ആശയക്കുഴപ്പം; ആശങ്ക
text_fieldsഇൗയടുത്ത ദിവസങ്ങളിൽ വ്യാപാരികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പറന്നുനടക്കുന്ന ഒരു സന്ദേശമുണ്ട്; ‘ജൂലൈ ഒന്നുമുതൽ പുതിയ നികുതി വരുന്നു; പക്ഷേ, ചട്ടങ്ങൾ ഇനിയും തയാറായിട്ടില്ല; സോഫ്റ്റ്വെയർ ഇനിയും തയാറായിട്ടില്ല; ഉദ്യോഗസ്ഥരും ഒരുങ്ങിയിട്ടില്ല, ഗവൺമെൻറ് സംവിധാനങ്ങൾ പാതിവഴിയിലാണ്; ഫോമുകൾ തയാറായിട്ടില്ല; പിന്നെ നമ്മൾ എങ്ങനെ ഒരുങ്ങാൻ?’ ജൂലൈ ഒന്നിന് നടപ്പിൽ വരുന്ന ചരക്കു-സേവന നികുതിയുടെ ചട്ടങ്ങളും നിർദേശങ്ങളും സംബന്ധിച്ച് വ്യാപാരികൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പവും അവ്യക്തതയും വ്യക്തമാക്കുന്ന സന്ദേശമാണിത്.
ആദ്യമൊക്കെ, കാത്തിരുന്ന് കാണാം എന്ന നിസ്സംഗതയിലായിരുന്ന വ്യാപാരികൾ ഇപ്പോൾ അക്ഷരാർഥത്തിൽ പരിഭ്രാന്തരാണ്. പലർക്കും എന്താണ് ജി.എസ്.ടി, എങ്ങനെയാണ് അതിൽ രജിസ്റ്റർ ചെയ്യേണ്ടത് എന്നുമറിയില്ല. ചെറുകിട, ഇടത്തരം കച്ചവടക്കാരാണ് ഇത്തരത്തിൽ ആശയക്കുഴപ്പത്തിലുള്ളത്. ചെറുകിട ചായക്കടകൾ വരെ ജി.എസ്.ടി പരിധിയിൽ വരുമെന്നിരിക്കെയാണ് ഇൗ ആശയക്കുഴപ്പം. ചരക്ക്-സേവന നികുതി നടപ്പാക്കൽ നീട്ടിവെക്കണമെന്ന ആവശ്യം അഖിലേന്ത്യാ തലം മുതൽ സംസ്ഥാന തലംവരെ ശക്തമാണ്. വ്യവസായ ലോകത്തെ പ്രമുഖരുടെ ദേശീയ കൂട്ടായ്മയായ അസോച്ചം മുതൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരി കൂട്ടായ്മകൾ വരെ ഇൗ ആവശ്യമുന്നയിച്ച് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചിട്ടുമുണ്ട്.
പക്ഷേ, ഇതുവരെ അനുകൂല തീരുമാനം വന്നില്ലെന്ന് മാത്രമല്ല; ജൂലൈ ഒന്ന് എന്ന തീയതിയിൽ ഉറച്ച് മുന്നോട്ടുപോവുകയുമാണ്. രാജ്യത്ത് 80 ലക്ഷത്തിൽപരം വ്യാപാരികളാണ് എക്സൈസ് ഡ്യൂട്ടി, സർവിസ് ടാക്സ്, വാറ്റ് എന്നിവ നൽകുന്നത്. കഴിഞ്ഞ ഒരുവർഷത്തിലേറെ നീണ്ട പ്രചാരണംകൊണ്ട് ഇതിനകം ഇതിൽ 80 ശതമാനം പേരെ ജി.എസ്.ടി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്യിക്കാനായി. എന്നാൽ, ബാക്കി 16 ലക്ഷം വ്യാപാരികൾ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് അസോച്ചം വ്യക്തമാക്കുന്നത്.
ജി.എസ്.ടി രജിസ്േട്രഷെൻറ കാര്യത്തിൽ കേരളവും അത്ര മെച്ചമൊന്നുമല്ല; സംസ്ഥാനത്ത് 76 ശതമാനം വ്യാപാരികൾ മാത്രമാണ് ജി.എസ്.ടി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തതെന്നാണ് സംസ്ഥാന ധനവകുപ്പ് ഏറ്റവുമൊടുവിൽ ഒൗദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ രജിസ്ട്രേഷെൻറ കാര്യത്തിൽ നാലാം സ്ഥാനത്താണ് കേരളം.
ബാക്കിയുള്ളവർക്ക് ജൂൺ 25 മുതൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. ഒട്ടനവധി വ്യാപാരികൾ രജിസ്ട്രേഷന് നടപടികളുമായി മുന്നോട്ടുപോകവെയാണ് ജി.എസ്.ടി നെറ്റ്വർക്ക് തകരാറായത്. അതോടെ, രജിസ്ട്രേഷനും മുടങ്ങി. ഇതോടെ, വീണ്ടും ജൂൺ 25 മുതൽ സമയം അനുവദിച്ചിരിക്കുകയാണ്. നികുതി പരിഷ്കരണത്തിനുശേഷമുള്ള ആദ്യ മാസങ്ങളിലെ റിേട്ടണും മറ്റ് വിശദാംശങ്ങളും സമർപ്പിക്കുന്നതിന് 20 ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ജൂലൈയിലെ റിേട്ടൺ ആഗസ്റ്റ് 20നകവും ആഗസ്റ്റിലെ റിേട്ടൺ സെപ്റ്റംബർ 20നകവും സമർപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ, ഇത് തീരെ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. പുതിയ നടപടിക്രമങ്ങളുമായി പരിചയിച്ച് വരുന്നതിന് ആദ്യമാസങ്ങളിൽ റിേട്ടൺ സമർപ്പിക്കാൻ ചുരുങ്ങിയത് മൂന്നുമാസത്തെയെങ്കിലും സമയം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള സമയം അടുത്തുവരുേന്താറും വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പവും വർധിച്ചുവരുകയാണ്. ഇൗ ആശയക്കുഴപ്പം മാറ്റിയെടുക്കുന്നതിന് വിവിധ വ്യാപാരി, വ്യവസായി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശിൽപശാലകൾ നടക്കുന്നുണ്ടെങ്കിലും വൻകിട വ്യാപാരികൾക്ക് മാത്രമാണ് പ്രയോജനപ്പെടുന്നത്. ഇടത്തരം വ്യാപാരികളും മറ്റും ഇതിലേക്ക് എത്തിപ്പെട്ടിട്ടില്ല. ജി.എസ്.ടി നടപ്പാക്കുേമ്പാൾ എല്ലാ വ്യാപാരികളും അവരുടെ ഇൻവോയിസുകൾ നെറ്റ്വർക്കിലേക്ക് അപ്ലോഡ് ചെയ്യണം. ഇതിനായി രജിസ്ട്രേഷൻ നടത്തി ട്രയലെടുക്കാൻ വേണ്ടത്ര സമയമില്ലെന്നാണ് അസോച്ചം ഉന്നയിച്ചിരിക്കുന്ന മുഖ്യ തടസ്സവാദം. ജി.എസ്.ടി.എൻ തയാറാക്കുന്ന ഓൺലൈൻ റിട്ടേൺ ഫോറം ജൂൺ അവസാനമേ തയാറാകൂവെന്നതിനാൽ ഇൗ ഫോറം പരിശോധിക്കാൻ സമയംകിട്ടില്ലെന്നും ഇവർ പറയുന്നു. വാഹനങ്ങളിൽ ചരക്ക് കൊണ്ടുപോകുേമ്പാഴുള്ള ഇലക്ട്രോണിക് വേ ബില്ലുകളും ഇനിയും തയാറായിട്ടില്ല.
ജി.എസ്.ടി നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നുവരെ നീട്ടിവെക്കണമെന്ന് ചില പൊതുമേഖല സ്ഥാപനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജൂലൈ ഒന്ന് എന്ന ഉറച്ച നിലപാടുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്. വ്യാപാരികൾക്ക് ഇനിയും വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽതന്നെ, ജി.എസ്.ടിയുടെ ആദ്യ നാളുകൾ കടുത്ത ആശയക്കുഴപ്പത്തിേൻറതാകുമെന്ന ആശങ്ക ഉദ്യോഗസ്ഥ തലത്തിലും ഉയർന്നുകഴിഞ്ഞു. ഹോട്ടൽ ഭക്ഷണത്തിനടക്കം വില വർധിക്കുമെന്ന് പറഞ്ഞതോടെ, ജി.എസ്.ടി വന്നാൽ അവശ്യസാധനവില കുറയുമെന്നും കുടുംബ ബജറ്റ് മെച്ചപ്പെടുമെന്നുമൊക്കെ വിശ്വസിച്ചിരുന്ന സാധാരണക്കാരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.