ഓൺലൈൻ ഗെയിമുകൾക്കടക്കം അധിക നികുതി: ബിൽ പാസാക്കി കേരള നിയമസഭ
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കാനുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. നികുതി നൽകി ചൂതാട്ടങ്ങൾ തുടരാമെന്ന സന്ദേശമാണ് നിയമഭേദഗതി നൽകുകയെന്ന് ബില്ലിനോട് വിയോജിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാൽ, ബിൽ ഓൺലൈൻ ഗെയിം പോലുള്ളവ കൊണ്ടുവരുന്നതോ അതിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത്തരം ഗെയിമുകളെ നിരോധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതുമല്ല. ജി.എസ്.ടി വരുംമുമ്പ് 18 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. ഇത് മുഖവില അടിസ്ഥാനമാക്കിയായിരുന്നില്ല. ജി.എസ്.ടി കൗൺസിൽ നികുതി 28 ശതമാനമാക്കാൻ തീരുമാനിച്ചു.
തുടർന്ന്, 2023ലെ കേന്ദ്ര ചരക്കുസേവന നികുതി (ഭേദഗതി) നിയമപ്രകാരം ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, പണംവെച്ചുള്ള ചൂതാട്ടങ്ങൾ തുടങ്ങിയവക്ക് 28 ശതമാനം ചരക്കുസേവന നികുതി ഏർപ്പെടുത്തി. ഇതിനനുസൃതമാണ് സംസ്ഥാനം കൊണ്ടുവന്ന ഭേദഗതികൾ.
ഓൺലൈൻ ഗെയിമുകൾ അംഗീകരിക്കില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. കർണാടകയുൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് പാസാക്കിയിട്ടുണ്ട്. നിലവിലെ ഓൺലൈൻ ഗെയിമിങ് ആക്ടിന് വിരുദ്ധമല്ല ഈ ബിൽ. നിരോധനത്തിനും നിയമനിർമാണത്തിനും തടസ്സമല്ല. ലോട്ടറികൂടിയുള്ളതിനാൽ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ഷംസുദീൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.