അതിവേഗ സ്വപ്നങ്ങളുടെ മൈജി
text_fieldsകോഴിക്കോട്: അതിവേഗ സ്വപ്നങ്ങളുടെ നെറ്റ്വർക്ക് തീർക്കുകയാണ് മൈജി. 15 വർഷത്തിനകം 100 ഔട്ട്ലെറ്റുകൾ തുടങ്ങിയ മൈജി 2022ൽ 50 ഫ്യൂച്ചർ സ്റ്റോറുകളാണ് വിഭാവനം ചെയ്യുന്നത്. 4000 പേർക്ക് തൊഴിൽ നൽകുക, 2000 കോടിയുടെ വിറ്റുവരവ് ലക്ഷ്യം കൈവരിക്കുക എന്നിവയാണ് മൈജിയുടെ എറ്റവും പുതിയ സ്വപ്നമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു.
100 ഔട്ട്ലെറ്റുകൾ യാഥാർഥ്യമായപ്പോൾ 2000 പേർക്കാണ് ജോലി നൽകാനായത്. 2022ൽ 50 ഫ്യൂച്ചർ സ്റ്റോറുകൾ തുറക്കുമ്പോൾ ഇത് നാലായിരമാകും. 500 കോടിയാണ് ഇതിനായി നിക്ഷേപമിറക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽനിന്ന് തുടങ്ങി ഇനി വീട്ടുപകരണങ്ങളുടെ മേഖലയിലേക്കുകൂടി കടക്കുകയാണ് മൈജി ഫ്യൂച്ചർ ഷോപ്പുകൾ. വീട്ടിലേക്കാവശ്യമായതെല്ലാം ഇനി മൈജി നൽകും.
www.myg.in
കേരളത്തിലെ മുഴുവൻ നഗരങ്ങളിലും ഗ്രാമങ്ങളിലും മൈജി സ്റ്റോറുകൾ തുടങ്ങിയതിനൊപ്പം ഓൺലൈൻ വ്യാപാര മേഖലയിലും കുതിച്ചുചാട്ടം നടത്താനായത് വലിയ നേട്ടമായി. പ്രതീക്ഷിച്ചതിലേറെ വിറ്റുവരവുള്ള കമ്പനിയായി മൈജി മാറിയത് അങ്ങനെയാണ്.
ഓൺലൈനിൽ ഓർഡർ നൽകുന്ന ഉപഭോക്താക്കൾക്ക് മണിക്കൂറുകൾക്കകം ഉൽപന്നങ്ങൾ എത്തിക്കാൻ മൈജിക്ക് സാധിക്കുന്നു. ഓരോ 20 കിലോമീറ്ററിനുള്ളിലും ഒരു മൈജി സ്റ്റോർ എന്നതായിരുന്നു സ്വപ്നം. അത് യാഥാർഥ്യമായതിനാൽ കേരളത്തിൽ എവിടെയുള്ള ഉപഭോക്താവിനും മറ്റേത് കമ്പനിയെക്കാളും വേഗത്തിൽ ഉൽപന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നു.
മൈജി ഓൺ വീൽ
കോവിഡ് കാലത്താണ് മൈജി ഓൺ വീൽ പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് സേവനം വാതിൽപടിയിലെത്തിക്കുന്ന ഈ പദ്ധതി മൈജിയെ കൂടുതൽ ജനപ്രിയമാക്കി. ഫോൺ ഉൾപ്പെടെ ഗാഡ്ജറ്റുകൾക്ക് സേവനം ആവശ്യമുള്ളവർക്ക് വീട്ടിലും ഓഫിസിലുമിരുന്ന് 'മൈജി ഓൺ വീൽ' സേവനം ആവശ്യപ്പെടാം. ഈ പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കും.
എല്ലാ സ്റ്റോറുകളിലും സർവിസ്
മൈജിയുടെ എല്ലാ സ്റ്റോറുകളിലും അംഗീകൃത സർവിസ് കൂടി നൽകാൻ സാധിക്കുന്നു എന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നു. മൈജി സ്വന്തംനിലയിൽ നൽകുന്ന വാറൻറിയും സവിശേഷമാണ്. കമ്പനികളിൽനിന്ന് നേരിട്ടുള്ള പർച്ചേസ് ആയതിനാൽ മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നു. ബജറ്റിനനുസരിച്ച് ബ്രാൻഡുകളിലെ വൈവിധ്യം ഉറപ്പുവരുത്താനും മൈജിക്ക് സാധിക്കുന്നു.
ഫ്രം മാവൂർ റോഡ്
2006ൽ കോഴിക്കോട് മാവൂർ റോഡിൽ 3ജി മൊബൈൽ ഫോൺ സ്റ്റോർ തുറന്നാണ് തുടക്കം. ഒന്നര വർഷത്തിനകം മാവൂർ റോഡിൽതന്നെ ഏഴ് സ്റ്റോറുകൾ തുടങ്ങി. എല്ലാ ബ്രാൻഡ് ഫോണുകളും ഒരേ സ്റ്റോറിൽ ലഭിക്കുന്നു എന്നത് അന്ന് 3ജിയെ കൂടുതൽ സ്വീകാര്യമാക്കി. മറ്റ് ജില്ലകളിലേക്കും 3ജി വ്യാപിച്ചു. പത്താമത്തെ സ്റ്റോർ തുടങ്ങിയപ്പോഴാണ് പുതിയ 'ഗോൾ സെറ്റിങ്' ഉണ്ടായത്.
100 സ്റ്റോറുകൾ, 700 കോടിയുടെ വിറ്റുവരവ് എന്ന സ്വപ്നം കണ്ടത് പത്താമത്തെ സ്റ്റോർ തുറന്നപ്പോഴാണ്. ഇപ്പോൾ ആയിരം കോടിയിലധികം വിറ്റുവരവ് നേടാനായിരിക്കുന്നു. 70 ലക്ഷം ഉപഭോക്താക്കളെ നേടാനായി. 1000 കോടി ക്ലബിൽ അംഗമാവാനായി. ഈ മേഖലയിൽ ദക്ഷിണേന്ത്യയിൽ ഇത്ര മികച്ച നേട്ടം മൈജിക്ക് സ്വന്തം. ഇതരസംസ്ഥാനങ്ങളിലും ഗൾഫിലും സ്റ്റോറുകൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് മൈജി.
ലാലും മഞ്ജുവും
ജനപ്രിയ നായകൻ മോഹൻ ലാൽ ബ്രാൻഡ് അംബാസഡർ ആകുന്നതോടെയാണ് മൈജിയുടെ റിബ്രാൻഡിങ് നടക്കുന്നത്. അതുവരെ 3ജി ആയിരുന്നു. നെറ്റ്വർക് വേർഷനുകളുടെ കാലം വരുന്നതിന് മുമ്പാണ് 3ജി എന്ന പേര് സ്വീകരിച്ചത്. 4ജി, 5ജി കാലങ്ങൾ വരവായതോടെ 'റിബ്രാൻഡിങ്' അനിവാര്യമായി. അങ്ങനെയാണ് മൈജി ആവുന്നത്. ഇന്ന് രണ്ട് ബ്രാൻഡ് അംബാസഡർമാരുണ്ട് മൈ ജിക്ക്. മോഹൻ ലാലും മഞ്ജു വാര്യരും. യാദൃച്ഛികമാവാം മോഹൻ ലാലിെൻറയും മഞ്ജു വാര്യരുടെയും പേരിെൻറ ആദ്യാക്ഷരങ്ങൾ കൂടി ചേർന്നതാണ് മൈജി. ഏറെ സ്ത്രീകൾ ഉപഭോക്താക്കളാകുന്ന മൈജിക്ക് മഞ്ജു വാര്യർ കൂടി ബ്രാൻഡ് അംബാസഡറാകുന്നത് വലിയ സന്തോഷമാണ്.
വാപ്പിച്ചിയാണ് റോൾ മോഡൽ
പിതാവ് പരപ്പൻപൊയിൽ ആശാരിക്കൽ കുഞ്ഞഹമ്മദ് ഹാജിയാണ് തെൻറ റോൾ മോഡൽ. അദ്ദേഹം 12 വർഷം മുമ്പ് വിടപറഞ്ഞു. പിതാവ് തന്ന ഊർജമാണ് ബിസിനസിൽ കുതിപ്പായത്. അദ്ദേഹം ട്രാൻസ്പോർട്ട്, റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു പ്രവർത്തിച്ചത്. ഉമ്മ കുഞ്ഞിമയോടൊപ്പമാണ് താമസം. ഉമ്മയുടെ പ്രാർഥന വിജയവഴിയിൽ പ്രധാനമാണ്. ഭാര്യ: ഹാജറ. മക്കൾ: ഹാനി, ഹീന, ഹനീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.