. സെപ്‌റ്റംബർ സീരീസ് സെറ്റിൽമെൻറ്റ് ഓപ്പറേറ്റർമാരെ ലോങ് കവറിങിനും പ്രേരിപ്പിച്ചതോടെ ആടി ഉലഞ്ഞ സൂചിക ഒരു വേള 17,452 വരെ ഇടിഞ്ഞ ശേഷം 17,532 ൽ വ്യാപാരം അവസാനിച്ചു.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് വീണ്ടും രൂപക്ക് തിരിച്ചടി നേരിട്ടു. രൂപയുടെ മൂല്യം 73.69 ൽ നിന്ന് 74.12 ലേയ്‌ക്ക് ഇടിഞ്ഞു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബാരലിന് 76.94 ഡോളറിൽ നിന്ന് 79.13ഡോളറായി. എണ്ണ ഉൽപാദനത്തിലെ മാന്ദ്യവും ആഗോള ഡിമാൻറും കണക്കിലെടുത്താൽ ഈ വാരംഎണ്ണ വില 80 ഡോളറിന് മുകളിൽ ഇടം കണ്ടത്താം. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1750 ഡോളറിൽ നിന്ന് 1760 ഡോളറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.