വിപണിയിൽ കുരുതി; സെൻസെക്സ് വീണത് 2,713 പോയിൻറ്
text_fieldsമുംബൈ: കോവിഡ് ഭീതി പിടിച്ചുലക്കുന്നതിനിടെ ഓഹരികൾ വിറ്റഴിക്കാൻ തുടരുന്ന തിടുക്കത്തിൽ വിപണി വീണ്ടും വീണു. ലോകം മുഴുക്കെ കൂട്ടത്തകർച്ചയുടെ വഴിയിലായ വിപണികളുടെ പ്രതികരണമെന്നോണമാണ് ഇന്ത്യയിലും തിങ്കളാഴ്ച സൂചികകൾ കൂപ്പുകുത്തിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ മാത്രം നഷ്ടപ്പെടുത്തിയത് 2713 പോയൻറാണ്- എട്ടു ശതമാനം.
സമീപകാലത്തെ കുറഞ്ഞ നിരക്കായ 31,390 പോയൻറിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 757.61 പോയൻറ് (7.61 ശതമാനം) ഇടിഞ്ഞ് 9197.40 പോയൻറിലുമെത്തി. റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറക്കുന്നുവെന്ന റിപ്പോർട്ടുകളും നിക്ഷേപകരുടെ ആധികൂട്ടി. സർക്കാർ പ്രഖ്യാപിച്ച ആശ്വാസനടപടികളുടെ ബലത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ വിപണി തിരിച്ചുകയറിയതിനു പിന്നാലെയായിരുന്നു അവധിക്കുശേഷം വീണ്ടും കൂപ്പുകുത്തിയത്.
55 പൈസ ഇടിഞ്ഞ രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം 74.31 ആയി. സെൻസെക്സ് സൂചികയിലെ 30 ഓഹരികളും ചുവപ്പിലെത്തി. ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, സാമ്പത്തികം, ലോഹം തുടങ്ങി എല്ലാ മേഖലകളിലും കൂട്ടത്തകർച്ച നേരിട്ടു. ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടാറ്റ സ്റ്റീൽ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി എന്നിവയുടെ ഓഹരികളും കനത്ത നഷ്ടം നേരിട്ടു. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഇളവ് പ്രഖ്യാപിച്ചത് സ്വാഭാവികമായി ആഗോളതലത്തിൽ ഓഹരി വിറ്റഴിക്കൽ ‘മാമാങ്ക’ത്തിന് തിടുക്കം കൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.