ഉപദേശം കൊള്ളാം, പക്ഷേ...
text_fieldsകോവിഡിനുശേഷം ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിൽ ഓഹരി വിപണിയിലേക്ക് വരാൻ യൂട്യൂബ് ,ടെലഗ്രാം,ഫേസ്ബുക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങൾ പ്രേരണയായിട്ടുണ്ട്. അടിസ്ഥാന പാഠങ്ങൾ മുതൽ അവസരങ്ങളും തന്ത്രങ്ങളും വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ ദിനേന പുറത്തിറങ്ങുന്നു. ഉപദേശങ്ങളുമായി നിരവധി ഗ്രൂപ്പുകളുമുണ്ട്. എന്നാൽ, ലഭിക്കുന്ന അറിവ് സത്യമാണെന്നും അതിൽ ചതിയും കുരുക്കുകളും ഇല്ലെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. പ്രത്യേകിച്ച് ഓഹരി വിപണി പോലെയുള്ള ഏറെ റിസ്കുള്ള സാമ്പത്തിക വിഷയത്തിൽ.
ടിപ്സും ഓഹരി വാങ്ങൽ ശിപാർശകളും നൽകുന്ന ചാനലുകളെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. യഥാർഥത്തിൽ ഇത്തരത്തിൽ ശിപാർശ നൽകുന്ന 90 ശതമാനത്തിലധികം പേർക്കും അതിന് അനുമതിയില്ല.
ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സാധാരണക്കാരുടെ പണം നഷ്ടപ്പെടാതിരിക്കാൻ കർശന മാർഗനിർദേശമാണ് ഇതുസംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ളത്. സെബി അംഗീകാരമില്ലാത്തവർക്ക് പണം വാങ്ങി ഓഹരി ശിപാർശ ചെയ്യാൻ അനുമതിയില്ല. അംഗീകാരമുള്ളവർക്ക് മേൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സത്യസന്ധമായും സദുദ്ദേശ്യത്തോടെയും അറിവ് പകരുന്നവർ ബഹുമാനം അർഹിക്കുന്നു. അവർക്ക് അതുവഴി പരസ്യ വരുമാനമായോ മറ്റോ നേട്ടം ഉണ്ടാകുന്നതും മോശം കാര്യമല്ല.
എന്നാൽ, അയഥാർഥവും പെരുപ്പിച്ച് കാട്ടിയതുമായ കണക്കുകളുമായി ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ഏറെയുള്ള ഒരു മേഖലയാണിതെന്ന് മറക്കരുത്. പണം വാങ്ങി ടിപ്സും കാളും നൽകുന്ന പെയ്ഡ് ഗ്രൂപ്പുകൾ ഏറെയാണ്. ഒപ്ഷൻ ട്രേഡിങ്ങിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ. രണ്ട് ഡീമാറ്റ് അക്കൗണ്ട് എടുത്ത് ഒരേ ഓഹരി ഒന്നിൽ വാങ്ങുകയും ഒന്നിൽ വിൽക്കുകയും (ഷോർട്ട് സെൽ) ചെയ്യും. വില കയറിയാലും കുറഞ്ഞാലും അവർക്ക് നഷ്ടമൊന്നുമില്ല.
ലാഭം കിട്ടിയ കണക്ക് ജനങ്ങളുടെ മുന്നിൽ കാണിച്ച് തങ്ങൾ ലാഭമുണ്ടാക്കാനും നിങ്ങൾക്ക് ലാഭമുണ്ടാക്കിത്തരാനും കഴിവുള്ളവരാണെന്ന് ബോധ്യപ്പെടുത്തും ചില വിരുതന്മാർ. ഉത്തരേന്ത്യൻ ചാനലുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആര് പറയുന്നതും കണ്ണടച്ച് വിശ്വസിക്കരുത്. സ്വന്തമായി പഠിച്ച് ബോധ്യപ്പെടണം.
- മുൻകാല നിർദേശങ്ങളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കുക
- കൊള്ളലാഭം വാഗ്ദാനം ചെയ്യുന്നവരെ ആദ്യമേ ഒഴിവാക്കുക.
- യൂട്യൂബർ സദുദ്ദേശ്യത്തോടെ കാര്യങ്ങൾ പറഞ്ഞാലും പിന്നീട് സാഹചര്യം മാറിമറിയാം (ബ്രേക്കൗട്ട് ഫെയിൽ, പുതിയ നെഗറ്റിവ് ന്യൂസ്...)
- റിസ്ക് എടുക്കാനുള്ള നമ്മുടെ ശേഷിക്കപ്പുറത്തേക്ക് കളിക്കാതിരിക്കുക.
- നമ്മുടെ കൈയിലിരിക്കുന്ന ഓഹരി സംബന്ധിച്ച വാർത്തകളും വിലനിലവാരവും ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക.
- സ്വന്തം ഡീമാറ്റിൽ മാത്രം ഇടപാട് നടത്തുക. ട്രേഡിങ്ങിനായി പണം മറ്റാരെയും ഏൽപിക്കരുത്.
- ഫ്യൂച്ചർ ആൻഡ് ഒപ്ഷൻ ട്രേഡിങ് ഏറെ വൈദഗ്ധ്യം ആവശ്യമുള്ളതും നഷ്ടസാധ്യത കൂടിയതുമാണ്. സാധാരണക്കാർ വിട്ടുനിൽക്കുന്നതാണ് നല്ലത്.
- സെബി അംഗീകാരം ഓഹരി വിശകലന വിദഗ്ധന്റെ പ്രകടനത്തിന് ഒരു ഉറപ്പും നൽകുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.