റെക്കോർഡ് കുതിപ്പ് നില നിർത്തുമോ വിപണി ?
text_fieldsകൊച്ചി: ബോംബെ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി അമ്പതിനായിരം പോയിന്‍റിലെത്തിയതിന്‍റെ ആവേശത്തിലാണെങ്കിലും ഉയർന്ന തലത്തിൽലാഭമെടുപ്പിന് പ്രാദേശിക നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും ഉത്സാഹിച്ചു. നിത്യേനെ റെക്കോർഡ് തിരുത്തിയ മുന്നേറിയ വിപണി പിന്നിട്ടവാരത്തിലും മികവിലായിരുന്നങ്കിലും പതിനൊന്ന് ആഴ്‌ച്ചകളിലെ കുതിപ്പ് പന്ത്രണ്ടാം വാരത്തിൽ ആവർത്തിക്കാൻ സെൻസെക്‌സിനായില്ല. ബി.എസ്.ഇ സൂചിക 156 പോയിൻറ്റും നിഫ്‌റ്റി 61 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്.
ആഴ്ചയുടെ തുടക്കം മുതൽ മികവിലായിരുന്നു ഇന്ത്യൻ ഓഹരി വിപണി. ബോംബെ സെൻസെക്‌സ് 49,034ൽ നിന്ന് കൂടുതൽ ഉയരങ്ങളിലേയ്‌ക്ക് നീങ്ങിയതിനൊപ്പം മുൻനിര ഓഹരികളിലെ വാങ്ങൽ താൽപര്യം ഫണ്ടുകളെയും ഇതര ഓപ്പറേറ്റർമാരെയും വിപണിയിലേയ്‌ക്ക് അടുപ്പിച്ചു. നിക്ഷേപകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്നു നിർണ്ണായക കടമ്പയായ 50,000 പോയിൻറ്റിലേയ്‌ക്ക് സെൻസെക്‌സ് ചുവടുവെച്ചു.
വ്യാഴാഴ്‌ച്ച ധനകാര്യസ്ഥാപനങ്ങളുടെ പിൻതുണയിൽ സൂചിക 50,184 പോയിൻറ് വരെ കയറി റെക്കോർഡ് സ്ഥാപിച്ചു. ഇതിനിടയിൽ സാങ്കേതികമായി അമിത അളവിലേയ്‌ക്ക് വിപണി ചൂടുപിടിച്ചത് കണ്ട് നിക്ഷേപകർ ലാഭമെടുപ്പിലേയ്‌ക്ക് ചുവടുമാറ്റിയത് വാരാന്ത്യ ദിനത്തിൽ സൂചികയിൽ വിള്ളലുളവാക്കി.ഇതോടെ സെൻസെക്‌സ് 48,805 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 48,878 പോയിൻറ്റിലാണ്.
പോയവാരത്തിലെ ശക്തമായ സാങ്കേതിക തിരുത്തൽ വിപണിയുടെ അടിയോഴുക്ക് കൂടുതൽ ബലപ്പെടുത്തും. താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് കാത്തിരിക്കുന്നർ രംഗത്ത് ഇറങ്ങുമെന്നത് വരും ദിനങ്ങളിൽ മികവിന് അവസരം ഒരുക്കാം. തിരുത്തൽ വിൽപ്പന സമ്മർദ്ദമായി മാറിയാലും വിദേശ ഓപ്പറേറ്റർമാർഇന്ത്യൻ മാർക്കറ്റിൽ പിടിമുറുക്കാം. യു എസ് ഡോളർ സൂചിക തളർച്ചയിൽ നീങ്ങുന്നതിൽ ഡോളർ പ്രവാഹം തുടരാം.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്, അതിന് മുമ്പായി പ്രീ ബജറ്റ് റാലിക്കുള്ള സാധ്യതകൾ നിലനിൽക്കുന്നു. ചെവാഴ്‌ച്ച റിപബ്ലളിക്ക് ദിനം പ്രമാണിച്ച് വിപണി അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. അങ്ങനെ നോക്കുമ്പോൾ വാരമദ്ധ്യം വിപണിയുടെ ദിശയിൽ മാത്രം പ്രതീക്ഷിക്കാം. തളർച്ചയിൽ നിന്ന് ഉയരങ്ങളിലേയ്‌ക്ക് ചുവടുവെക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് തെരഞ്ഞടുത്ത ഓഹരികളിൽ ഓപ്പറേറ്റർമാർ പിടിമുറുക്കാനും ഇടയുണ്ട്.
ഈ വാരം സെൻസെക്‌സ് 48,394 ലെ സപ്പോർട്ട് നിലനിർത്തി കൊണ്ട് 49,773‐50,668 ലേയ്‌ക്ക് ചുവടുവെക്കാനാവും ആദ്യ ശ്രമം. ഈ നീക്കം വിജയിക്കാതെ വന്നാൽ ആദ്യ സപ്പോർട്ട് തകർത്ത് 47,910‐46,531 പോയിൻറ്റിലേയ്‌ക്ക് പരീക്ഷണങ്ങൾ തുടരാം. ഡെയ്‌ലി ചാർട്ടിൽ സെൻസെക്‌സ് ബുള്ളിഷ് മൂഡിലാണ്.
നിഫ്‌റ്റിയിലും പിന്നിട്ടവാരം റെക്കോർഡ് പ്രകടനം ദൃശ്യമായി. എൻ.എസ്.ഇ 14,433 ൽ നിന്ന് 14,667 ലെ പ്രതിരോധം തകർത്ത് 14,753 വരെ ഉയർന്നു. പിന്നീട് അനുഭവപ്പെട്ട തളർച്ചയിൽ സൂചിക 14,350 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 14,371 പോയിൻറ്റിലാണ്. ഈ വാരം 14,088‐14,894 റേഞ്ചിൽ സൂചിക സഞ്ചരിക്കാം.
ആർ.ഐ.എൽ 4094 രൂപയിലും, എച്ച്. യു.എൽ 2408, ടി.സി.എസ് 3303, ബജാജ് ഫിനാൻസ് 4967, ടൈറ്റൻ 1490, എൽ ആൻഡ് ടി 1363, ഏഷ്യൻ പെയിൻറ്‌സ് 2600, മാരുതി സുസുക്കി 8045 രൂപയിലുമാണ് വാരാന്ത്യം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 52 ഡോളറിൽ നിന്ന് 53.60 വരെ ഉയർന്ന ശേഷം വാരാന്ത്യം 51.60 ഡോളർ വരെ താഴ്‌ന്ന് ഇടപാടുകൾ നടന്നു.
ആഗോള സ്വർണ വിലയിലും ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. 1830 ഡോളറിൽ നിന്ന് ട്രോയ് ഔൺസിന് 1874 ഡോളർ വരെ ഉയർന്നഘട്ടത്തിൽ വിൽപ്പന സമ്മർദ്ദത്തിൽ മാർക്കറ്റ് അകപ്പെട്ടു. ഈ അവസരത്തിൽ 1802 ഡോളർ വരെ ഇടിഞ്ഞ മഞ്ഞാലോഹം ക്ലോസിങിൽ 1854 ഡോളറിലാണ്. ഈവാരം 1869 ഡോളറിലെ പ്രതിരോധം മറികടക്കാനായില്ലെങ്കിൽ സ്വർണം 1764 ഡോളറിലേയ്‌ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.