ആദായനികുതി റിട്ടേൺ ജനുവരി 10 വരെ ഫയൽ ചെയ്യാം
text_fieldsനിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും അവർ പങ്ക് വ്യാപാരസ്ഥാപനങ്ങൾ ആണെങ്കിൽ അവയും അവയുടെ പങ്കുകാരും കമ്പനികളും ആദായനികുതി നിയമത്തിലെ 92 ഇ വകുപ്പനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെ എല്ലാ നികുതിദായകരും 2019–20 സാമ്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം ജനുവരി 10 വരെ ആദായനികുതി വകുപ്പ് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. തീയതി ദീർഘിപ്പിച്ചു നൽകുന്നതിന് മുമ്പ് 2020 ഡിസംബർ 31 വരെ ആയിരുന്നു സമയം. എന്നാൽ ടാക്സ് ഓഡിറ്റും ട്രാൻസ്ഫർ ൈപ്രസ് ഓഡിറ്റും ആവശ്യമുള്ള നികുതിദായകർ പ്രസ്തുത ഓഡിറ്റ് റിപ്പോർട്ട് 2021 ജനുവരി 15 ന് മുമ്പ് ഫയൽ ചെയ്യേണ്ടതുണ്ട്. അവരുടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 15 വരെ സമയമുണ്ട്. 2019–20 ലെ ചരക്ക് സേവനനികുതിയുടെ വാർഷിക റിട്ടേണുകളും ഓഡിറ്റ് റിപ്പോർട്ടും ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. നിഷ്ക്കർഷിച്ചിരിക്കുന്ന തീയതികൾക്കുള്ളിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് ആദായനികുതിനിയമം 234 എഫ് അനുസരിച്ച് പിഴ അടച്ചുമാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കൂ.
നല്ല ശതമാനം നികുതിദായകരും നികുതി നിർണയത്തിൽ തെറ്റായ ചില വിശ്വാസങ്ങൾ പിന്തുടരുന്നുണ്ട്. ചില തെറ്റായ അനുമാനങ്ങൾ ചുവടെ (ഇവയെല്ലാം തെറ്റിദ്ധാരണകൾ മാത്രമാണ്):
- ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശക്ക് ടി.ഡി.എസ് പിടിക്കുന്നതിനാൽ അത് റിട്ടേണിൽ ചേർക്കേണ്ടതില്ല.
- ടി.ഡി.എസിൽ നിന്നും ഒഴിവുള്ള ബാങ്ക് പലിശ റിട്ടേണിൽ ചേർക്കേണ്ട.
- ഫിക്സഡ് ഡിപ്പോസിറ്റുകൾ പല ബാങ്കുകളിലായി നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശയുടെ വിവരം സർക്കാറിന് ലഭിക്കില്ല.
- ടാക്സ് സേവിങ്സ് ബോണ്ടുകളിൽ നിന്നും ലഭിക്കുന്ന പലിശക്ക് നികുതി ഒഴിവുണ്ട്.
ബിലേറ്റഡ് റിട്ടേണുകൾ എന്നുവരെ?
താമസിച്ച് ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾ ആണ് ബിലേറ്റഡ് റിട്ടേണുകൾ. നിലവിലെ നിയമം അനുസരിച്ച് 2019–20 സാമ്പത്തികവർഷ ത്തിലെ ബിലേറ്റഡ് റിട്ടേണുകൾ 2021 മാർച്ച് 31 വരെയാണ് ഫയൽ ചെയ്യാൻ സാധിക്കുന്നത്. നിലവിലെ കോവിഡ് സാഹചര്യം വെച്ച് ചിലപ്പോൾ സമയം നീട്ടിനൽകാനും സാധ്യതയുണ്ട്. 2021 ജനുവരി 10 കഴിഞ്ഞ് 2021 മാർച്ച് 31ന് മുമ്പ് ആണ് ഫയൽ ചെയ്യുന്നത് എങ്കിൽ പിഴത്തുക 10000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങും. 2021 മാർച്ച് 31 ന് ശേഷം 2019–20 സാമ്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യാൻ നിലവിലെ നിയമം അനുസരിച്ച് സാധാരണഗതിയിൽ സാധിക്കില്ല.
ബിലേറ്റഡ് റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കുമോ?
2016–17 സാമ്പത്തിക വർഷത്തിന് മുമ്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്തു ഫയൽ ചെയ്യാൻ സാധിക്കില്ലായിരുന്നു. എന്നാൽ 2016^17സാമ്പത്തികവർഷത്തിലെ റിട്ടേണുകൾ തുടങ്ങി ബിലേറ്റഡായി ഫയൽ ചെയ്യുന്ന എല്ലാ റിട്ടേണുകളും ആവശ്യമെങ്കിൽ പുതുക്കി ഫയൽ ചെയ്യാം. ബിലേറ്റഡ് റിട്ടേണുകളാണ് ചെയ്യുന്നതെങ്കിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അവ അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ ഹൗസ് േപ്രാപ്പർട്ടിയിലുണ്ടായ നഷ്ടം ക്യാരിഫോർവേഡ് ചെയ്യാം.
മറ്റ് നിയമങ്ങൾ അനുസരിച്ച് ഓഡിറ്റ് ചെയ്യപ്പെടുന്നവർ വീണ്ടും ഓഡിറ്റ് ചെയ്യണോ?
കമ്പനികൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ അവരുടെ നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകർ വീണ്ടും ആദായനികുതി നിയമം അനുസരിച്ച് പൂർണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാൽ വ്യത്യസ്തങ്ങളായ സാമ്പത്തിക വർഷങ്ങളാണ് പ്രസ്തുത നികുതിദായകർ അനുവർത്തിക്കുന്നതെങ്കിൽ ബുക്കുകൾ തീർച്ചയായും ആദായനികുതിനിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റർ ഫോം നമ്പർ 3 സി.എ.യിൽ റിപ്പോർട്ട് നൽകിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.