53 ശതമാനം നേട്ടത്തോടെ ഒാഹരി വിപണിയിൽ സൊമാറ്റോയുടെ അരങ്ങേറ്റം
text_fieldsന്യൂഡൽഹി: ഓഹരി വിപണിയിലെ അരങ്ങേറ്റം ഗംഭീരമാക്കി പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ആദ്യ ദിനം വ്യാപാരികൾക്ക് ലഭിച്ചത് ഇരട്ടി നേട്ടം. വെള്ളിയാഴ്ച ദേശീയ ഓഹരി വിപണിയിൽ (എൻ.എസ്.ഇ) ലിസ്റ്റ് ചെയ്ത ഉടനെ സൊമാറ്റോയുടെ ഓഹരി വില 52.63 ശതമാനം കുതിച്ച് 116 രൂപ നിരക്കിലായിരുന്നു വ്യാപാരം. 115 രൂപ നിരക്കിലാണ് മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ (ബി.എസ്.ഇ) വിൽപന നടന്നത്.
ഐ.പി.ഒ (പ്രാരംഭ ഓഹരി വിൽപന) വിലയേക്കാൾ 51.32 ശതമാനം വില വർധന ബി.എസ്.ഇയിൽ നേടാനായി. ആദ്യ ദിനം തന്നെ ഓഹരി വില കുതിച്ചുയർന്നതോടെ സൊമാറ്റോയുടെ വിപണി മൂലധനം ലക്ഷം കോടി കവിഞ്ഞു. അതോടൊപ്പം ഓഹരി വിപണിയിൽ ലക്ഷം കോടി വിപണി മൂലധനമുള്ള 100 പ്രമുഖ കമ്പനികളുടെ പട്ടികയിലും സൊമാറ്റോ ഇടംപിടിച്ചു.
ഇന്ത്യയിലെ ഫുഡ് ഡെലിവറി വിഭാഗത്തിലെ ആദ്യ ലിസ്റ്റിങ് ആയിരുന്നു സൊമാറ്റോയുടേത്. വിപണി പ്രവേശനത്തിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് സൊമാറ്റോ 9,375 കോടി രൂപയുടെ ഐ.പി.ഒ നടത്തിയത്. ഇതിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
െഎ.ഐ.ടി ഡൽഹിയിലെ പൂർവ വിദ്യാർഥികളായ ദീപീന്ദർ ഗോയലും പങ്കജ് ചദ്ദയും ചേർന്ന് 2008 ൽ ആണ് ഉപഭോക്താക്കളേയും റസ്റ്റാറൻറ് പങ്കാളികളേയും ബന്ധിപ്പിച്ചു കൊണ്ട് 'ഫുഡിബേ' എന്ന പേരിൽ ഭക്ഷണ വിതരണ വെബ്സൈറ്റ് ആരംഭിക്കുന്നത്. ചെറിയ മുതൽമുടക്കിൽ ആരംഭിച്ച സ്ഥാപനത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ 2010ൽ ആണ് സൊമാറ്റോ എന്ന പേര് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.