അതിവേഗം കുതിച്ച് വിപണി; പ്രതീക്ഷയോടെ നിക്ഷേപകർ
text_fieldsകൊച്ചി: നിക്ഷേപകരെ പ്രതീക്ഷ പകർന്ന് നേട്ടത്തോടെയാണ് ഓഹരി സൂചികകൾ കഴിഞ്ഞയാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. ഉത്സവ ദിനങ്ങൾക്കിടയിൽ ഫണ്ടുകളുടെ പിന്തുണയിൽ ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് പ്രടകനം കാഴ്‌ച്ചവെച്ചു. കാത്തിരിപ്പിന് ഒടുവിൽ നിഫ്‌റ്റി സൂചിക 18,000 ലേയ്‌ക്ക് പ്രവേശിച്ചതിനൊപ്പം സെൻസെക്‌സ് 61,000 പോയിൻറ്റും കീഴടക്കി പുതിയ ഉയരങ്ങൾ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ്.
ആഗോള എണ്ണ വിപണിയിൽ നിന്നുള്ള വാർത്തകൾ രൂപയ്‌ക്ക് മേൽ സമ്മർദ്ദം ഉളവാക്കുന്നതിനിടയിലും വിദേശ നിക്ഷേപം ഒഴുകിയെത്തിയത് പ്രദേശിക ഇടപാടുകാരെ ആകർഷിച്ചു. മിഡ് ക്യാപ്‐സ്‌മോൾ ക്യാപ് വിഭാഗം ഓഹരികൾ വാങ്ങി കൂട്ടാൻ പ്രദേശിക നിക്ഷേപകർ ഉത്സാഹിച്ചത് വിപണി നേട്ടമാക്കി.രാജ്യാന്തര തലത്തിൽ വിലയിരുത്തിയാൽ ഏഷ്യയിലെ മാത്രമല്ല, യുറോപ്, യു.എസ് ഓഹരി സൂചികകൾ വാരാന്ത്യം മികവിലാണ്. ഡൗ ജോൺസ് ഓഹരി സൂചിക ഒരു ശതമാനം വെളളിയാഴ്‌ച്ച ഉയർന്നത് കണക്കിലെടുത്താൽ തിങ്കളാഴ്‌ച്ച ഏഷ്യൻ ഇൻഡക്‌സുകളിലും തിളക്കം പ്രതീക്ഷിക്കാം.
മൂന്നാം ക്വാർട്ടറിലെ മികച്ച പ്രവർത്തന റിപ്പോർട്ടുകൾ യു.എസ് മാർക്കറ്റിന് കരുത്താവും. മോർഗൻ സ്റ്റാൻലിയും സിറ്റി ബാങ്കും മികച്ച റിസൽട്ട് പുറത്തുവിട്ടത് ആപ്പിൾ, മൈക്രോസോഫ്റ്റ് ഓഹരികളിലും വാങ്ങൽ താൽപര്യം ഉയർത്തി. ഐ.ടി വിഭാഗം ഓഹരികൾക്ക് ഇന്ത്യയിലും ഡിമാൻറ് ഉയരാം.
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 60,059 പോയിൻറ്റിൽ നിന്ന് തുടക്കത്തിൽ 59,945 ലേയ്‌ക്ക് തളർന്നങ്കിലും വാരത്തിൻറ്റ രണ്ടാം പകുതിയിൽ വർദ്ധിച്ച ആവേശത്തിൽ സൂചിക 61,000 വും കടന്ന് ചരിത്രത്തിൽ ആദ്യമായി 61,353 വരെ കയറി ശക്തിതെളിയിച്ച ശേഷം വ്യാഴാഴ്‌ച്ച 61,305 ൽ ക്ലോസിങ് നടന്നു.
മഹാനവമി പ്രമാണിച്ച് വെളളിയാഴ്‌ച്ച ഇന്ത്യൻ വിപണി അവധിയായിരുന്നു. ഈ വാരം സൂചിക 61,923 വരെ ഉയരാൻ ശ്രമം നടത്താം. ഇതിനിടയിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 60,115 ൽ ആദ്യ താങ്ങുണ്ട്. പിന്നിട്ടവാരം സെൻസെക്‌സ് മൊത്തം 1628 പോയിൻറ് മുന്നേറി. ഡെയ്‌ലി ചാർട്ടിൽ സെൻസെക്സിെൻറ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രൻറ്, പാരാബോളിക്ക് എസ്.ഏ.ആർ എന്നിവ ബുള്ളിഷ് ട്രൻറിലാണ്. അതേ സമയം സ്‌റ്റോക്കാസ്‌റ്റിക്ക് ഓവർ ബ്രോട്ട് മേഖലയിലാണ്.
നിഫ്‌റ്റി സൂചിക വിപണിയുടെ ചരിത്രത്തിൽ ആദ്യമായി 18,000 പോയിൻറ്റിലേയ്‌ക്ക് പ്രവേശിച്ചു. 17,895 ൽ നിന്നുള്ള കുതിപ്പിൽ നാല് ദിവസങ്ങൾ കൊണ്ട് 548 പോയിൻറ്റ് വർദ്ധിച്ചു. വാങ്ങൽ താൽപര്യം ശക്തമായതോടെ നിഫ്‌റ്റി 18,350 വരെ കയറിയങ്കിലും വ്യാപാരം അവസാനിക്കുമ്പോൾസൂചിക 18,338 പോയിൻറ്റിലായിരുന്നു. ഈവാരം18,033 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 18,654 ലേയ്‌ക്ക് ഉയരാൻ സൂചിക ശ്രമം നടത്തും.
മുൻവാരത്തിലെ നിക്ഷേപ താൽപര്യത്തിൽ മുൻ നിര ഓഹരികളായ ഇൻഫോസിസ്, വിപ്രോ,ഐ.ടി. സി, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആർ.ഐ. എൽ, മാരുതി, ബി.പി.സി.എൽ, സൺ ഫാർമ്മ, ഡോ: റെഡീസ്, എം ആൻറ് എം, ബജാജ് ഓട്ടോ, ടാറ്റാ മോട്ടേഴ്‌സ്, എൽ ആൻറ് ടി തുടങ്ങിയവയുടെ നിരക്ക് കയറി.
ഗ്യാസ്, കൽക്കരി വിലകൾ ഉയരുന്നതിനാൽ എണ്ണ ഉൽപന്നങ്ങൾക്ക് വരും മാസങ്ങളിൽ ഡിമാൻറ് ശക്തമാകാം. പിന്നിട്ടവാരം ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം നേട്ടത്തിലാണ്. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ വിലയിരുത്തലിൽ എണ്ണയ്‌ക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ആവശ്യം വർധിക്കാം. വർഷാന്ത്യതോടെ ഡിമാൻറ് ഏഴ് ലക്ഷത്തിലേയ്‌ക്ക് ഉയരുമെന്ന നിഗമനത്തിലാണവർ.
അതേ സമയം സ്ഥിതിഗതികളിൽ സങ്കീർണ്ണമായാൽ ഒപെക്ക് ക്രൂഡ് ഓയിൽ ഉൽപാദനം ഉയർത്താം. വാരാന്ത്യം എണ്ണ വില ബാരലിന് 84.81 ഡോളറിലാണ്. ഫോറെക്‌സ് മാർക്കറ്റിൽ രൂപ ചാഞ്ചാടി. ഡോളറിന് മുന്നിൽ രൂപ 74.99 ൽ നിന്ന് 75.59 ലേയ്‌ക്ക് ദുർബലമായ ശേഷം ക്ലോസിങിൽ 75.03 ലാണ്. ന്യൂയോർക്കിൽ മഞ്ഞലോഹ വിലയിൽ ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. ട്രോയ് ഔൺസ് സ്വർണം 1750 ഡോളറിൽ നിന്ന് 1800 വരെ ഉയർന്ന ശേഷം വാരാന്ത്യം 1766 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.