ഒക്ടോബർ മുതൽ ഓഹരി വാങ്ങലിന് ചെലവേറും
text_fieldsഓഹരി വാങ്ങുന്നതിന് ബ്രോക്കറേജ് ഇനത്തിൽ നൽകിവരുന്ന നിരക്ക് വർധനക്ക് കളമൊരുങ്ങി. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സർക്കാർ ഏജൻസിയായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങളാണ് ഇതിന് കാരണം. ഇത് വ്യക്തമായി മനസ്സിലാകണമെങ്കിൽ ഓഹരി വിപണിയുടെ പ്രവർത്തന രീതി സംബന്ധിച്ചും ബ്രോക്കറേജ് സംബന്ധിച്ചും ധാരണയുണ്ടാകണം.
സ്റ്റോക്ക് ബ്രോക്കർ, ഡെപോസിറ്ററി പാർട്ടിസിപ്പന്റ്സ്, എക്സ്ചേഞ്ച് എന്നിവയാണ് ഓഹരി ഇടപാടിൽ പങ്കാളിയായിട്ടുള്ളത്. നാം ഓഹരി വാങ്ങുന്നതും വിൽക്കുന്നതും ബ്രോക്കർ മുഖേനയാണ്. ഡിജിറ്റൽ രൂപത്തിൽ ഈ ഓഹരി സൂക്ഷിക്കുന്നത് ഡെപോസിറ്ററി പാർട്ടിസിപ്പന്റ്സ് (CDSL, NSDL) ആണ്. വ്യാപാരം നടക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചിലും.
ഫുൾ സർവിസ് ബ്രോക്കർ, ഡിസ്കൗണ്ട് ബ്രോക്കർ എന്നിങ്ങനെ രണ്ടുതരം ബ്രോക്കർമാരാണ് വിപണിയിലുള്ളത്. ഷെയർ വെൽത്ത്, ജിയോജിത്, മോട്ടിലാൽ ഓസ്വാൾ, ചോയ്സ്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങി ഫുൾ സർവിസ് ബ്രോക്കർമാർക്ക് കമീഷൻ കൂടുതലാകും. അവർ നൽകുന്ന സേവനവും വിപുലമാണ്. രാജ്യവ്യാപകമായി ഓഫിസുകൾ അവർക്കുണ്ട്. എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഓഫിസിൽ നേരിട്ടോ ഫോൺ വഴിയോ നമുക്കവരുടെ സഹായം നേടാം. ഓഹരി വാങ്ങാനും വിൽക്കാനും വിളിച്ചുപറയുകയോ മെസേജ് അയക്കുകയോ ചെയ്താൽ മതി. ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ വിദഗ്ധരുണ്ടാകും. നമ്മൾ എവിടെനിന്നോ കേട്ട ഒരു ഓഹരിയുടെ സാധ്യതയും പരിമിതിയും അറിയാനുമടക്കം അവരെ വിളിക്കാം.
എന്നാൽ, ഡിസ്കൗണ്ട് ബ്രോക്കർമാർക്ക് (ഉദാ: സെറോദ, അപ്സ്റ്റോക്സ്, 5 പൈസ, ഗ്രോ...) വിപുലമായി ഓഫിസില്ല. ഇടപാടിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമായാണ് പൊതുവിൽ അവയുടെ പ്രവർത്തനം. അതേസമയം, മത്സരം കടുത്തതോടെ റിസർച്ച് നോട്ടും കസ്റ്റമർ സർവിസും ഇപ്പോൾ മിക്കവാറും ഡിസ്കൗണ്ട് ബ്രോക്കർമാരും നൽകിവരുന്നുണ്ട്. എന്നാലും അത് ഫുൾ സർവിസ് ബ്രോക്കർമാർ നൽകുന്നതിന്റെ അടുത്ത് വരില്ല. പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനും കഴിയില്ല. ബ്രോക്കർ ചാർജ് കുറവാണ് എന്നതാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ വഴി ഓഹരി വാങ്ങുന്നതിന്റെ ആകർഷണം. ഫുൾ സർവിസ് ബ്രോക്കർമാർ .5, .6 ശതമാനം കമീഷൻ വാങ്ങുമ്പോൾ ഡിസ്കൗണ്ട് ബ്രോക്കർമാരിൽ ഇത് 0.03, .04, .05 ശതമാനം മാത്രമാണ്. സെറോദ എന്ന ഡിസ്കൗണ്ട് ബ്രോക്കർ ഇക്വിറ്റി ഡെലിവറിക്ക് കമീഷൻ വാങ്ങുന്നേയില്ല.
ഫുൾ സർവിസ് ബ്രോക്കർമാരുടെ പ്രധാന വരുമാനം കമീഷൻ ആണ്. അവർക്ക് ട്രേഡിങ് വോള്യം കുറവാകും. ഡിസ്കൗണ്ട് ബ്രോക്കർമാർ ഇൻട്രാഡേ, ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ എന്നിവക്ക് കമീഷൻ വാങ്ങുന്നു. അവരുടെ ട്രേഡിങ് വോള്യം കൂടുതലായിരിക്കും. 10,000 രൂപ അക്കൗണ്ടിൽ ഉള്ളയാൾക്ക് ഒരു ലക്ഷം രൂപയുടെ ഇടപാട് നടത്താൻ കഴിയുന്ന രീതിയിൽ ലിവറേജ് നൽകിയും വോള്യം കൂട്ടാൻ ശ്രമിക്കുന്നുണ്ട്.
ഡെപോസിറ്ററി പാർട്ടിസിപ്പന്റ്സ് ബ്രോക്കർമാരിൽനിന്ന് ഫീസ് ഈടാക്കുന്നത് മൊത്തം വോള്യത്തിന്റെ അടിസ്ഥാനത്തിൽ സ്ലാബ് ആയാണ്. കൂടുതൽ വോള്യം ഉള്ളവർ കുറഞ്ഞ നിരക്കിൽ നൽകിയാൽ മതിയാകും. ഇതിനാണ് സെബി കടിഞ്ഞാൻ ഇടാൻ ഒരുങ്ങുന്നത്. ഒക്ടോബർ ഒന്നുമുതൽ സ്ലാബ് സിസ്റ്റം അവസാനിപ്പിക്കാനും ഓർഡറിന്റെയോ ഓഹരി മൂല്യത്തിന്റെയോ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കാനുമാണ് നിർദേശം. ഇത് ഡിസ്കൗണ്ട് ബ്രോക്കർമാർക്ക് വൻ തിരിച്ചടിയാണ്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടിന് ക്രിപ്റ്റോ പോലെ വൻ നികുതി നിരക്ക് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. 30 ശതമാനം നികുതി ഏർപ്പെടുത്തിയേക്കും എന്നുവരെ റിപ്പോർട്ട് പുറത്തുവന്നു. അങ്ങനെയെങ്കിൽ ഡിസ്കൗണ്ട് ബ്രോക്കർമാരുടെ കഥ കഴിഞ്ഞു എന്നുതന്നെ പറയേണ്ടിവരും.
വോള്യം കുത്തനെ കുറയും എന്നതും ഫ്യൂച്ചർ ആൻഡ് ഓപ്ഷനും ഇൻട്രാഡേയുമാണ് ഡിസ്കൗണ്ട് ബ്രോക്കർമാരുടെ പ്രധാന വരുമാനം എന്നതുമാണ് ഇതിന് കാരണം. റീട്ടെയിൽ നിക്ഷേപകരിൽനിന്ന് വാങ്ങുന്ന തുകയുടെ തുച്ഛം വിഹിതം മാത്രമാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ എക്സ്ചേഞ്ചിനും ക്ലിയറിങ് ഹൗസിനും നൽകുന്നത് എന്ന വിലയിരുത്തലാണ് സെബിയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ഒപ്പം 90 ശതമാനം റീട്ടെയിൽ നിക്ഷേപകരുടെയും പണം നഷ്ടപ്പെടുത്തുന്ന ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിന് കടിഞ്ഞാണിടണം എന്ന അഭിപ്രായങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.