സാമ്പത്തികമേഖലയിലെ മരവിപ്പ് തിരിച്ചടിയാവുമോയെന്ന ആശങ്കയിൽ ഓഹരി വിപണി
text_fieldsകൊച്ചി: ഓഹരി സൂചികകൾ മൂന്നാഴ്‌ച്ചകളിലെ തുടർച്ചയായ തിരിച്ചടികളിൽ നിന്നും അൽപ്പം ആശ്വാസം പകർന്ന് നേട്ടത്തിലേയ്‌ക്ക് ചുവടുവെച്ചത് നിക്ഷേപകരിൽ സമ്മർദ്ദം കുറച്ചു. മുൻ നിര ഇൻഡക്‌സുകൾ ഒരു ശതമാനത്തിൽ അധികം ഉയർന്നു, സെൻസെക്‌സ് 764 പോയിന്റും നിഫ്‌റ്റി 220 പോയിന്റും പിന്നിട്ടവാരം മികവ് കാണിച്ചു.
പൂജ അവധി മൂലം ബുധനാഴ്‌ച്ച വിപണി അവധിയായിരുന്നതിനാൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങി. വാരത്തിന്റെ ആദ്യ പകുതിയിൽ നിക്ഷേപത്തിന് താൽപര്യം കാണിച്ചു വിദേശ ഓപ്പറേറ്റർമാർ വാരാന്ത്യ ദിനം ശക്തമായ വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചു. അതേ സമയം പ്രദേശിക നിക്ഷേപകരുടെ നിറഞ്ഞ സാന്നിധ്യവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ വാങ്ങലുകളും വെള്ളിയാഴ്‌ച്ച ഇടപാടുകളുടെ അവസാന മണിക്കൂറുകൾ വരെ കരുത്ത് നിലനിർത്താൻ വിപണി കിണഞ്ഞു ശ്രമിച്ചെങ്കിലും ക്ലോസിങിൽ നഷ്‌ടത്തിലായിരുന്നു. ബാങ്കിങ്, ടെക്‌നോളജി വിഭാഗം ഓഹരികളിൽ വിദേശ ഓപ്പറേറ്റർമാർ വെളളിയാഴ്‌ച്ച ലാഭമെടുപ്പിന് ഉത്സാഹിച്ചു.
2215 കോടി രൂപയുടെ ഓഹരികളാണ് വാരാന്ത്യ ദിനത്തിൽ വിദേശ ഫണ്ടുകൾ വിറ്റത്. വാരത്തിന്റെ ആദ്യ പകുതിയിൽ അവർ 2251 കോടിയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ 1491 കോടിയുടെ നിക്ഷേപവും 467 കോടിയുടെ വിൽപ്പനയ്‌ക്കും തയ്യാറായി.
മുൻ നിര ഓഹരിയായ ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊടക്ക് മഹീന്ദ്ര ബാങ്ക്, എൽ ആൻറ് റ്റി, ഡോ: റെഡീസ്, സൺ ഫാർമ്മ, ഇൻഫോസീസ്, എച്ച്.സി.എൽ ടെക്, ടി.സി.എസ് ഓഹരി വിലകൾ ഉയർന്നു. എച്ച് യു എൽ, എം ആൻറ് എം, എയർടെൽ, മാരുതി, എസ്. ബി.ഐ ഓഹരികൾക്ക് തിരിച്ചടിനേരിട്ടു.
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 57,426 ൽ നിന്നും 56,744 ലേയ്‌ക്ക് താഴ്‌ന്ന അവസരത്തിലെ നിക്ഷേപ താൽപര്യം പിന്നീട് സൂചികയെ 58,527 ലേയ്‌ക്ക് ഉയർത്തി. വാരാന്ത്യം ഉയർന്ന റേഞ്ചിൽ ഉടലെടുത്ത പ്രോഫിറ്റ് ബുക്കിങ് ക്ലോസിങ് വേളയിൽ സെൻസെക്‌സിനെ 58,191 ലേയ്‌ക്ക് തളർത്തി. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ തിങ്കളാഴ്‌ച്ച ഇടിവോടെ മാർക്കറ്റ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഈവാരം 57,115 ലും 56,030 സെൻസെക്‌സിന് സപ്പോർട്ടുണ്ട്. അനുകൂല വാർത്തകൾക്ക് വിപണിയെ 58,899 വരെ ഉയർത്താനാവും, ഈ പ്രതിരോധം മറികടന്നാൽ 59,600 നെ സൂചിക ലക്ഷ്യമാക്കാം. അതേ സമയം സാമ്പത്തിക മേഖലയിലെ മരവിപ്പ് വിപണിയെ ആശങ്കയിലാക്കാൻ ഇടയുണ്ട്.
നിഫ്‌റ്റി 17,094 ൽ നിന്നും 16,876 ലേയ്‌ക്ക് ഒരവസരത്തിൽ തളർന്നങ്കിലും വാങ്ങലുകാരുടെ തിരിച്ചു വരവിൽ സൂചിക 17,400 റേഞ്ചിലേയ്‌ക്ക് ചുവടുവെച്ചു. വ്യാപാരം അവസാനിക്കുമ്പോൾ 17,314 പോയിന്റിൽ നിലകൊള്ളുന്ന നിഫ്‌റ്റിക്ക് ഓപ്പണിങ് ദിനത്തിൽ 16,990 ലെ നിർണായക സപ്പോർട്ട് നിലനിർത്താനായാൽ വാരത്തിൻറ രണ്ടാം പകുതിയിൽ സൂചിക 17,500 റേഞ്ചിലേയ്‌ക്ക് തിരിച്ചു വരവിന് ശ്രമിക്കാം.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് വീണ്ടും റെക്കോർഡ് മൂല്യ തകർച്ച. വാരാരംഭത്തിൽ 81.46 ൽ നീങ്ങിയ രൂപ പിന്നീട് 82.80 വരെ ദുർബലമായ ശേഷം 82.32 ലാണ്. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ രൂപ ദുർബലാവസ്ഥ നിലനിർത്തുന്നതിനാൽ 83 ലേയ്‌ക്ക് മൂല്യം ഇടിയാൻ സാധ്യത. കരുതൽ ധനം വിൽപ്പനയ്‌ക്ക ഇറക്കിയും പലിശ നിരക്കുകളിൽ അടിക്കടി ഭേദഗതികൾ വരുത്തിയും രൂപയെ താങ്ങ് നിർത്താൻ റിസർവ് ബാങ്ക് നീക്കങ്ങൾ നടത്തുന്നുണ്ടങ്കിലും ലക്ഷ്യം ഏറെ അകലെയാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വീണ്ടും മുന്നേറാനുള്ള സാധ്യത തെളിഞ്ഞു. എണ്ണ വില ബാരലിന് 82 ഡോളറിൽ നിന്നും 93 ഡോളറിലേയ്‌ക്ക് ഉയർന്നു. പ്രതിദിന ഉൽപാദനത്തിൽ രണ്ട് ദശലക്ഷം ബാരലിന്റെ കുറവ് വരുത്താനുള്ള ഒപ്പെക്ക് തീരുമാനം വിലയിൽ പ്രതിഫലിച്ചു. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം ഇറക്കുമതി ചിലവ് ഉയർത്തുന്നതിനൊപ്പം രൂപയുടെ മൂല്യത്തിലും വിള്ളലുളവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.