ബിറ്റ് േകായിൻ കുതിച്ചുയരുന്നു; വിലയും വിവാദവും
text_fieldsഅന്താരാഷ്ട്രതലത്തിൽ നിക്ഷേപകർക്കിടയിൽ തർക്കം മുറുകുകയാണ്; വിശ്വസിക്കാമോ ബിറ്റ് കോയിനെ എന്ന കാര്യത്തിൽ? ക്രിപ്റ്റോ കറൻസിയായ ‘ബിറ്റ്കോയി’െൻറ വിലയിലെ കുതിച്ചുചാട്ടമാണ് തർക്കത്തിന് കാരണം. വിലവർധന സംബന്ധിച്ച സകല സങ്കൽപങ്ങളെയും തകിടം മറിച്ചാണ് ബിറ്റ് േകായിൻ കുതിക്കുന്നത്. ഒരുവർഷത്തിനിടെ 20 മടങ്ങോളമാണ് വില കുതിച്ചത്. ഡോളർ കണക്കിൽ പറഞ്ഞാൽ, 15500 ഡോളറിലധികമായും രൂപയിൽ കണക്കാക്കിയാൽ 9.75 ലക്ഷമായും വില ഉയർന്നുകഴിഞ്ഞു. ഇത് നല്ലൊരു നിക്ഷേപ അവസരമാണെന്ന് ഒരുവിഭാഗം വാദിക്കുേമ്പാൾ, ചൂതാട്ടം മാത്രമാണെന്നും കണ്ടറിയാമെന്നുമാണ് മറുവിഭാഗം ആരോപിക്കുന്നത്.
ബിറ്റ് കോയിൻ
2008 ആഗസ്റ്റ് 18ന് സതോഷി നകാമോേട്ടാ എന്നയാൾ bitcoin.org എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതോടെയാണ് ആദ്യ ചുവടുവെപ്പ്. പിന്നീട് ‘പിയർ ടു പിയർ ഇലക്ട്രോണിക് കാഷ് സിസ്റ്റം’ എന്ന വിഷയം ഒാൺലൈൻ ചർച്ചകൾക്കായി സമർപ്പിച്ചു. ഇതിെൻറ ചുവടുപിടിച്ച് 2009ലാണ് ബിറ്റ്കോയിൻ രൂപപ്പെടുന്നത്. ബ്ലോ ക്ചെയിൻ സംവിധാനത്തോടെ ആ വർഷംതന്നെ ബിറ്റ്കോയിൻ പൊതുജനത്തിന് ലഭ്യമാകുംവിധം രൂപപ്പെടുത്തി.
ബ്ലോക്ക് ചെയിൻ ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നത് വഴിയാണ് ബിറ്റ്കോയിൻ ഖനനംചെയ്ത് എടുക്കാൻ (മൈനിങ്) കഴിയുക. ഗണിതപ്രശ്നങ്ങൾ സങ്കീർണമാകുന്നതോടെ ‘മൈനിങ്ങി’െൻറ വേഗം കുറയും. ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം നൽകി മൈനിങ് നടത്തി സമ്പാദിച്ച പതിനായിരം ബിറ്റ്കോയിൻ രണ്ട് പിസക്ക് കൈമാറിയതാണ് ആദ്യത്തെ ഇടപാടെന്നാണ്സൂചന.
അന്ന് പിസക്ക് പകരമായി ബിറ്റ്കോയിൻ കൈപ്പറ്റിയയാൾ ഇന്നും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കിൽ അയാൾ 100 മില്യൺ ഡോളറിെൻറ ഉടമയായിട്ടുണ്ടാകും. മൂല്യം 2013ൽ ആയിരം ഡോളർ എന്ന നിലയിലേക്ക് ഉയരുകയും അതേവർഷംതന്നെ 300 ഡോളറായി കൂപ്പുകുത്തുകയും ചെയ്തിരുന്നു.
സാേങ്കതിക മുന്നേറ്റം കാണാതിരിക്കരുതെന്ന് അനുകൂലികൾ
ബിറ്റ്കോയിെൻറ മുന്നേറ്റം നിക്ഷേപരംഗത്തെ സാേങ്കതിക കുതിച്ചുചാട്ടമാണെന്നും അതിനോട് കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നുമാണ് ക്രിപ്റ്റോ കറൻസികെള അനുകൂലിക്കുന്ന വിഭാഗത്തിെൻറ വാദം. കമ്പ്യൂട്ടർ ശൃംഖലകളുടെയും ഇൻറർനെറ്റിെൻറയും സഹായത്തോടെ വിനിമയം നടത്താൻ ഉതകുന്ന ഡിജിറ്റൽ കറൻസിയാണിതെന്നും പലരാജ്യങ്ങളും ക്രിപ്റ്റോ കറൻസി സംവിധാനത്തിന് നിയമ പരിരക്ഷ നൽകിയിട്ടുണ്ടെന്നും അവർ വാദിക്കുന്നു. മാത്രമല്ല, അമേരിക്കയിൽ ബിറ്റ്കോയിന് അവധിവ്യാപാരംവരെ അനുവദിക്കുകയാണ്.
വൻകിട ഇൻറർനെറ്റ് സേവനദാതാക്കൾ പ്രതിഫലമായും ക്രിപ്റ്റോ കറൻസി സ്വീകരിക്കാറുണ്ട്. വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവർ വാദിക്കുന്നു. നഷ്ടസാധ്യത ഏറെയുള്ള ചൂതാട്ടമാണെങ്കിൽ അമേരിക്കൻ ഡോളറിലും സ്വർണത്തിലുമൊെക്ക നിക്ഷേപം നടത്തുേമ്പാഴും മൂല്യം ഇടിയൽവഴി ഇതേ നഷ്ട സാധ്യതയില്ലേ എന്നും അവർ ചോദിക്കുന്നു. ഈ നിക്ഷേപരീതിയിൽ ആകൃഷ്ടരായി നിരവധിപേർ രംഗത്ത് വന്നിട്ടുള്ളതിനാൽ സമീപഭാവിയിൽത്തന്നെ ബിറ്റ്കോയിെൻറ വില 20,000 ഡോളർ വരെ എത്തിയേക്കുമെന്നും അനുകൂലികൾ പ്രവചിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു ബിറ്റ് കോയിന് 56,000 രൂപയുണ്ടായിരുന്നത് ഇൗവർഷം ആദ്യം 64,000 രൂപയായും മധ്യത്തോടെ 70,000 രൂപയായും ഉയർന്നിരുന്നു. വർഷം അവസാനിക്കാറാകുേമ്പാൾ 9,75,000 രൂപയാണ് വില. നിക്ഷേപകരുടെ തള്ളിക്കയറ്റമാണ് വിലവർധനക്ക് കാരണമെന്നാണ് അനുകൂലികളുടെ വാദം.
ചതിക്കുഴിയെന്ന് എതിർപക്ഷം
കൃത്രിമമായി വില വർധിപ്പിച്ച് നിക്ഷേപകരെ ആകർഷിച്ച് പണംതട്ടുന്ന രീതി ആദ്യത്തേതല്ല എന്ന മറുവാദവുമായാണ് പ്രമുഖ സാമ്പത്തിക വിദഗ്ധർ രംഗത്തിറങ്ങിയിരിക്കുന്നത്. ദിവസംതോറുമുള്ള വിലയിലെ ഇൗ കുതിപ്പ് കൃത്രിമമായി ഉൗതിപ്പെരുപ്പിക്കുന്ന കുമിള മാത്രമാണെന്നും ഏത് നിമിഷവും ഇത് പൊട്ടാമെന്നിരിക്കെ നിരവധിപേരുടെ പണം നഷ്ടപ്പെടാനാണ് സാധ്യതയെന്നും ഇവർ വാദിക്കുന്നു. പണത്തിെൻറ മൂല്യം പിടിച്ചുനിർത്താൻ കഴിയുന്ന അടിസ്ഥാന ഘടകമൊന്നും ക്രിപ്റ്റോ കറൻസി സംവിധാനത്തിനില്ല. നിയന്ത്രണ ഏജൻസിയോ ക്രമീകരണങ്ങളോ ഇല്ല.
ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും നിയമപരിരക്ഷ നൽകുന്നുമില്ല. ഇൗ രീതിയിൽ നിക്ഷേപിക്കുന്ന പണം നഷ്ടപ്പെട്ടാൽ തിരികെ കിട്ടാൻ നിയമപരമായ മാർഗങ്ങളില്ല. മാത്രമല്ല, ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങൾ, ക്രിപ്റ്റോ കറൻസിയെ മോചനപ്പണം സ്വീകരിക്കുന്നതിനുള്ള മാർഗമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. സാമ്പത്തികരംഗത്തെ പ്രമുഖരായ ഗോൾഡ്മാൻ സച്സ് തലവൻ ലോയ്ഡ് ബ്ലാങ്ക് ഫെയ്ൻ, ജെ.പി. മോർഗൻ തലവൻ ജാമീ ഡൈമൺ, നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവർ ബിറ്റ്കോയിെൻറ എതിർപക്ഷത്താണ് എന്നതും ശ്രദ്ധേയമാണ്.
മുന്നറിയിപ്പുമായി അധികൃതരും
ബിറ്റ്കോയിൻ അടക്കം ക്രിപ്റ്റോ കറൻസി സംവിധാനങ്ങളിലുള്ള നിക്ഷേപ ഇടപാടിന് അംഗീകാരവും നിയമപരിരക്ഷയുമില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടാൽ സ്വന്തം നിലക്ക് ഉത്തരവാദികളാകുമെന്നാണ് റിസർവ് ബാങ്ക് നിലപാട്. ചൈനയും ഇത്തരം ഇടപാടുകൾ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ കർശനനിയന്ത്രണങ്ങളേർപ്പെടുത്തുകയാണ്.
സാമ്പത്തിക നിക്ഷേപരംഗത്തെ ഈ സാങ്കേതികതയുടെ കുതിച്ചുചാട്ടം പുതുതലമുറക്ക് നല്ലൊരു പാഠവും അവസരവുമാണെങ്കിലും കരുതലോടെ വേണം നിക്ഷേപം നടത്താൻ എന്നാണ് പ്രമുഖ ഫിനാൻഷ്യൽ കൺസൾട്ടൻറായ ഡിവേർ ഗ്രൂപ്പിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ നിഗൽ ഗ്രീൻ മുന്നറിയിപ്പ് നൽകുന്നത്. ക്രിപ്റ്റോ കറൻസികെള ഇനി ഒഴിവാക്കി നിർത്താനാവില്ലെങ്കിലും സൈബർ ഹാക്ക് ഉൾപ്പെടെ സാധ്യതകൾ കാണാതിരുന്നുകൂടാ. ഇത്തരം കറൻസികളുടെ ഹ്രസ്വ-ദൂര ഫലങ്ങൾ എന്താണെന്ന് പ്രവചിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ഇത്തരം ഡിജിറ്റൽ കറൻസികളിൽ പണം നിക്ഷേപിക്കുന്നവർ കരുതലോടെ വേണം കാര്യങ്ങൾ നീക്കാൻ എന്നും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.