തിരിച്ചടിയിൽ തളർന്ന് ഓഹരി വിപണി
text_fieldsഇന്ത്യൻ ഓഹരി വിപണിയിലെ തളർച്ച തുടരുന്നു. വിദേശ ഓപ്പറേറ്റർമാർ നിക്ഷേപങ്ങൾ പണമാക്കാൻ രംഗത്ത് ഇറങ്ങിയതോടെ ഓഹരി സൂചികയ്‌ക്ക് ഒപ്പം രൂപയുടെ വിനിമയ മൂല്യവും ഇടിഞ്ഞു. ആർ.ബി.ഐ രൂപയ്‌ക്ക് രക്ഷാകവചം ഒരുക്കാൻ ശ്രമം നടത്തിയ സന്ദർഭത്തിൽ മൂഡീസ് ഇൻവെസ്‌റ്റഴ്‌സ് നടത്തിയ വിലയിരുത്തൽ വിദേശ നിക്ഷേപകരെ പുതിയ ബാധ്യതകളിൽ നിന്നും പിൻതിരിപ്പിച്ചു. പിന്നിട്ടവാരം സെൻസെക്‌സ് 374 പോയിൻറ്റും നിഫ്‌റ്റി സൂചിക118 പോയിൻറ്റും തളർന്നു.
നിഫ്‌റ്റി സൂചിക 19,428 ൽ നിന്നും 19,482 ലേയ്‌ക്ക് കയറിയഘട്ടത്തിലാണ് വിദേശ ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറാൻ നീക്കം തുടങ്ങിയത്. ഇതോടെ മുൻവാരം സൂചിപ്പിച്ച 19,346 ലെ ആദ്യ സപ്പോർട്ട് തകർത്ത രണ്ടാം സപ്പോർട്ടായ 19,260 ൽ ശക്തമായ പരീക്ഷണം നടത്തിയതിനിടയിൽ സൂചിക 19,254 വരെ താഴ്‌ന്നു. കേവലം ആറ് പോയിന്റ് വ്യത്യാസത്തിൽ സൂചിക താങ്ങ് തകർത്തങ്കിലും വ്യാപാരാന്ത്യം നിഫ്‌റ്റി 19,310 ലേയ്‌ക്ക് ഉയർന്നു.
ഈ ആഴ്ചയിലും തളർച്ചയിലാവും ഇടപാടുകൾക്ക് തുടക്കം കുറിക്കുക. താഴ്‌ന്ന റേഞ്ചിലേയ്‌ക്കുള്ള പരീക്ഷണങ്ങൾ തുടർന്നാൽ 19,214 - 19,119 ലേയ്‌ക്കും നിഫ്‌റ്റി തളരാം. തിരിച്ചു വരവിന് ശ്രമം നടത്തിയാൽ 19,443 ൽ പ്രതിരോധമുണ്ട്. നിഫ്‌റ്റി ഫ്യൂച്ചേഴ്‌സിൽ ഓപ്പൺ ഇൻട്രസ്‌റ്റ് 130 ലക്ഷത്തിൽ നിന്നും 133.5 ലക്ഷത്തിലേയ്‌ക്ക് കയറി. സൂചികയിലെ തകർച്ചയ്‌ക്ക് ഇടയിൽ ഓപ്പൺ ഇൻട്രസ്‌റ്റിലെ വർദ്ധന പുതിയ ഷോട്ട്‌പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചതായും വിലയിരുത്താം.
സെൻസെക്‌സ് 65,322 ൽ നിന്നും 300 പോയിൻറ്റ് തുടക്കത്തിൽ കയറി അവസരത്തിൽ ഹെവിവെയിറ്റ് ഓഹരികളിൽ ഫണ്ടുകൾ വിൽപ്പനകാരായത് സെൻസെക്‌സിനെ 64,754 ലേയ്‌ക്ക് തളർത്തി. വാരാന്ത്യം സൂചിക 64,948 ലാണ്.
മുൻ നിര സ്‌റ്റീൽ ഓഹരികളായ ഹിൻഡാൽക്കോ, ജെ.എസ്.ഡബ്ലയു സ്‌റ്റീൽ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവ വിൽപ്പന സമ്മർത്തിൽ. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, എയർടെൽ, ഐ.ടി.സി, ബി.പി.സി.എൽ, ഒ.എൻ.ജി.സി, സിപ്ല തുടങ്ങിയവയ്‌ക്കും തിരിച്ചടിനേരിട്ടു. ടാറ്റാ മോട്ടേഴ്‌സ്, എച്ച്.യു.എൽ, എൽ ആൻറ് ടി, ആർ.ഐ.എൽ, എം ആൻറ് എം, സൺ ഫാർമ്മ തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.
മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസ് ഇന്ത്യയുടെ ദീർഘകാല പ്രാദേശിക, വിദേശ കറൻസി റേറ്റിംഗുകൾ Bbb3 - ൽ നിലനിർത്തി. മൂഡീസ് റേറ്റിംഗ് നിലനിർത്തുമ്പോഴും വളർച്ച പോരെന്ന നിലപാടിലാണവർ. രാജ്യത്തിൻറ്റ ഉയർന്ന കടബാധ്യതകൾ തന്നെയാണ് വളർച്ചയ്‌ക്ക് തടസമായി വിലയിരുത്തുന്നത്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4206 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനൊപ്പം 314 കോടി രൂപയുടെ വിൽപ്പനയും നടത്തി. അതേ സമയം വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 4102 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി, എന്നാൽ ഒരു ദിവസം അവർ 723 കോടി രൂപയുടെ നിഷേപത്തിനും ഉത്സാഹിച്ചു. രൂപയുടെ മൂല്യം തൊട്ട് മുൻവാരത്തിലെ 82.72 ൽ നിന്നും പെടുന്നനെ 83 ലെ പ്രതിരോധം തകർത്ത് 83.41 ലേയ്‌ക്ക് നിലംപതിച്ചു. . വാരാന്ത്യം രൂപ 83.10 ലാണ്. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 1910 ഡോളറിൽ നിന്നും അഞ്ച് മാസത്തെ താഴ്‌ന്ന് തലമായ 1885 ഡോളറിലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1889 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.