ആശങ്കയും പരാതിയും ഒഴിയാതെ ഇന്ന് ജി.എസ്.ടി നാലാം വാർഷികം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം നടപ്പാക്കിയ സുപ്രധാന സാമ്പത്തിക നയ മാറ്റങ്ങളിലൊന്നായ 'ചരക്കുസേവന നികുതി' (ജി.എസ്.ടി) നടപ്പാക്കിയിട്ട് നാലുവർഷം. 2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നടപ്പിലാക്കുന്നത്. ധനമന്ത്രി സീതാരാമെൻറ മുൻഗാമിയായ അരുൺ ജെയ്റ്റിലായിരുന്നു അന്നത്തെ ധനമന്ത്രി.
പരോക്ഷ നികുതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതായിരുന്നു ജി.എസ്.ടി. വാറ്റ്, എക്സൈസ് ഡ്യൂട്ടി, സേവന നികുതി തുടങ്ങിയവയെല്ലാം ജി.എസ്.ടിയിൽ ലയിച്ചു. ചരക്കുകളിലും സേവനങ്ങളിലും ഒരേ നികുതി നിരക്കോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട് തലത്തിലുള്ള നികുതിയാണ് ജി.എസ്.ടി. കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടിയെന്നും സംസ്ഥാനങ്ങൾ ചുമത്തുന്നതിനെ സ്റ്റേറ്റ് ജി.എസ്.ടി എന്നും വിളിക്കും. അന്തർ സംസ്ഥാന വ്യാപാരങ്ങളിൽ ഇൻറഗ്രേറ്റഡ് ജി.എസ്.ടിയായിരിക്കും ചുമത്തുക.
ജി.എസ്.ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന വ്യവസ്ഥയിലേക്ക് മാറുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യയിൽ നടത്തിയ പരിഷ്കാരത്തിൽ ഉൽപ്പന്നങ്ങളെ തരം തിരിച്ച് വിവിധ നിരക്കുകളിൽ തരംതിരിക്കുകയായിരുന്നു. മതിയായ തയാറെടുപ്പുകളോടെയല്ല രാജ്യം ജി.എസ്.ടിയിലേക്ക് ചുവടുമാറിയതെന്ന ആക്ഷേപം തുടക്കം മുതൽ ശക്തമായിരുന്നു.
കൊറോണ വൈറസ് മഹാമാരിയോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇതോടെ ജി.എസ്.ടിയുടെ പേരിൽ കേന്ദ്രവും സംസ്ഥാനങ്ങളും കൊമ്പുകോർക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര വിഹിതം സംബന്ധിച്ച തർക്കമായിരുന്നു പ്രധാന കാരണം.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ യുദ്ധം തുടരുേമ്പാഴും കോവിഡ് മഹാമാരി സമയത്തും രാജ്യത്തെ ജി.എസ്.ടി വരുമാനം കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ എട്ടു മാസമായി ഒരു ലക്ഷം കോടിയിലധികമാണ് ജി.എസ്.ടി വരുമാനമായി ലഭിക്കുന്നത്. മേയ് മാസത്തെ കലക്ഷൻ 1,02,702 കോടി രൂപയായിരുന്നു.
നികുതി പിരിവ് ഒരു ലക്ഷം കോടിയിൽ ഏറെയായി തുടരുേമ്പാഴും സർക്കാറിന് നികുതി കൃത്യമായി ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തൽ. ജി.എസ്.ടി പിരിവ് ഒരു പരിധിക്കപ്പുറം വർധിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2019-
20ൽ ജി.എസ്.ടിയിൽ കേന്ദ്രത്തിെൻറ വിഹിതത്തിൽ 3.5 ശതമാനം മാത്രമാണ് വർധന. 2020- 21 മഹാമാരി സമയത്ത് ഇത് 7.9 ശതമാനമായി കുറയുകയും ചെയ്തു. ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സങ്കീർണതകൾ ഒഴിവാക്കുമെന്ന് അവകാശപ്പെട്ട ജി.എസ്.ടിയുടെ പേപ്പർ വർക്കുകൾ അതി സങ്കീർണമായതോടെ ചെറുകിട ബിസിനസുകൾ ജി.എസ്.ടി നികുതി വ്യവസ്ഥക്ക് കീഴിൽ വരാത്തതും ജി.എസ്.ടി കൂടുതൽ വിശാലമാക്കുന്നതിന് തടസമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജി.എസ്.ടിയുടെ വിജയത്തിന് സുപ്രധാന ഘടകമാകുക സംസ്ഥാനങ്ങളുടെ സഹകരണമായിരിക്കും. എന്നാൽ, എല്ലാ ജി.എസ്.ടി കൗൺസലുകളിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലാണ് പതിവ്. ജി.എസ്.ടി നടപ്പാക്കി നാലുവർഷം പൂർത്തിയായിട്ടും കേന്ദ്രം സമയത്തിന് നഷ്ടപരിഹാരം നൽകുന്നില്ലെന്നും കുടിശ്ശിക വരുത്തുന്നുമെന്നുമാണ് സംസ്ഥാനങ്ങളുടെ ആക്ഷേപം. കൗൺസലിെൻറ ഭാഗമായ പല സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ കൗൺസൽ യോഗത്തെ രാഷ്ട്രീയ മുഷ്ടിയുദ്ധമായാണ് വിശേഷിപ്പിക്കുന്നത്. ജി.എസ്.ടി കൗൺസൽ യോഗങ്ങളിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ കേൾക്കാൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയർത്തിയിരുന്നു.
രാജ്യത്ത് വിലക്കയറ്റം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജി.എസ്.ടിയുടെ പരിധിയിൽ ഇന്ധന നികുതി കൂടി ഉൾപ്പെടുത്തിയാൽ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുക. ഇന്ധന നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തിടത്തോളം വില വർധിച്ചുകൊണ്ടിരിക്കും. രാജ്യത്ത് പെട്രോൾ -ഡീസൽ വില കുതിച്ചുയർന്നതോടെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില വർധന രേഖപ്പെടുത്തുകയാണ് നിലവിൽ.
നോട്ടുനിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയിൽ കച്ചവടക്കാർക്കും തലവേദനയാണ്. അതിന് പ്രധാന കാരണം നടപ്പാക്കിയതിെൻറ നൂലാമാലകളും പേപ്പർവർക്കുകളിലെ കുരുക്കും തന്നെ. പല നികുതികൾ നിലനിൽക്കുേമ്പാൾ നികുതിയിൽ സുതാര്യത ഉറപ്പാക്കാൻ കഴിയില്ലെന്നും കുറച്ചുപേർ പരിധിക്ക് പുറത്തുനിൽക്കുമെന്നും സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നുമായിരുന്നു വാദങ്ങൾ. ഇതിനൊരു പരിഹാരമെന്ന നിലയിലായിരുന്നു ജി.എസ്.ടി. എന്നാൽ നടപ്പിലാക്കുന്നതിനെ വീഴ്ചയോടെ അതിസങ്കീർണമാകുകയായിരുന്നു ചരക്കുസേവന നികുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.