തുടർച്ചയായ രണ്ടാം വാരവും ഓഹരി വിപണിയിൽ തിരിച്ചടി
text_fieldsകൊച്ചി: ഓഹരി ഇൻഡക്‌സുകൾ രണ്ടാം വാരവും തകർന്നടിഞ്ഞു. ഫ്യൂച്ചേഴ്‌സിൽ മാർച്ച് സീരീസ് സെൻറ്റിൽമെൻറ്റ് പിരിമുറുക്കത്തിനിടയിൽ രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്നത് വീണ്ടും ലോക്ക് ഡൗണിന് ഇടയാക്കുമോയെന്ന ഭീതിവിപണിയെ ഒരുവേള മുൾ മുനയിൽ നിർത്തി.
ബോംബെ സെൻസെക്‌സ് 850 പോയിൻറ്റും നിഫ്‌റ്റി 236 പോയിൻറ്റും പ്രതിവാര തളർച്ചയിലാണ്. വാരത്തിന്‍റെ തുടക്കം മുതൽ ഇന്ത്യൻ മാർക്കറ്റ് വിൽപ്പനക്കാരുടെ പിടിയിലായിരുന്നു. പുതിയ നിക്ഷേപങ്ങളിൽ നിന്ന് അകന്ന് കൈവശമുള്ള ഓഹരികളിൽ ലാഭമെടുപ്പിന് ഒരു വിഭാഗം മത്സരിച്ചപ്പോൾ ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചു. ഇതിനിടയിൽ ഡെറിവേറ്റീവ് മാർക്കറ്റിൽ മാർച്ച് സെൻറ്റിൽമെൻറ്റ് ഇടപാടുകാരെ കൂടുതൽ പിരിമുറുക്കത്തിലാക്കി.
അതേ സമയം വൻ തകർച്ചയ്‌ക്ക് ശേഷം തിളക്കമാർന്ന പ്രകടനതോടെയാണ് ഏപ്രിൽ സീരീസിന് വെളളിയാഴ്‌ച്ച തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ വിപണിക്ക് പോസിറ്റീവ് ക്ലോസിങിന് അവസരം ലഭിച്ചത് മുന്നിലുള്ള ദിനങ്ങളിൽ പുതിയവാങ്ങലുകാരെ ആകർഷിക്കാം. മാർച്ചിൽ അവസാനിച്ച മൂന്ന് മാസകാലയളവിലെ പ്രവർത്തന റിപ്പോർട്ടുകളുമായികോർപ്പറേറ്റ് മേഖല രംഗത്ത് ഇറങ്ങുന്നതോടെ ഒരിക്കൽ കൂടി ബുൾ തരംഗം ഉടലെടുക്കാം.
എന്നാൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് സാമ്പത്തിക‐വ്യവസായിക മേഖലയെ പിടിച്ച് ഉലക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ഫാർമ്മസ്യൂട്ടിക്കൽ, മെറ്റൽ ഒഴികെ മറ്റ് എല്ലാ വിഭാഗം ഓഹരി സൂചികകൾക്കും തിരിച്ചടിനേരിട്ടു. പി.എസ്.യു, ഓട്ടോമൊബൈൽ, എനർജി സൂചികകൾ നാല് ശതമാനം കുറഞ്ഞു.
ബോംബെ സെൻസെക്‌സ് 49,858 ൽ നിന്ന് 50,265 വരെ തുടക്കത്തിൽ ഉയർന്നങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വിപണിയിലെ വിൽപ്പന സമ്മർദ്ദത്തിൽ 48,236 ലേയ്‌ക്ക് ഇടിഞ്ഞ സൂചിക വാരാവസാനം 49,008 പോയിൻറ്റിലാണ്. ഹോളി പ്രമാണിച്ച് തിങ്കളാഴ്‌ച്ച വിപണി അവധിയാണ്, ദു:ഖ വെളളി മൂലം വാരാന്ത്യത്തിലും അവധിവരുന്നതിനാൽ ഈവാരം ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങും.
ഈ വാരം സെൻസെക്‌സിന് 50,103 ൽ പ്രതിരോധവും 48,074 പോയിൻറ്റിൽ താങ്ങും പ്രതീക്ഷിക്കാം. സാങ്കേതികമായി തളർന്ന നിഫ്‌റ്റി മുൻവാരത്തിലെ 14,744 ൽ നിന്ന് തുടക്കത്തിൽ 14,878 ലേയ്‌ക്ക് കയറിയ സന്ദർഭത്തിൽ ഹെവിവെയിറ്റ് ഓഹരികൾ വിറ്റുമാറാൻ വിദേശ ഫണ്ടുകൾക്ക് ഒപ്പം പ്രാദേശിക ഓപ്പറേറ്റർമാരും ഉത്സാഹിച്ചു. ഇതോടെ ആടി ഉലഞ്ഞ എൻ.എസ്.ഇ സുചിക ഒരവസരത്തിൽ രണ്ട് മാസത്തിനിടയിലെ താഴ്‌ന്ന നിലവാരമായ 14,264വരെ വ്യാഴാഴ്‌ച്ച ഇടിഞ്ഞു. മാർച്ച് സെറ്റിൽമെൻറ് കഴിഞ്ഞതോടെ വാരാന്ത്യം വിപണിയിൽ വീണ്ടും ആവേശം ഉടലെടുത്തതോടെ നിഫ്‌റ്റി സൂചിക 14,507പോയിൻറ്റിലേയ്‌ക്ക് പ്രവേശിച്ചു.
എൻ.എസ്.ഇയിൽ മുൻ നിര ഓഹരിളായഡോ: റെഡീസ്, സിപ്ല, സൺ ഫാർമ്മ, ടാറ്റാ സ്‌റ്റീൽ, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, എച്ച്.യു എൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഇൻഫോസീസ്, വിപ്രോ, എച്ച്.സി.എൽ, എൽ ആൻറ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്. ബി.ഐ, എയർടെൽ തുടങ്ങിയവയ്‌ക്ക്‌തിരിച്ചടിനേരിട്ടു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ പിന്നിട്ടവാരം മൊത്തം 623 മില്യൺ ഡോളർ വില വരുന്ന ഓഹരികൾ വിറ്റു. വെള്ളിയാഴ്ച മാത്രം അവർ 6.6 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ പിൻവലിച്ചു. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ 222.7 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വാങ്ങി, നീണ്ട ഇടവേളക്ക്‌ശേഷമാണ്‌അവർ ഇത്ര കനത്ത വാങ്ങലുകൾക്ക്‌തയ്യാറാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.