പ്രവാസി ചിട്ടി: സുരക്ഷിത സമ്പാദ്യം, ഒപ്പം വികസനത്തിൽ പങ്കാളിത്തവും
text_fieldsപ്രവാസികൾക്ക് സുരക്ഷിത സമ്പാദ്യത്തിനുള്ള അവസരം, ഒപ്പം നാടിെൻറ വികസനത്തിൽ പങ്കാളിത്തവും ^അതാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആവിഷ്കരിച്ച സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എന്ന കെ.എസ്.എഫ്.ഇ വഴി നടപ്പാക്കുന്ന ഇൗ സമ്പാദ്യ പദ്ധതി പതിവ് ചിട്ടികളുടെ നേട്ടങ്ങൾക്ക് പുറമേ എൽ.ഐ.സി.യുടെ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാസഹായവുംകൂടിയാണ് നിക്ഷേപകന് ലഭ്യമാക്കുന്നത്. പൂർണമായും ഡിജിറ്റലായി ലോകത്തിെൻറ എതുഭാഗത്തുനിന്നും പങ്കാളിയാവാം എന്നതും പ്രത്യേകതയാണ്.
2017–18ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി തോമസ് ഐസക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി കിഫ്ബി ബോണ്ടുകളിൽ തുക നിക്ഷേപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന പണത്തിെൻറ നീക്കിയിരിപ്പ് (ബാങ്കിങ് ഭാഷയിൽ പറഞ്ഞാൽ േഫ്ലാട്ട്) തുകയാണ് കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി ഉപയോഗിക്കുക. പ്രവാസി ചിട്ടിയുടെ ദൈനംദിന നീക്കിയിരിപ്പ് കെ.എസ്.എഫ്.ഇ കിഫ്ബിയുടെ ബോണ്ടുകളിൽ കരുതലാക്കും. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക. ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും.
18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തുലക്ഷം രൂപ വരെ ഒന്നോ അതിലധിക മോ ചിട്ടികളായി അംഗത്വമെടുക്കാം. ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് സൗകര്യങ്ങളുപയോഗിച്ച് വിദേശത്തുനിന്ന് പണമടക്കാം. ഓൺലൈനിലൂടെ ചിട്ടിലേലത്തിലും പങ്കെടുക്കാം. ലേലത്തുക ഓൺലൈനിലൂടെ ലഭിക്കുകയും ചെയ്യും. ലേലത്തുകക്ക് ഈടുനൽകുന്നതു സംബന്ധിച്ച നടപടിക്രമങ്ങളും ഓൺലൈനിൽ ചെയ്യാം. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ എല്ലാ ചിട്ടി ഇടപാടുകളും നടത്താം.
എല്ലാ ദിവസവും 24 മണിക്കൂർ കോൾസെൻറർ സംവിധാനത്തിനുപുറമേ ലോകത്തിലെ ഏതു കോണിൽ നിന്നും ചിട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓൺലൈനിലൂടെയും അറിയാനാവും. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിക്ക് കെ. എസ്.എഫ്.ഇയുടെ ഏതു ശാഖയിലും ബാങ്ക് ചെക്ക് മുഖാന്തരവും ചിട്ടിപണം അടയ്ക്കാനാവും. പക്ഷേ, വിദേശത്തുനിന്നോ, നാട്ടിലോ പ്രവാസിചിട്ടി ഇടപാടുകൾ കാഷായി (നോട്ടിടപാട്) നടത്താനാവില്ല. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവർക്ക് പ്രവാസി ചിട്ടിയിൽ അംഗമായി തുടരാം. ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തവർക്ക് അതുവരെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാല് വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. അപകടമരണം, തൊഴിലെടുക്കാനാവാത്തവിധത്തിലുള്ള അംഗഭംഗം എന്നിവ സംഭവിക്കുന്ന അവസരങ്ങളിൽ എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും. ചിട്ടിയിൽ അടയ്ക്കാനുള്ള ബാക്കി തുക കെ.എസ്.എഫ്.ഇ തന്നെ അടക്കുകയും ചെയ്യും. പ്രവാസി ചിട്ടി നടത്താൻ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം പ്രകാരം കെ.എസ്.എഫ്.ഇക്ക് 2015 മാർച്ച് രണ്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇടപാടുകൾ എൻ.ആർ.ഐ ബാങ്ക് അക്കൗണ്ടുകൾ ഒഴിച്ചുള്ള ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ നടത്താനാകൂ.
(ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ മുൻ ലോ ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.