ആഗോള സാമ്പത്തികരംഗം പ്രതിസന്ധിയിൽ; അടുത്തയാഴ്ച ഓഹരി വിപണിയിൽ നിർണായകമാവുക ഇക്കാര്യങ്ങൾ
text_fieldsകൊച്ചി: ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ മുൻവാരം സൂചിപ്പിച്ച അതേ ലക്ഷ്യത്തിൽ സഞ്ചരിച്ച് നിക്ഷേപകർക്ക് നേട്ടത്തിന് വഴിതെളിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും സെൻസെക്‌സും നിഫ്‌റ്റിയും തിളങ്ങിയത് പ്രാദേശിക ഇടപാടുകാരെ വിപണിയിലേയ്‌ക്ക് ആകർഷിച്ചു. ബോംബെ സെൻസെക്‌സിന് കഴിഞ്ഞവാരം സൂചിപ്പിച്ച 53,400 ലെ പ്രതിരോധം തകർക്കാനായില്ല, 53,399 വരെ ഉയർന്ന സൂചിക പിന്നിട്ടവാരം 180 പോയിൻറ്റ് നേട്ടത്തിലാണ്. നിഫ്‌റ്റിക്ക് 15,900 റേഞ്ചിൽ തടസം അനുഭവപ്പെട്ടങ്കിലും 52 പോയിൻറ്റ് കഴിഞ്ഞവാരം മുന്നേറി.
ഡെറിവേറ്റീവ് മാർക്കറ്റിൽ ജൂൺ സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായുള്ള പിരിമുറുക്കത്തിലായിരുന്നു വാരത്തിന്റെ തുടക്കം മുതൽ വിപണി. പല അവസരത്തിലും ഓപ്പറേറ്റർമാർ കവറിങിന് കാണിച്ച തിടുക്കം ചാഞ്ചാട്ടത്തിന് ഇടയാക്കി. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വിൽപ്പനയ്‌ക്ക് പ്രകടിപ്പിച്ച ഉത്സാഹം വിട്ടുമാറിയില്ല. കഴിഞ്ഞവാരം അവർ 6836 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിറ്റു. അതേ സമയം തകർച്ചയെ തടയാൻ വാങ്ങലുകാരായി നിലകൊണ്ട ആഭ്യന്തര ഫണ്ടുകൾ മൊത്തം 5926 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതിനിടയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 2.734 ബില്യൺ ഡോളർ വർദ്ധിച്ച് 593.323 ബില്യൺ ഡോളറിൽ എത്തിയായി ആർ.ബി ഐ വ്യക്തമാക്കി.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് വീണ്ടും മൂല്യ തകർച്ചയുണ്ടായി. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 78.35 ൽ നിന്നും ചരിത്രത്തിലെ ഏറ്റവും മോശം നിലവാരമായ 79.11 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം 78.94 ലാണ്. സെൻസെക്‌സ് 52,727 ൽ നിന്നും 53,400 ലെ ആദ്യ പ്രതിരോധം തകർക്കാനുള്ള ശ്രമം 53,399 ൽ അവസാനിച്ചതോടെ പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാടിയ സുചിക വാരാന്ത്യം 52,907 പോയിന്റിലാണ് ക്ലോസിങ് നടന്നത്. ഈവാരം 53,500 ലും 54,100 പോയിൻറ്റിൽ പ്രതിരോധവും 52,200 ലും 51,495 ൽ താങ്ങുമുണ്ട്. ഈ ടാർജറ്റിൽ നിന്നും പുറത്തു കടന്നാൽ ഊഹക്കച്ചവടക്കാർ വീണ്ടും പിടിമുറുക്കാൻ ഇടയുണ്ട്.
നിഫ്‌റ്റി 15,699 ൽ നിന്നും 15,904 വരെ ഉയർന്ന ശേഷം വാരാന്ത്യം 15,752 പോയിൻറ്റിലാണ്. ഈവാരം 15,550 ലെ സ്‌പോർട്ട് നിലനിർത്തി 15,900 ലേയ്‌ക്ക് തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടിൽ 16,110 ലേയ്‌ക്ക് മുന്നേറാം.മുൻ നിര ഓഹരികളായ ഐ.ടി.സി, എം ആൻറ് എം, ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എസ്.ബി.ഐ, എച്ച്.ഡി.എഫ് സി, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി, ഡോ: റെഡീസ്, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. വിൽപ്പന സമ്മർദ്ദം മൂലം ആർ.ഐ.എൽ, ഐ.സി.ഐ.സി.ഐ, എച്ച്.യു.എൽ, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വിലകൾ താഴ്‌ന്നു.
ആഗോള വിപണിയിൽ ക്രൂഡ് വില ബാരലിന് 113 ഡോളറിൽ നിന്നും 121 വരെ ഉയർന്നതിനിടയിൽ വിൽപ്പനക്കാർ പിടിമുറുക്കിയതോടെ നിരക്ക് 107 ഡോളറിലേയ്‌ക്ക് തളർന്നങ്കിലും മാർക്കറ്റ് ക്ലോസിങിൽ 111 ഡോളറിലാണ്. സ്വർണ വിലയിലും ശക്തമായ തിരുത്തൽ ദൃശ്യമായി. ട്രോയ് ഔൺസിന് 1826 ഡോളറിൽ നിന്നും 1783 ലേയ്‌ക്ക് വെളളിയാഴ്‌ച്ച ഇടിഞ്ഞ ശേഷം 1812 ഡോളറിൽ ക്ലോസ് ചെയ്‌തു.
ആഗോള സാമ്പത്തിക മേഖലയിലെ ഞെരുക്കം ഇനിയും വിട്ടുമാറിയില്ല. വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് പല തവണ ഉയർത്തിയെങ്കിലും പ്രതിസന്‌ധി തുടരുകയാണ്. ഈ വാരം നടക്കുന്ന യു എസ് ഫെഡ് റിസർവ് യോഗ തീരുമാനങ്ങളെ കാത്ത് നിൽക്കുകയാണ് വിപണി. ഇതിനിടയിൽ ചൈനയുടെ പണപ്പെരുപ്പ കണക്കുകൾ അവർ അടുത്ത ദിവസം പുറത്തുവിടും. ജപ്പാൻ, കൊറിയൻ, ചൈനീസ്, ഹോങ്‌ങ്കോങ് വിപണികളെല്ലാം വാരാന്ത്യത്തിൽ നഷ്‌ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.