ലയന പരാജയം: സീ ഗ്രൂപ്പും സോണിയും തമ്മിലുള്ള കേസുകൾ ഒത്തുതീർന്നു
text_fieldsന്യൂഡൽഹി: 88,000 കോടി രൂപയുടെ ലയന നീക്കം പരാജയപ്പെട്ടതിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസും സോണി പിക്ചേഴ്സ് നെറ്റ്‍വർക്സ് ഇന്ത്യയും പരസ്പരം നൽകിയ കേസുകൾ ഒത്തുതീർന്നു. സിംഗപ്പൂർ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിലും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും (എൻ.സി.എൽ.ടി) ഇരുകൂട്ടരും നൽകിയ കേസുകൾ പിൻവലിക്കും.
ആറു മാസത്തോളം നീണ്ട തർക്കത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. 2021 ഡിസംബറിൽ ഒപ്പുവെച്ച ലയന കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സീ പരാജയപ്പെട്ടുവെന്നാരോപിച്ച് സോണിയാണ് ആദ്യം കരാറിൽനിന്ന് പിന്മാറിയത്. തുടർന്ന്, 749 കോടി രൂപയോളം നഷ്ടപരിഹാരമാവശ്യപ്പെട്ട് സിംഗപ്പൂർ ആർബിട്രേഷൻ സെന്ററിനെ സമീപിക്കുകയായിരുന്നു. എന്നാൽ, ആർബിട്രേഷൻ സെന്ററിൽ സീ ഇത് ചോദ്യം ചെയ്തു. പിന്നാലെ, കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സീ ഗ്രൂപ് എൻ.സി.എൽ.ടിയെ സമീപിച്ചു. വൈകാതെ ഹരജി പിൻവലിച്ച സീ ഗ്രൂപ്പും കരാർ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.
സോണി ആവശ്യപ്പെട്ട അതേ തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന്, ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ സ്വന്തം നിലയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും കേസുകൾ പിൻവലിക്കാനും ധാരണയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.