കൂട്ട വിൽപന, കോവിഡ് കാലത്തെക്കാൾ മാരകം
text_fieldsവിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപന തുടരുന്നത് ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ 2020 മാർച്ചിൽ 65000 കോടിയുടെ വിൽപനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയതെങ്കിൽ ഈ മാസം 18ാം തീയതി ആകുമ്പോഴേക്ക് 80,000 കോടി കവിഞ്ഞു. അന്നത്തെപോലെ വൻ തകർച്ചയിലേക്ക് നീങ്ങാത്തത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും പിന്തുണയിലാണ്. രണ്ട് ലക്ഷം കോടിയോളം നീക്കിയിരിപ്പുമായി കാത്തിരിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ വിപണിയിലേക്ക് പണമൊഴുക്കിയില്ലായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. രണ്ടാഴ്ച കൂടി വിദേശനിക്ഷേപ സ്ഥാപനങ്ങൾ വിൽപന മൂഡിലാകുമെന്നാണ് വിലയിരുത്തൽ. അവർ തിരിച്ചുവരുന്നതോടെ ശക്തമായ കുതിപ്പ് പ്രതീക്ഷിക്കാം. മിഡ് കാപ്, സ്മാൾ കാപ് ഓഹരികൾ വാങ്ങി സൂക്ഷിച്ച സാധാരണ നിക്ഷേപകരുടെ പോർട്ട്ഫോളിയോ ഇപ്പോൾ കാര്യമായ നഷ്ടത്തിലായിരിക്കും. കമ്പനിയുടെ അടിത്തറ ശക്തമാണെങ്കിൽ, ഭാവി ശോഭനമാണെന്ന് ഉറപ്പുണ്ടെങ്കിൽ ഭയക്കേണ്ട കാര്യമില്ല.
പാദഫലങ്ങൾ ശ്രദ്ധിക്കണം. ഇന്ത്യയിലെ പല മുൻനിര കമ്പനികളുടെയും രണ്ടാം പാദഫലം പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. അതേസമയം, നല്ല ലാഭമുണ്ടാക്കിയ കമ്പനികളുമുണ്ട്. നല്ല ഫലം പുറത്തുവിടുന്ന കമ്പനികളെ അടുത്ത മൂന്നുമാസത്തേക്ക് നിരീക്ഷണ പട്ടികയിൽ സൂക്ഷിക്കാം. നല്ല കമ്പനികളാണെങ്കിലും അമിതവിലയിൽ വാങ്ങിയാൽ ലാഭമുണ്ടാക്കാൻ കഴിയില്ല. മൂല്യവും മാനേജ്മെന്റ് ഗൈഡൻസും കൂടി പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.