സ്വർണവില കുറയുമെന്ന പ്രവചനം തെറ്റി, വില കൂടി
text_fieldsകൊച്ചി: ശനിയാഴ്ച കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. ഇന്ന് സ്വർണം പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 52,680രൂപയും ഗ്രാമിന് 6,585 രൂപയുമായി. ആഗോള വിപണിയിൽ ട്രായ് ഔൺസിന് 2,305.30 ഡോളർ ആയി വർധിച്ചു. ശനിയാഴ്ച ഇത് 2293 ഡോളർ ആയിരുന്നു.
ചൈനയുടെ ഇടപെടൽ നിമിത്തം ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണ് ഈ പ്രതീക്ഷ നൽകിയത്. ഇതേ തുടർന്ന് അന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുദിവസവും ഈ വില തുടർന്നു.
ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് വാങ്ങൽ നിർത്തിയത്. ഈ തീരുമാനം പുറത്തുവന്നതോടെയാണ് സ്വർണവില 3.5% കുറഞ്ഞത്. അതോടൊപ്പം അമേരിക്കയിൽ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് മൂലം പണപെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദത്തെ ചെറിയതോതിൽ മറികടക്കാൻ കഴിഞ്ഞത് സ്വർണവില ഇടിയുന്നതിനുള്ള മറ്റൊരു കാരണമായി.
സ്വർണ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നതിലെ ആശങ്കയും ഇസ്രായേൽ ഹമാസ് സംഘർഷവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.