ഗവ. സെക്യൂരിറ്റീസ് മാർക്കറ്റിൽ ചെറുകിട നിക്ഷേപകർ; ആർ.ബി.ഐയുടെ രണ്ട് പദ്ധതികൾ മോദി അവതരിപ്പിച്ചു
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളായ റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് ഇന്‍റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ പങ്കെടുത്തു.
ഇവ രാജ്യെത്ത നിക്ഷേപത്തിന്‍റെ വ്യാപ്തി വിപുലീകരിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ മൂലധന വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റീട്ടെയിൽ ഡയറക്ട് സ്കീം രാജ്യത്തെ ചെറുകിട നിക്ഷേപകർക്ക് ഗവൺമെന്‍റ് സെക്യൂരിറ്റികളിൽ ലളിതവും സുരക്ഷിതവുമായ നിക്ഷേപ മാധ്യമം നൽകി. അതുപോലെ 'ഒരു രാജ്യം ഒരു ഓംബുഡ്സ്മാൻ' സംവിധാനം ബാങ്കിങ് മേഖലയിൽ രൂപപ്പെട്ടുവെന്നും മോദി പറഞ്ഞു.
ചെറുകിട നിക്ഷേപകർക്ക് ഗവൺമെന്‍റ് സെക്യൂരിറ്റീസ് മാർക്കറ്റിലേക്കുള്ള പ്രവേശനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആർ.ബി.ഐ റീട്ടെയിൽ ഡയറക്ട് സ്കീം. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും നൽകുന്ന സെക്യൂരിറ്റികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിന് ഇതിലൂടെ അവസരമൊരുക്കും. നിക്ഷേപകർക്ക് തങ്ങളുടെ ഗവൺമെന്‍റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആർ.ബി.ഐയിൽ എളുപ്പത്തിൽ തുറക്കാനും പരിപാലിക്കാനുമാകും.
ആർ.ബി.ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് പരാതി പരിഹാരം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് റിസർവ് ബാങ്ക് ഇന്‍റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം.
ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താൻ ഒരു പോർട്ടലും ഒരു ഇമെയിലും ഒരു വിലാസവുമുള്ള 'ഒരു രാജ്യം ഒരു ഓംബുഡ്സ്മാൻ' എന്നതിനെ അടിസ്ഥാനമാക്കിയാണ് പദ്ധതി. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും രേഖകൾ സമർപ്പിക്കാനും പരാതിയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് അറിയിക്കാനും ഒറ്റ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ പരാതികൾ പരിഹരിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും സഹായത്തിനുമായി ഒരു ബഹുഭാഷാ ടോൾ ഫ്രീ നമ്പറും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.