90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ചു
text_fieldsന്യൂഡൽഹി: നികുതി സംബന്ധിച്ച പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം കോടതി. നോട്ടീസുകൾ അയക്കുന്നത് തടഞ്ഞ വിവിധ ഹൈകോടതികളുടെ ഉത്തരവുകൾ റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. 2013-14, 2017-18 സാമ്പത്തിക വർഷത്തെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 2021 ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിലാണ് ആദായ നികുതി വകുപ്പ് ഈ നോട്ടീസുകൾ അയച്ചത്.
തർക്കത്തിലുള്ള കാലയളവിൽ പഴയ നികുതി സമ്പ്രദായ പ്രകാരം നികുതി നോട്ടീസ് അയച്ചത് 2022ൽ ആശിഷ് അഗർവാൾ എന്നയാൾ നൽകിയ കേസിൽ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഈ വിധി ആവർത്തിക്കുകയാണ് കോടതി ചെയ്തത്. 2021 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന പുതിയ നികുതി ഘടനയുടെ കീഴിലാണ് തങ്ങൾ വരുന്നതെന്ന നികുതിദായകരുടെ വാദം കോടതി അംഗീകരിച്ചില്ല.
ഹൈകോടതികൾ നോട്ടീസുകൾ റദ്ദാക്കിയതിനാൽ ആശ്വസിച്ച നികുതിദായകർക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ വിധി. കോവിഡ് കാലത്ത് നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഉൾപ്പെടെ സമയം നീട്ടി നൽകിയ നിയമ ഭേദഗതി പ്രകാരം പുനഃപരിശോധന നോട്ടീസ് അയക്കാൻ കഴിയില്ലെന്ന് ഹരജിക്കാർ വാദിച്ചു. എന്നാൽ, മുൻകാലത്തെ പൊരുത്തക്കേടുകൾക്ക് അയച്ച നോട്ടീസുകൾക്ക് ഇത് ബാധകമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.