അളവുതൂക്കത്തില്‍ തട്ടിപ്പ് വ്യാപകം: കണ്ണടച്ച് അധികൃതര്‍
text_fieldsഅടൂര്‍: അടൂര്‍ താലൂക്കില്‍ അളവുതൂക്കത്തില്‍ തട്ടിപ്പുനടത്തി സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു. ചന്തകളിലും ഹോട്ടല്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, സഹകരണ രംഗത്തെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തട്ടിപ്പു നടത്തുന്നവരുണ്ട്.
ഇത്തരം സ്ഥാപനങ്ങളില്‍ വിലയില്‍ ഏകീകരണവുമില്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്ന കടകള്‍ വിരളമാണ്. ഉണ്ടെങ്കില്‍തന്നെ ഇനം മാത്രമേ കാണൂ. വിലകാണില്ല. ബോർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാതെ വെച്ചിരിക്കുന്നവരുമുണ്ട്. അടൂരിലെ ഭക്ഷണശാലകളിലെല്ലാം തോന്നിയ വിലയാണ് ഈടാക്കുന്നത്. 10 രൂപക്ക് നിശ്ചിത അളവില്‍ നല്ല ചായയും വടയും കിട്ടുന്ന കടകളും അമിതവില ഈടാക്കിയതിനുശേഷം അതിന്മേല് ജി.എസ്.ടി ബില്‍ അടിച്ച് കബളിപ്പിക്കുന്ന ഹോട്ടലുകളും അടൂര്‍ നഗരത്തിലുണ്ട്. ഇവിടങ്ങളില്‍ ചായക്ക് സ്പെഷല്‍ എന്ന പേരുപറഞ്ഞ് 20 രൂപ വരെ ഈടാക്കും. വടയ്ക്ക് 12-15 രൂപയാണ് വില. ഇതിനു പുറമേയാണ് ജി.എസ്.ടി. ചന്തകളിലും വഴിയോരങ്ങളിലും കൈയില്‍ തൂക്കി ഭാരം നോക്കുന്ന നിരോധിത സ്പ്രിങ് ത്രാസും കട്ടിത്രാസും പലയിടങ്ങളിലും ഉപയോഗിക്കുന്നു.
കട്ടി ത്രാസ് കൈയില്‍ പൊക്കിയാണ് സാധനങ്ങള്‍ തൂക്കുന്നത്. ലീഗല്‍ മെട്രോളജി വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ത്രാസുകളാണ് അധികവും. ഇലക്ട്രിക് ത്രാസിലെ അളവുതൂക്കത്തിലും കൃത്രിമം കാട്ടി വന്‍ തട്ടിപ്പാണ് നടത്തുന്നത്.
ഭാരം തൂക്കുന്നതിനു മുമ്പ് ഡിജിറ്റല്‍ ഡിസ്പ്ലേ പൂജ്യത്തില്‍ സെറ്റ് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍, സാധനങ്ങള്‍ വെക്കാന്‍ ഉപയോഗിക്കുന്ന തട്ടിന്റെ തൂക്കമെന്ന പേരില്‍ 200ലേറെ ഗ്രാം കൂട്ടിവെച്ചതിനുശേഷമാണ് കിലോ കണക്കാക്കുന്നത്. ചില കടകളിലും മറ്റും സാധനങ്ങള്‍ എറിഞ്ഞിട്ടാണ് തൂക്കുന്നത്. അപ്പോള്‍ കൂടുതല്‍ ഭാരം ത്രാസില്‍ കാണിക്കും. പൊടുന്നനെ ഇവ മാറ്റി ഈ തൂക്കത്തിനു വില ഈടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അടൂരിലെ സഹകരണ മാര്‍ട്ടിലും അളവുതൂക്ക ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഉപഭോക്താക്കളുടെ അശ്രദ്ധയും അജ്ഞതയും മുതലെടുത്താണ് വ്യാപാരികള്‍ കള്ളക്കളികള്‍ നടത്തുന്നത്.
വാഹനങ്ങളിലും മറ്റും ഓഫറുകളുടെ ബോര്‍ഡുകള്‍വെച്ച് പച്ചക്കറികളും പഴങ്ങളും വില്പന നടത്തുന്ന ചിലര്‍ രണ്ടുതരത്തിലാണ് കബളിപ്പിക്കല്‍ നടത്തുന്നത്. ത്രാസില്‍ കൃത്രിമം കാട്ടിയും നല്ലതും മോശവുമായ സാധനങ്ങള്‍ കൂട്ടിക്കലര്‍ത്തിയും വില്പന നടത്തുന്നവരാണിവരെന്ന് ഉപഭോക്താക്കൾ പറയുന്നു. ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടികളെടുക്കാന്‍ വിമുഖത കാട്ടുന്നത് ഇത്തരം പ്രവണത തുടരാന്‍ കാരണമാകുന്നു. പ്രമുഖ കമ്പനികളുടെ ബിസ്കറ്റ് പോലുള്ള സ്നാക്സ് ഇനങ്ങളിലും നിശ്ചിത തൂക്കത്തില്‍ കുറവുള്ളതായി ഉപഭോക്താക്കള്‍ പറയുന്നു.
തൂക്കം കുറച്ചാണ് റീപാക്ക് ചെയ്യുന്ന പലചരക്കു സാധനങ്ങള്‍ വില്‍ക്കുന്നത്. ചാക്കുംപടി വരുന്ന സാധനങ്ങള്‍ ഇറക്കുമ്പോഴും മറ്റും ഇതിലെ ഭക്ഷ്യസാധനങ്ങള്‍ നഷ്ടപ്പെടാറുണ്ടെന്നും ഇതു മുതലാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ മേഖലയിള്ള ഒരു വ്യാപാരസ്ഥാപന ജീവനക്കാരന് 'മാധ്യമ'ത്തോടു പറഞ്ഞത്. മുദ്രയുടെ കാലാവധി കഴിഞ്ഞ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരും എല്‍.പി.ജി സിലിണ്ടര്‍ തൂക്കം ഉറപ്പാക്കി ഉപഭോക്താവിന് നല്‍കുന്നതിന് വിതരണക്കാര്‍ സൂക്ഷിക്കേണ്ട 10 ഗ്രാം കൃത്യതയുള്ള ത്രാസ് സൂക്ഷിക്കാത്ത സ്ഥാപനങ്ങളും താലൂക്കിലുണ്ട്.
ലീഗല്‍ മെട്രോളജി നിയമപ്രകാരം പാക്കറ്റുകളില്‍ ഉല്പന്നത്തിൻന്റെ പേര്, അളവ്, തൂക്കം, പരമാവധി വില്പനവില, പാക്ക് ചെയ്ത മാസവും വര്‍ഷവും പരമാവധി ഉപയോഗിക്കാവുന്ന കാലയളവ്, പാക്ക് ചെയ്തയാളിന്റെ പേരും വിലാസവും കണ്സ്യൂമര്കെയര് മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍, മിക്ക നിര്‍മാതാക്കളും വിതരണക്കാരും ഇത് പാലിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.