വിനിമയനിരക്ക് റിയാലിന് 215 രൂപയിലെത്തി
text_fieldsമസ്കത്ത്: റിയാലിന്‍റെ വിനിമയനിരക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയക്കുന്നവർ ആയിരം രൂപക്ക് 4.652 റിയാൽ നൽകിയാൽ മതിയാവും. ഒരു ഡോളറിന് 83.01 രൂപലയാണ് വില. ബുധനാഴ്ച രാവിലെ ഡോളറിനെ അപേക്ഷിച്ച് രൂപ മെച്ചപ്പെട്ട നിലവാരം കാണിച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു.
വിനിമയനിരക്ക് സർവകാല റെക്കോഡിലെത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പണം കരുതിവെച്ചിരുന്നവരെല്ലാം റിയാലിന് 210 രൂപ എന്ന നിരക്കിലെത്തിയപ്പോൾ തന്നെ നാട്ടിലയച്ചതായി വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ബാക്കിയുള്ളവർ 212 കടന്നതോടെയും അയച്ചിരുന്നു. നിരക്ക് കുറയുമോ എന്ന പേടിയിലാണ് പലരും അയച്ചത്. ഇനി മാസം അവസാനിക്കുന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടും. ചുരുക്കം ചലർ റിയാലിന് 220 രൂപയെന്ന ഉയർന്ന നിരക്ക് പ്രതീക്ഷിച്ച് കാത്തിരിക്കുന്നുമുണ്ട്.
അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യ വിട്ടതുമാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണം. എണ്ണവില വർധിക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. അമേരിക്കൻ ഡോളർ മറ്റു കറൻസികളെ അപേക്ഷിച്ച് ശക്തി പ്രാപിക്കുകയാണ്. ആറ് പ്രധാന കറൻസികളെ അപേക്ഷിച്ച് ഡോളർ ഇൻറക്സ് 0.31 ശതമാനം വർധിച്ചിട്ടുണ്ട്. 112.48 ആണ് ഡോളർ ഇൻറക്സ്. ഡോളർ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ചൊവ്വാഴ്ച 153.40 കോടി രൂപയാണ് പിൻവലിച്ചത്.
എണ്ണവില വർധിക്കാനുള്ള സാധ്യതയും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒപെക് അംഗരാജ്യങ്ങളും അവയുടെ സഖ്യരാജ്യങ്ങളും എണ്ണ ഉൽപാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. ഇത് പിൻവലിക്കാൻ ഒപെക് രാജ്യങ്ങൾക്ക് സമ്മർദമുണ്ടായിട്ടും അത് ഫലിച്ചിട്ടില്ല. എല്ലാ എണ്ണ ഉൽപാദന രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ ഒപെക് നിലപാടിൽ ഉറച്ചുതന്നെ നിൽക്കും.
അതിനാൽ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത തന്നെയാണുള്ളത്. ഇത് ഇന്ത്യൻ രൂപയെ വീണ്ടും പരിക്കേൽപിക്കും. ഈവർഷാരംഭം മുതൽ രൂപയുടെ മൂല്യം കുറഞ്ഞ് വരുകയായിരുന്നു. ഈ വർഷം ഇതുവരെ 11 ശതമാനം ഇടിവാണ് രൂപക്കുണ്ടായത്. എന്നാൽ, ഇന്ത്യയുടെ വിദേശ കറൻസി നിക്ഷേപം ആവശ്യത്തിനുണ്ട്. അതിനാൽ വിദേശ കറൻസിയുടെ ഒരു കുറവും അനുഭവപ്പെടാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.