ജി.എസ്.ടി: നഷ്ടപരിഹാരമായി 75,000 കോടി; കേരളത്തിന് 4122 കോടി
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 75,000 കോടി രൂപ അനുവദിച്ചു. ഇതിൽ കേരളത്തിന് 4122 കോടി രൂപ ലഭിക്കും. ജി.എസ്.ടി വരുമാനത്തിലെ കുറവു നികത്താനാണ് ഈ തുക അനുവദിക്കുന്നത്. കഴിഞ്ഞ മേയിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിെൻറ തീരുമാനപ്രകാരമാണ് തുക വിതരണം ചെയ്യുന്നത്. ഇതിനായി 1.59 ലക്ഷം കോടി രൂപ കടമെടുത്തുവെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
സാധാരണ ജി.എസ്.ടി നഷ്ടപരിഹാരത്തിനു പുറമെയാണ് ഈ 75,000 കോടി രൂപ നൽകുന്നത്. കുടിശ്ശികയുടെ 50 ശതമാനം ഒറ്റത്തവണയായാണ് നൽകുക. 4500 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നഷ്ടപരിഹാര കാലയളവ് ദീര്‍ഘിപ്പിക്കുന്നത് പരിഗണിക്കും –കേന്ദ്രം
ന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാര കാലയളവ് ദീർഘിപ്പിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം. കേരളത്തിന് കിട്ടാനുള്ള നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി നഷ്ടപരിഹാരത്തിെൻറ കാലയളവ് അഞ്ച് വർഷത്തേക്കുകൂടി ദീർഘിപ്പിക്കണമെന്നാണ് മന്ത്രി ബാലഗോപാല്‍ ആവശ്യപ്പെട്ടത്. കാലാവധി ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് ആവശ്യമുന്നയിച്ചത്. 2020 -2021 സാമ്പത്തിക വര്‍ഷം കേരളത്തിന് ലഭിക്കാനുള്ള 4524 കോടി ജി.എസ്.ടി കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നും മന്ത്രി ഉന്നയിച്ചു. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗൗരവമുള്ളതാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചുെവന്ന് മന്ത്രി തുടർന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) മൈക്രോ ഫിനാന്‍സ് മുഖേന ഒന്നര ലക്ഷം രൂപ വരെ വ്യക്തിഗത വായ്പക്ക് സെക്യൂരിറ്റിയില്ലാതെ നൽകും.
വനിതാ തൊഴിലാളികള്‍ക്കും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ഇതിെൻറ പ്രയോജനം ലഭിക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപാരികളെ എം.എസ്.എം.ഇ മുൻഗണനാ മേഖലാ വായ്പാപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിന് അധികമായി 1.5 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കളും വായ്പ തിരിച്ചടവിന് കഴിയാത്ത അവസ്ഥയിൽ വായ്പ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാപരിധി ഉപാധികളില്ലാതെ സംസ്ഥാന ജി.ഡി.പി.യുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നതാണ് മറ്റൊരു ആവശ്യം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും മന്ത്രി ധരിപ്പിച്ചു.
വികസനസൂചികയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും ജനസംഖ്യ കുറയുന്നതും സംസ്ഥാനം മികച്ച നിലവാരം പുലര്‍ത്തുന്നതിനാലാണ്. അത്തരം സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കുന്നത് നീതിയല്ല.
ഇതില്‍ ഇടപെടലുണ്ടാകണമെന്നും കേരളത്തിന് മേഖലാ കേന്ദ്രീകൃത ഗ്രാൻറായി 2412 കോടി രൂപയും സംസ്ഥാന കേന്ദ്രീകൃത ഗ്രാൻറായി 1100 കോടി രൂപയും നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണം കഴിഞ്ഞ് കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഫിനാന്‍സ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.