നിക്ഷേപ രംഗത്ത് തിരിഞ്ഞുനടക്കുമ്പോൾ
text_fieldsമുമ്പൊക്കെ ചില തറവാടുകൾ പൊളിച്ചാലും ചില പറമ്പുകൾ കിളച്ചാലും അപ്രതീക്ഷിതമായി ഉയർന്നുവരുന്ന ഒന്നുണ്ടായിരുന്നു, നിധികുംഭം. ഭാവിയെ പറ്റി കരുതലുള്ള കാരണവന്മാർ വരുംതലമുറക്കായി ഒളിപ്പിച്ചുവെക്കുന്ന സ്വർണശേഖരമാണ് ഇങ്ങനെ നിധികുംഭമായി ഉയർന്നുവന്നിരുന്നത്.
അപ്രതീക്ഷിതമായി നിധികുംഭം കിട്ടിയ പലരും കോടീശ്വരന്മാരായി മാറിയിട്ടുമുണ്ട്. പറഞ്ഞുവരുന്നത്, വളരെ മുമ്പേ മുതൽ മലയാളിയുടെ ശീലമാണ് ഭാവിയിലേക്കൊരു കരുതലായി സ്വർണം നീക്കിവെക്കുക എന്നത്. ലോകത്ത് ഏറ്റവും വലിയ നിധിശേഖരം കണ്ടെത്തിയിരിക്കുന്നതും ഒരുപക്ഷേ കേരളത്തിൽ ആയിരിക്കും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിെൻറ നിലവറയിൽ.
ഉപജീവനത്തിനായി മലയാളി വിദേശവാസം സ്വീകരിച്ചതോടെ നിക്ഷേപ സങ്കൽപവും മാറി. സ്വർണശേഖരം എന്നതിനപ്പുറം ബാങ്ക് ബാലൻസ് ആണ് ഉറപ്പുള്ള നിക്ഷേപം എന്നതായി ചിന്ത. ബാങ്കിൽ നിന്നുള്ള പലിശയായിരുന്നു മുഖ്യ ആകർഷണം. പലിശ വരുമാനത്തിെൻറ കാര്യത്തിൽ ആർത്തിമൂത്തതോടെ മലയാളികളിൽ വലിയൊരു വിഭാഗം നിക്ഷേപവുമായി ബ്ലേഡ് കമ്പനികളിലും എത്തി.
പിന്നീട് കണ്ടത് പ്രമുഖ ബ്ലേഡ് കമ്പനികൾ പപ്പടം പോലെ പൊടിയുന്നതും നിക്ഷേപകർ മാറത്തടിച്ചു കരയുന്നതുമാണ്. അതോടെ കൈയിൽ കാശുള്ളവർ പലരും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റി. അതാണ് ഉറപ്പുള്ള നിക്ഷേപം എന്ന പ്രചാരണവും വ്യാപകമായി. അങ്ങനെയാണ് ആട്-തേക്ക്-മാഞ്ചിയം കമ്പനികൾ മുതലെടുപ്പിന് ഇറങ്ങിയത്. കുറച്ചു ഭൂമി വാങ്ങിയിട്ടാൽ ഭാവിയിൽ പണത്തിന് ആവശ്യം വരുമ്പോൾ വിൽക്കാം എന്നായിരുന്നു മറ്റു ചിലരുടെ ധാരണ.
തൊണ്ണൂറുകളുടെ മധ്യത്തിൽ കേരളത്തിൽ പത്തിൽ ഏഴുപേരും റിയൽ എസ്റ്റേറ്റ് ബിസിനസുകാരായി മാറുകയും ചെയ്തു. പക്ഷേ, ഭൂമി വാങ്ങിയിട്ടപ്പോഴുണ്ടായിരുന്ന ആവേശമൊന്നും പിന്നീട് വിൽക്കാൻ നേരത്ത് ഉണ്ടായില്ല. അത്യാവശ്യ സമയത്ത് വസ്തു വിറ്റ് പണമാക്കി മാറ്റാം എന്ന പ്രതീക്ഷയും പാഴായി. ഇതോടെയാണ് കേരളം ഓഹരി വ്യാപാരത്തിലേക്ക് ചുവടുമാറ്റിയത്.
ഓഹരിയിലെ നിക്ഷേപം ഉപഗ്രഹവിക്ഷേപണം പോലെ ഭാഗ്യത്തിെൻറ കൈ പിടിച്ചുള്ള കളിയാെണന്ന വലിയ പാഠം പഠിക്കാതെയായിരുന്നു മിക്കവരുടെയും പരീക്ഷണങ്ങൾ. ഭാഗ്യമുണ്ടെങ്കിൽ ഉപഗ്രഹം ബഹിരാകാശത്ത് എത്തും, അല്ലെങ്കിൽ സമുദ്രത്തിെൻറ അടിത്തട്ടിലും. 'കരടി'കളും 'കാള'കളും ഓഹരിക്കമ്പോളത്തിൽ മാറിമാറി കളിച്ചപ്പോൾ ചിലപ്പോഴെല്ലാം ഓഹരി വില വാണം പോലെ കുതിച്ചുയർന്നു, മറ്റു ചിലപ്പോൾ കൂപ്പുകുത്തുകയും ചെയ്തു.
ഓഹരിവിപണിയിലെ അനിശ്ചിതത്വം സ്ഥിരം പരിപാടി ആയതോടെയാണ് നിക്ഷേപ രംഗത്ത് വീണ്ടും തിരിഞ്ഞുനടത്തം പ്രകടമായത്. അതാണ് ഇപ്പോൾ സ്വർണവിപണിയിൽ കാണുന്ന അപൂർവ പ്രതിഭാസത്തിന് കാരണവും.
സാധാരണക്കാരുടെ മനസ്സിലെ അളവുകോൽ വെച്ച് എങ്ങനെ കണക്ക്കൂട്ടി നോക്കിയാലും സ്വർണ വിപണിയിൽ ഇത്തരം വിലവർധനക്ക് സാധ്യതയുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ വിഭാഗമായ കർഷകരുടെയും ഇടത്തരക്കാരുടെയും കൈയിൽ പണമില്ല.
മാസങ്ങളായി വരുമാനം നിലച്ചിരിക്കുന്നു. കൈയിൽ പണമില്ലാത്തതിനാൽ ആഘോഷങ്ങളും ഇല്ല. വിവാഹങ്ങളും നിലച്ചിരിക്കുന്നു. ആളും കാറും ഭക്ഷണവും അടക്കി ഭരിച്ചിരുന്ന കല്യാണമണ്ഡപങ്ങൾ ഇപ്പോൾ വേനലവധിക്കാലത്തെ ഗവൺമെൻറ് സ്കൂൾ പോലെ ആരും തിരിഞ്ഞു നോക്കാനില്ലാതെ അടഞ്ഞു കിടപ്പാണ്.
പിന്നെ എങ്ങനെയാണ് സ്വർണത്തിന് വില ഉയരുന്നത് എന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട. ആഗോളതലത്തിൽതന്നെയുള്ള നിക്ഷേപകരുടെ തിരിഞ്ഞുനടപ്പാണ് ഇപ്പോൾ സ്വർണത്തിൽപ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.