കുതിച്ചുകയറി സ്വർണവില; കാരണം ഇറാൻ-ഇസ്രായേൽ ആക്രമണഭീതി
text_fieldsകൊച്ചി: ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറുന്നു. പവന് 760 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 52,520 രൂപയായി പവൻ വില ഉയർന്നു. ഗ്രാമിന് 95രൂപ കൂടിയതോടെ 6565 രൂപയാണ് ഇന്നത്തെ വില.
ഇന്നലെയും സ്വർണത്തിന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു. യഥാക്രമം 51,760 രൂപയും 6,470 രൂപയുമായിരുന്നു ഇന്നലത്തെ വില. ജൂലൈ 17ന് 55,000 രൂപയായിരുന്നു സ്വർണത്തിന്. എന്നാൽ, 23ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില 50,400 ലേക്ക് കൂപ്പുകുത്തിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഏറ്റക്കുറച്ചിൽ ഉണ്ടായെങ്കിലും ഇറാൻ -ഇസ്രായേൽ ആക്രമണഭീതി ഉടലെടുത്തതോടെ അന്താരാഷ്ട്ര സ്വർണവില കുതിച്ചുയരുകയായിരുന്നു. ട്രായ് ഔൺസിന് 2,463 ഡോളർ വരെ എത്തി. ഫലസ്തീൻ മുൻപ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽവെച്ച് വധിച്ചതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ആഗോള തലത്തിൽ സ്വർണവില ഉയരാൻ ഇടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.