വിവാഹിതയാണെങ്കിൽ അരക്കിലോ സ്വർണം വീട്ടിൽ സൂക്ഷിക്കാം, അവിവാഹിതക്ക് 250 ഗ്രാം; വീട്ടിൽ വെക്കാവുന്ന സ്വർണത്തിന്റെ പരിധി അറിയാം
text_fieldsഎന്നും വില കുതിക്കും എന്നുറപ്പുള്ള വസ്തുവാണ് സ്വർണം. പലരും സ്വത്തുക്കൾ സ്വർണ രൂപത്തിലാണ് സൂക്ഷിക്കുന്നത്. കൈമാറ്റം ചെയ്യാനുള്ള എളുപ്പവും വിപണിയിൽ മൂല്യവുമുള്ളതിനാൽ സ്വർണത്തിന് എപ്പോഴും ആവശ്യക്കാർ ഏറെയാണ്. സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിനും സർക്കാർ നിയമങ്ങളുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ നിർദേശം അനുസരിച്ച്, ഒരാൾ സ്വർണം വാങ്ങിയത് വെളിപ്പെടുത്തിയ വരുമാനം, നികുതി ഇളവുകളുള്ള കാർഷിക വരുമാനം, അല്ലെങ്കിൽ അംഗീകൃത വീട്ടുസമ്പാദ്യം എന്നിവ ഉപയോഗിച്ചാണെങ്കിൽ അതിന് നികുതി ഈടാക്കില്ല. കൂടാതെ, വീട്ടിൽ സൂക്ഷിച്ച സ്വർണം നിർദേശിച്ച പരിധിക്കുള്ളിലാണെങ്കിൽ അധികൃതർ റെയ്ഡിൽ പോലും പിടിച്ചെടുക്കില്ല.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം (62.5 പവൻ) സ്വർണം സൂക്ഷിക്കാം. അവിവാഹിതകൾക്ക് 250 ഗ്രാം (31.25പവൻ) സ്വർണവും പുരുഷൻമാർക്ക് 100ഗ്രാം (12.5 പവൻ) സ്വർണവും കൈയിൽ സൂക്ഷിക്കാം. കൂടാതെ, വരുമാന സ്രോതസ് വെളിപ്പെടുത്തിയാണ് സ്വർണം വാങ്ങുന്നതെങ്കിൽ അവ എത്രയും സൂക്ഷിക്കുന്നത് തെറ്റല്ല.
സ്വർണം സൂക്ഷിക്കുമ്പോൾ നികുതി നൽകേണ്ടതില്ലെങ്കിലും അവ വിൽക്കുമ്പോൾ നികുതി നൽകാൻ ബാധ്യസ്ഥരാണ്. മൂന്നു വർഷത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ച സ്വർണം വിൽക്കുമ്പോൾ ദീര്‍ഘകാല മൂലധനനേട്ടത്തിന് (ലോങ് ടേം കാപിറ്റൽ ഗെയ്ൻ) നികുതി നൽകേണ്ടി വരും. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനമാണ് നികുതി ബാധ്യത വരിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നേട്ടത്തില്‍നിന്ന് കിഴിച്ചശേഷമാകും നികുതി ബാധ്യത വരിക. കാലാകാലങ്ങളിൽ സര്‍ക്കാര്‍ പുറത്തുവിടുന്ന കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്(സി.പി.ഐ)പ്രകാരമാണ് ഇന്‍ഡക്‌സേഷന്‍ കണക്കാക്കുക.
മൂന്നു വർഷം സൂക്ഷിക്കുന്നതിന് മുമ്പേ സ്വർണം വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടത്തിനാണ് നികുതി നൽകേണ്ടത്.
ഹ്രസ്വകാലയളവില്‍ സ്വര്‍ണം വിറ്റാല്‍ മൊത്തംവരുമാനത്തോട് ലാഭം ചേര്‍ത്ത് ആദായ നികുതി സ്ലാബ് പ്രകാരമാണ് നികുതി നല്‍കേണ്ടത്. 10ശതമാനം സ്ലാബിലാണെങ്കില്‍ 10ശതമാനവും 30ശതമാനം സ്ലാബിലാണെങ്കില്‍ 30 ശതമാനവും നികുതി ബാധകമാകും. ഗോള്‍ഡ് ബോണ്ടിലാണ് നിക്ഷേപം നടത്തിയിട്ടുള്ളതെങ്കില്‍ കാലാവധി പൂര്‍ത്തിയാശേഷം പിന്‍വലിക്കുന്ന നിക്ഷേപത്തിന് ആദായ നികുതി ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.