യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച് 4.50-4.75 ശതമാനത്തിലെത്തിച്ചു. പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യമായ 2 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണ് നിരക്ക് കുറക്കുന്നത്.
സെപ്റ്റംബറിൽ അരശതമാനം കുറച്ചിരുന്നു. തൊഴിൽ വിപണിക്ക് കരുത്തേകുക ലക്ഷ്യമിട്ട് കൂടിയാണ് പലിശനിരക്ക് കുറക്കുന്നതെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ അമേരിക്കയിൽ വായ്പ, നിക്ഷേപ പലിശ നിരക്ക് താഴും. ബാങ്ക് നിക്ഷേപങ്ങളുടെ ആകർഷണം കുറയുന്നത് ഓഹരി വിപണിയിലേക്ക് ഉൾപ്പെടെ പണമൊഴുക്കിന് കാരണമാകും.
പണപ്പെരുപ്പം നിയന്ത്രിക്കാനാണ് പലിശ ഘട്ടംഘട്ടമായി വർധിപ്പിച്ച് 5.25-5.50 ശതമാനത്തിലെത്തിച്ചത്. ഇതാണ് ഇപ്പോൾ പടിപടിയായി കുറച്ചുകൊണ്ടുവരുന്നത്. അതിനിടെ പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചയാകുന്നു. ട്രംപ് ആവശ്യപ്പെട്ടാലും താൻ രാജിവെക്കില്ലെന്ന് പവൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017ൽ ട്രംപ് പ്രസിഡന്റ് ആയിരിക്കെയാണ് പവലിന്റെ നിയമനം. 2026 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.