സൈതാലിയുടെ വിജയയാത്ര
text_fieldsഅര നൂറ്റാണ്ട് മുമ്പ് ആ കപ്പൽ ദുബൈ തുറമുഖത്ത് യാത്ര അവസാനിപ്പിച്ചെങ്കിലും ഇന്ത്യയിലും യു.എ.ഇയിലും പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനിലേക്കുള്ള ഒരു മലയാളി സംരംഭകന്റെ വിജയയാത്ര അവിടെ തുടങ്ങുകയായിരുന്നു. മലപ്പുറം വളാഞ്ചേരിക്കാരൻ സൈതാലി മറ്റേതൊരു മലയാളിയേയും പോലെ തന്നെയാണ് പ്രവാസത്തിലേക്ക് വഴുതി വീഴുന്നത്.
പത്താം ക്ലാസിന് ശേഷം അറബിക്കോളജിൽ പഠിക്കുന്ന കാലം. വീട്ടിലെ പ്രാരാബ്ധങ്ങളുടെ വെള്ളിടികൾ ഹൃദയത്തിൽ തട്ടിയപ്പോഴാണ് കൂടപ്പിറപ്പുകൾക്ക് പുതു ജീവിതം പകരാൻ പ്രവാസത്തിന്റെ നൊമ്പരക്കാറ്റിനെ ചേർത്തുപിടിക്കാൻ ആ ചെറുപ്പക്കാരനും തീരുമാനിച്ചത്.
അടുത്ത സുഹൃത്ത് റാസൽഖൈമയിൽ സംഘടിപ്പിച്ചു നൽകിയ വിസയിലായിരുന്നു മുംബൈയിൽ നിന്നുള്ള ആ കപ്പൽ യാത്ര. ദിവസങ്ങൾക്ക് ശേഷം 1974 മാർച്ച് 31ന് എം.എസ് അക്ബർ എന്ന കപ്പൽ ദുബൈ തുറമുഖത്ത് നങ്കൂരമിടുമ്പോൾ പ്രതീക്ഷകൾ നിറഞ്ഞ മണൽക്കാറ്റുകൾ ആഞ്ഞുവീശുന്നുണ്ടായിരുന്നു.
ദുബൈയിൽനിന്ന് അബൂദബിയിലേക്കായിരുന്നു നേരെ ചെന്നെത്തിയത്. സുഹൃത്തിന്റെ സ്നേഹവായ്പിൽ അവിടെ ഒരിടം ലഭിച്ചു. യു.എ.ഇ വികസനത്തിലേക്ക് പിച്ചവെക്കുന്ന കാലം കൂടിയായിരുന്നു അത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് അബൂദബിയിലെ അൽ ലുത്മാൻ ട്രേഡ്സ്മാൻ കമ്പനിയിൽ ഇലക്ട്രിക്കൽ ഹെൽപറായി ജോലിക്ക് കയറുന്നത്. 11 വർഷത്തോളം ആ കമ്പനിയിൽ ജീവിതം പകുത്തു നൽകി.
ഇതിനിടയിൽ ചൈന മുതൽ ജോർദാൻ വരെ നീളുന്ന ദീർഘമായ യാത്രകൾ. ജീവിതത്തിന്റെ പുതു വഴികൾ തേടാനുള്ള നിയോഗമായിരുന്നു ആ യാത്രകൾ എന്ന് സൈതാലി ഓർക്കുന്നു. ഉള്ളിൽ അടക്കിവെച്ച സംരംഭകന്റെ ചിന്തകൾ മുളപൊട്ടിയതും ഈ യാത്രകൾക്കിടയിലായിരുന്നു.
ജോർദാനിലെ ജീവിതത്തിന് വിരാമമിട്ടാണ് ഇലക്ട്രിക്കൽ മേഖലയിലെ ഒരു വ്യാഴവട്ടക്കാലത്തെ അറിവുകളുടെ പിൻബലത്തിൽ 1984ൽ യു.എ.ഇയിൽ അൽ ബസ്റ ഇലക്ട്രിക്കൽ ആൻഡ് സാനിറ്റഡി ട്രേഡിങ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. നേരും നെറിയും മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ മൂലധനം.
ആരേയും പറ്റിക്കില്ലെന്ന നിശ്ചയദാർഢ്യവും. ബ്രിട്ടീഷ് കമ്പനിയായ ഡീകോ എമിറേറ്റ്സുമായുള്ള ബന്ധമാണ് സൈതാലിയുടെ സംരംഭക ജീവിതത്തിൽ വഴിത്തിരിവായത്. അൽ ബസ്റ ഇലക്ട്രിക്കലിന്റെ പ്രധാന ഉപഭോക്താവായിരുന്നു ഡികോ എമിറേറ്റ്സ്. അന്ന് യു.എ.ഇയിലെ ഏറ്റവും പ്രമുഖ ഇന്റീരിയർ കമ്പനിയായിരുന്നു ഡീകോ. ആ സംരംഭം അതിവേഗത്തിൽ വിജയം കണ്ടതോടെ 1991ൽ അബൂദബിയിൽ അൽ സമ്റ ഇലക്ട്രിക്കൽ എന്ന സംരംഭം തുടങ്ങി.
പിന്നീട് ദുബൈ, ഫുജൈറ, റാസൽഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെല്ലാം പുതിയ ശാഖകൾ വ്യാപിപ്പിച്ചു. അതിനിടെ തന്റെ വിജയ യാത്രയിൽ തനിക്കൊപ്പം നിന്നവരെ മുറുകെ പിടിക്കാനും അദ്ദേഹം മറന്നില്ല. അഞ്ചു സഹോദരിമാർക്കും തണൽ വിരിച്ചു. രണ്ട് സഹോദരങ്ങൾക്കും സ്വന്തമായ മേൽവിലാസമുണ്ടാക്കി. ഇതിനിടെ യു.എ.ഇയിലെ വിജയ യാത്രകൾ നാട്ടിലേക്കും വ്യാപിപ്പിച്ചു.
സിൽവാൻ ഗ്രൂപ്പ് എന്ന പേരിലാണ് നാട്ടിലെ സംരംഭങ്ങൾ. അസർവ സെറാമിക് എന്ന പേരിൽ ഗുജറാത്തിൽ സെറാമിക് ഫാക്ടറിയും സ്ഥാപിച്ചു. ഇത് കൂടാതെ ബേബി വിറ്റ എന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കി പുതിയ കമ്പനിയായി മാറ്റാനുള്ള തയ്യാറെടുപ്പിലാണിദ്ദേഹം.
മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണ് പദ്ധതി. സർവ പിന്തുണയുമായി മക്കളും കൂടെയുണ്ട്. മൂത്ത മകൻ സുഹൈബ് എം.ബി.എ പൂർത്തിയാക്കി ബിസിനസിന്റെ ഒരു ഭാഗത്തിന് മേൽനോട്ടം വഹിക്കുമ്പോൾ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് കഴിഞ്ഞ രണ്ടാമത്തെ മകൻ സബീറും സഹായത്തിനായുണ്ട്. പെൺമക്കളായ സുഹൈലയും അസ്മയും എൻജിനീയറിങ് പൂർത്തിയാക്കിയവരാണ് .
യു.എ.ഇ കൂടാതെ സൗദി, ഒമാൻ എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിദ്ദേഹം. ഇതിനിടെ ഇടം കൈ അറിയാതെ വലതു കൈ പാവങ്ങൾക്ക് തണലാകുന്നുമുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുറം ലോകം അറിയാത്ത പങ്കാളിയാണ് സൈതാലി.
പലിശ നൽകി ബാങ്കിൽ നിന്ന് കടമെടുത്ത് ബിസിനസ് തുടങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് പുതു തലമുറയോട് നൽകാനുള്ള സ്നേഹോപദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.