ജി.എസ്.ടി വിവരങ്ങൾ ഇ.ഡിക്ക്? ധനമന്ത്രിമാരുടെ യോഗത്തിൽ ഒച്ചപ്പാട്; നിഷേധിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ജി.എസ്.ടി നെറ്റ്വർക്ക് കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നുവെന്ന റിപ്പോർട്ടുകളെച്ചൊല്ലി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വലിയ ഒച്ചപ്പാട്. ജി.എസ്.ടി നെറ്റ്വർക്കിലെ വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി (ഇ.ഡി) പങ്കുവെക്കുന്നതിന് ഇത് ഇടയാക്കുമെന്നും ജി.എസ്.ടി നൽകുന്ന വ്യാപാരികളെ ഇ.ഡി വലയിലാക്കുന്നതാണ് കേന്ദ്രസർക്കാർ നീക്കമെന്നും വിവിധ സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തി.
എന്നാൽ, ധനമന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിന് ജി.എസ്.ടിയുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ജി.എസ്.ടി കൗൺസിലിന്‍റെ അനുമതിയില്ലാതെ വ്യാപാരികളെ വേട്ടയാടാൻ വിജ്ഞാപനം ഇറക്കിയെന്ന ആരോപണമാണ് കൗൺസിൽ യോഗത്തിൽ ഉയർന്നത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഹിമാചൽ പ്രദേശ്, കർണാടക, ഛത്തിസ്ഗഢ്, തെലങ്കാന, രാജസ്ഥാൻ ധനമന്ത്രിമാർ കടുത്ത പ്രതിഷേധം അറിയിച്ചു.
കള്ളപ്പണ നിരോധന നിയമവ്യവസ്ഥയിൽ കേന്ദ്രം ഭേദഗതിവരുത്തി വിജ്ഞാപനം ഇറക്കിയതുവഴി ഇ.ഡിക്ക് ഏതു വ്യാപാരിയേയും അറസ്റ്റുചെയ്യാമെന്ന സ്ഥിതിയായെന്ന് അവർ കുറ്റപ്പെടുത്തി. ചെറുകിട ബിസിനസ് സംരംഭങ്ങളെ ഭയപ്പെടുത്തുന്ന നികുതി ഭീകരതയാണിതെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ യോഗത്തിൽ കുറ്റപ്പെടുത്തി.
ജി.എസ്.ടി യഥാസമയം അടക്കുകയോ റിട്ടേൺ നൽകുകയോ ചെയ്യാത്ത ഏതു സംരംഭകനെയും ഇ.ഡിക്ക് പിടികൂടാൻ അധികാരം നൽകുന്നതാണ് പുതിയ വിജ്ഞാപനം. വിറ്റുവരവ് അടിസ്ഥാനപ്പെടുത്തിയും ഇ.ഡിക്ക് വ്യാപാരിയെ കുരുക്കാം. രാഷ്ട്രീയ നേതാക്കളെയും മറ്റും വേട്ടയാടാൻ ഇ.ഡിയെ സർക്കാർ ദുരുപയോഗിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുമെന്ന് പറയുമ്പോൾതന്നെയാണ് ഇത്തരം കുരുക്കുകൾ. ജി.എസ്.ടി കൗൺസിലിന്‍റെ അനുമതി ഇല്ലാതെ ധനമന്ത്രാലയത്തിന് മാത്രമായി ഇത്തരമൊരു വിജ്ഞാപനം കൊണ്ടുവരാൻ അധികാരമില്ലെന്ന് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി വിവരങ്ങൾ നികുതിവകുപ്പുമായി പങ്കുവെക്കുന്നതിന് ധനകാര്യ ദൗത്യസംഘത്തിന്‍റെ മാനദണ്ഡപ്രകാരമുള്ള വിജ്ഞാപനം മാത്രമാണ് അതെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര വിശദീകരിച്ചു. ഇതിന് ജി.എസ്.ടി നിയമവുമായി ബന്ധമില്ല. ജി.എസ്.ടി വിവരങ്ങൾ ഇ.ഡിയുമായി പങ്കുവെക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.