ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം തരില്ല; കൂടുതൽ കടമെടുക്കാം
text_fieldsന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥ കോവിഡ് പ്രതിസന്ധിക്കിടയിൽ പാലിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കു വേണമെങ്കിൽ കൂടുതൽ കടമെടുക്കാമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു.
സാമ്പത്തിക പ്രയാസത്തിനിടയിൽ ജി.എസ്.ടി കുടിശ്ശിക ഏറ്റവും പെട്ടെന്ന് അനുവദിച്ചു കിട്ടണമെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച നടന്ന ജി.എസ്.ടി കൗൺസിലിൽ ധനമന്ത്രിയുടെ പുതിയ നിർദേശം. പണഞെരുക്കത്തിനിടയിൽ കൂടുതൽ ബാധ്യത കയറ്റിവെക്കുന്ന നിർദേശമാണിെതന്നും, കേന്ദ്രം തീരുമാനം അടിച്ചേൽപിക്കുകയാണെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തി.
സാധാരണ സാഹചര്യങ്ങളിലാണ് ജി.എസ്.ടി നഷ്ടപരിഹാര തുക നൽകാൻ കേന്ദ്രത്തിന് ബാധ്യതയെന്ന വാദമാണ് ധനമന്ത്രി ഉയർത്തിയത്. കോവിഡിെൻറ അസാധാരണ സാഹചര്യത്തിൽ നിയമവ്യവസ്ഥകൾ അതേപടി പാലിക്കാൻ പറ്റില്ലെന്ന വാദമാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട യോഗത്തിൽ കേന്ദ്രം നടത്തിയത്.
2.35 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങൾക്ക് നടപ്പു വർഷം ഉണ്ടാകാൻ പോകുന്നതെന്നാണ് കണക്ക്. ഇതിൽ ജി.എസ്.ടി നടത്തിപ്പു വഴി നഷ്ടം 97,000 കോടി മാത്രമാണ്. നികുതി നിരക്കുകൾ കൂട്ടാനാവില്ല. നഷ്ടപരിഹാരത്തുക കേന്ദ്ര ഖജനാവിൽനിന്ന് എടുത്തു നൽകാനോ, വായ്പ എടുത്തു സംസ്ഥാനങ്ങൾക്കു നൽകാനോ സാധിക്കില്ല. ഇക്കാര്യത്തിൽ അറ്റോണി ജനറലിെൻറ നിയമോപദേശവും യോഗത്തിൽ മന്ത്രി എടുത്തുകാട്ടി.
ജി.എസ്.ടി നടപ്പാക്കുന്നതു വഴിയുള്ള നഷ്ടം അഞ്ചുവർഷത്തേക്ക് നികത്തിക്കൊടുക്കാമെന്നു മാത്രമാണ് കേന്ദ്രത്തിെൻറ വാക്ക്. കോവിഡ് വഴിയുള്ള സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പണഞെരുക്കം മറ്റൊരു വിഷയമാണെന്ന് ധനമന്ത്രി വാദിച്ചു. സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പയെടുക്കാം. ജി.എസ്.ടി സെസിൽനിന്ന് അഞ്ചു വർഷത്തിനുശേഷം തിരിച്ചടച്ചാൽ മതി. ഒന്നുകിൽ ജി.എസ്.ടി ഇനത്തിലുള്ള 97,000 രൂപ വായ്പയെടുക്കാം. അല്ലെങ്കിൽ മൊത്തം വരുമാന നഷ്ടമായ 2.35 ലക്ഷം കടമെടുക്കാം. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണം. രണ്ടിൽ ഏതു തീരുമാനം അംഗീകരിച്ചാലും ജി.എസ്.ടി സെസ്, ജി.എസ്.ടി അഞ്ചുവർഷം പിന്നിട്ട ശേഷവും തുടരുമെന്നാണ് അർഥമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടി കുടിശ്ശിക നൽകാൻ വേണ്ട തുക കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.