സൂപ്പർ ലീഗ് കേരള മത്സരങ്ങൾ മനോരമ മാക്‌സിലൂടെ മിഡിൽ ഈസ്റ്റ് പ്രേക്ഷകരിലേക്കെത്തും
text_fieldsലോകത്തെമ്പാടുമുള്ള ഫുട്‌ബാൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ സെപ്റ്റംബർ ഏഴിന് തുടക്കമാകും. ആദ്യ മത്സരത്തോടനുബന്ധിച്ച് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഉൾപ്പെടെ മിഡിൽ ഈസ്റ്റ് പ്രേക്ഷകർക്കായി മനോരമ മാക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും. മനോരമ മാക്‌സിലൂടെയുള്ള പ്രത്യേക സംപ്രേഷണത്തിലൂടെ ഗൾഫ് മലയാളികളെക്കൂടെ ഈ ഫുട്‌ബാൾ മഹാമേളയിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയാണ് സൂപ്പർ ലീഗ് കേരള.
ഫോഴ്സ് കൊച്ചി എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിൽ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരം സെപ്റ്റംബർ ഏഴ് വൈകുന്നേരം എട്ട് മണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തിന് മുന്നോടിയായി വർണാഭ കാഴ്ചകളോടുകൂടിയുള്ള ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം ജാക്ക്ലിൻ ഫെർണാണ്ടസ്, ഡിജെ സാവിയോ, ഡബ്‌സി, ശിവമണി മുതൽപേരെ അണിനിരത്തും. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും സൂപ്പർ കേരളയുടെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യും.
‘മനോരമ മാക്സി’ലൂടെ മിഡിൽ ഈസ്റ്റിലെ ആരാധകർക്ക് സൂപ്പർ ലീഗ് കേരളത്തിന്റെ ആവേശം എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബാൾ സംസ്‌കാരത്തെ ഈ ലീഗ് വ്യാപകമാക്കുന്നു. പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര താരങ്ങളുടെയും ആവേശവും ഊർജവും ആഗോള പ്രേക്ഷകർ അനുഭവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
ഫോഴ്സ് കൊച്ചി എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മാജിക് തൃശൂർ എഫ്.സി എന്നിങ്ങനെ ആറു ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി കേരളത്തിലെ ഫുട്‌ബാൾ സംസ്‌കാരം ഉയർത്താനാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. കൊച്ചി, തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട് എന്നീ പ്രധാന വേദികളിലായാണ് സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിന്റെ മത്സരങ്ങൾ അരങ്ങേറുന്നത്. സ്വദേശി താരങ്ങളോടൊപ്പം വിദേശ താരങ്ങളെയുംകൂടി ഉൾപ്പെടുത്തി ഫുട്ബാൾ ആരാധകർക്ക് മികച്ച മത്സര അനുഭവം നൽകിക്കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ സുപ്രധാന നാഴികക്കല്ലായി മാറാൻ ഒരുങ്ങുകയാണ് സൂപ്പർ ലീഗ് കേരള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.