ജനുവരി ഒന്നുമുതൽ ജി.എസ്.ടിയിൽ പുതിയ മാറ്റങ്ങൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsന്യൂഡൽഹി: 2022 ജനുവരി മുതൽ ചരക്കുസേവന നികുതിയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് നിയമഭേദഗതി. 2021 ധനകാര്യ നിയമത്തിന്‍റെ ഭാഗമായാണ് ഇത്. പരോക്ഷ നികുതി വ്യവസ്ഥകൾ കർശനമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ടാക്സബ്ൾ സപ്ലൈ, ഇൻപുട്ട് ടാക്സ് ക്രഡിറ്റ്, അപ്പീൽ നിയമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മാറ്റങ്ങൾ. ഉപഭോക്താക്കളെ ഈ മാറ്റങ്ങൾ വലക്കില്ലെങ്കിലും ബിസിനസുകാർക്ക് ഇൗ മാറ്റങ്ങൾ ബാധകമായിരിക്കും.
ജി.എസ്.ടി ഫോമുകളിൽ നികുതിയും വിൽപ്പനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ പുതിയ ഭേദഗതികൾ അനുവാദം നൽകും. ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കാനാകും.
നിലവിലെ ജി.എസ്.ടി വ്യവസ്ഥക്ക് കീഴിൽ വാർഷിക വിറ്റുവരവ് അഞ്ചുകോടി രൂപയിൽ കൂടുതലാണെങ്കിൽ കമ്പനി രണ്ട് പ്രതിമാസ റിട്ടേണുകൾ (ജി.എസ്.ടി.ആർ 1, ജി.എസ്.ടി.ആർ -3ബി) ഫയൽ ചെയ്യണം. ഈ ജി.എസ്.ടി.ആർ 1, ജി.എസ്.ടി.ആർ -3ബി എന്നിവ തമ്മിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ നികുതി വീണ്ടെടുക്കൽ നടപടികൾ സ്വീകരിക്കാൻ ഈ മാറ്റം അധികാരം നൽകും. നികുതി വീണ്ടെടുക്കലിന് മുന്നറിയിപ്പും നൽകില്ല. നേരത്തേ പൊരുത്തക്കേടുകളിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പിന്നീട് റിക്കവറി പ്രക്രിയ ആരംഭിക്കുകയുമായിരുന്നു. അതിനാൽ തന്നെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബിസിനസുകളിൽനിന്ന് നികുതി വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതിന് പുറമെ ടാക്സ് ക്രഡിറ്റ് ശക്തിപ്പെടുത്തി ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അസംസ്കൃത വസ്തുക്കൾക്കും മറ്റ് സേവനങ്ങൾക്കും നൽകുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതാണ് അടുത്ത മാറ്റം. ഉദാഹരണമായി ജി.എസ്.ടി.ആർ ഒന്ന് ഫോമിൽ പ്രതിമാസ വിൽപ്പന റിട്ടേണിൽ വിൽപ്പനക്കാരൻ ഇൻവോയ്സിൽ ഒരു ഇനത്തിന്‍റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, വാങ്ങുന്നയാൾക്ക് ആ ഇനത്തിന് അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കാൻ യോഗ്യനാകില്ല. ബിസിനസുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനും സുതാര്യമാക്കുന്നതിനുമാണ് ജി.എസ്.ടിയിലെ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.