Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായനികുതി:...

ആദായനികുതി: മൊത്തവരുമാനത്തില്‍  ലഭിക്കുന്ന കിഴിവുകള്‍

text_fields
bookmark_border
ആദായനികുതി: മൊത്തവരുമാനത്തില്‍  ലഭിക്കുന്ന കിഴിവുകള്‍
cancel

ശമ്പളം ലഭിക്കുന്നവര്‍, വാടകവരുമാനം ഉള്ളവര്‍, നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസ്സുകാരും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും മറ്റു വരുമാനം ഉള്ളവരും ജൂലൈ 31 നു മുമ്പാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും ഉള്‍പ്പെടെ നികുതിദായകര്‍ 2015-16 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17ആണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകന് വിവിധ വകുപ്പുകള്‍ അനുസരിച്ച് മൊത്തവരുമാനത്തില്‍ നിന്ന് നികുതി കിഴിവുകള്‍ക്ക് അവസരമുണ്ട്. വിവിധ വകുപ്പുകളും കിഴിവുകളും:

80 സിയില്‍ നേടാം 1,50,000 രൂപ 
സുപ്രധാനമായ ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപറയുന്ന നിക്ഷേപപദ്ധതികളില്‍ പണം നിക്ഷേപിച്ചാലാണ് ഈ വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നത്. 
പ്രൊവിഡണ്ട് ഫണ്ട്: ശമ്പളക്കാരായ നികുതിദായകരുടെ കാര്യത്തില്‍ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പ്രൊവിഡന്‍റ് ഫണ്ടിലേക്ക് പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്‍റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്‍െറ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തില്‍ നിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും നിലവില്‍ 8.81% പലിശ ലഭിക്കുന്നുണ്ട്്. ഈ പലിശക്കും നികുതി ഒഴിവുണ്ട്. 
പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്: ഈ നിക്ഷേപങ്ങള്‍ക്കും നികുതി ഒഴിവ് ലഭിക്കും. 
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം : ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ പേരില്‍ അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരില്‍ പ്രീമിയം അടച്ചാല്‍ കിഴിവ് ലഭിക്കില്ല.  
ഇക്വിറ്റി ലിങ്ക്ഡ്് സേവിങ്സ് സ്കീം (ഇ.എല്‍.എസ്.എസ്): ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇവ. ഇവക്ക് ഉറപ്പായ ലാഭവിഹിതം ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ലാഭത്തില്‍ മാറ്റം വന്നേക്കാം.  
ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് : ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് സൊസൈറ്റികളില്‍ നിന്നും വീടുപണിയുന്നതിനും വാങ്ങുന്നതിനും എടുത്ത വായ്പകള്‍ തിരിച്ചടക്കുമ്പോള്‍ പരമാവധി 1,50,000 രൂപവരെ കിഴിവ് ലഭിക്കും. കിഴിവ് ലഭിക്കണമെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ അഞ്ചു വര്‍ഷത്തേക്ക് വീട് വില്‍ക്കാനും പാടില്ല. പൂര്‍ത്തിയാക്കാത്ത വീടിന്‍െറ തിരിച്ചടവിന് ആനുകൂല്യം ലഭിക്കില്ല. 
വീട് വാങ്ങുമ്പോള്‍ ഉണ്ടാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും  
സുകന്യ സമൃദ്ധി അക്കൗണ്ട് : പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണ് ഇത്. പെണ്‍കുട്ടിയുടെ പേരില്‍ (പരമാവധി 2 പെണ്‍കുട്ടികള്‍, ഇരട്ടകളാണെങ്കില്‍ മൂന്ന്) ഈ സ്കീമില്‍ നിക്ഷേപിക്കുന്ന തുകക്ക് പ്രതിവര്‍ഷം 150,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 
നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് :- ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇന്‍വെന്‍സ്റ്റ് ചെയ്യുന്നതിനാല്‍ നികുതി ഒഴിവ് ലഭിക്കും. 
അഞ്ചു വര്‍ഷത്തേക്കുള്ള ബാങ്ക് ഡിപ്പോസിറ്റുകള്‍: അഞ്ചു വര്‍ഷ കാലാവധിയില്‍ ടാക്സ് സേവിങ്സ് ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ നികുതി ആനുകൂല്യം ലഭിക്കും. 
അഞ്ചു വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് : സാധാരണഗതിയില്‍ പോസ്റ്റ് ഓഫിസ് ഡിപ്പോസിറ്റുകള്‍ ഒരു വര്‍ഷം മുതലുള്ള കാലാവധികളില്‍ ലഭ്യമാണെങ്കിലും അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. പലിശക്ക് നികുതി ഇളവില്ല. 
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം 2004 : മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിയില്‍ വോളണ്ടറി റിട്ടയര്‍മെന്‍റ് സ്കീമില്‍ റിട്ടയര്‍ ചെയ്ത നികുതിദായകര്‍ക്കുള്ള പ്രായപരിധി 55 വയസ്സാണ്. 
നബാര്‍ഡ് റൂറല്‍ ബോണ്ട്സ്: നബാര്‍ഡിന്‍െറ റൂറല്‍ ബോണ്ടുകള്‍ക്ക് മാത്രം 80 സി അനുസരിച്ച് ആനുകൂല്യം ലഭിക്കും. 
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ളാന്‍:- ഇവയ്ക്കും 80 സി ആനുകൂല്യം ലഭിക്കും. 
കുട്ടികളുടെ ട്യൂഷന്‍ ഫീസ്: ഈ ഇനത്തില്‍ (പരമാവധി 2 കുട്ടികള്‍) ചെലവാകുന്ന തുകക്ക് കിഴിവ് ലഭിക്കും. മുകളില്‍ പറഞ്ഞവയില്‍ ഒന്നിലധികം നിക്ഷേപമുണ്ടെങ്കിലും പരമാവധി 1,50,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

80 സി.സി.ഡി.(1 ബി)
എന്‍.പി.എസിലേക്കും അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലേക്കും നിക്ഷേപിക്കുന്ന തുകക്ക് പരമാവധി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടി.ടി.എ
സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും. ഇത് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് ആനുകൂല്യം ലഭിക്കില്ല.
വകുപ്പ് 80 ഇ
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയടക്കുന്ന തുകക്ക് മൊത്തവരുമാനത്തില്‍ നിന്ന് കിഴിവ് ലഭിക്കും. തിരിച്ചടവ് കാലാവധി എട്ടു വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. ഉയര്‍ന്ന പരിധിയില്ല.
വകുപ്പ് 80 ജി.ജി
നികുതിദായകന്‍െറ പേരിലോ, ഭാര്യയുടെ പേരിലോ, മൈനര്‍ ആയ കുട്ടികളുടെ പേരിലോ ജോലി ചെയ്യുന്ന സ്ഥലത്ത് വീടില്ളെങ്കില്‍ നല്‍കുന്ന വീട്ടുവാടകക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2000 രൂപ വരെ പ്രതിമാസ ആനുകൂല്യം ലഭിക്കും. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ തുക 5000 രൂപയിലേക്ക് ഉയര്‍ത്തി.
80 ഡി
2015-16 സാമ്പത്തിക വര്‍ഷത്തേക്ക് 25000 രൂപ വരെയാണ് ഈ വകുപ്പില്‍ സാധാരണ മെഡിക്ളെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 30,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കളുടെ പേരില്‍ എടുക്കുകയാണെങ്കില്‍ അധികമായി 25000 രൂപയുടെയും (മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 30,000 രൂപയുടെയും) നികുതി ആനുകൂല്യം ലഭിക്കും.
80 ഡിഡി
ഈ വകുപ്പനുസരിച്ച്  അനുസരിച്ച് വൈകല്യമുള്ള ബന്ധുവിന് വേണ്ടി ഉള്ള മെഡിക്കല്‍ ചെലവുകള്‍ക്ക് കിഴിവ് ലഭിക്കും. വൈകല്യം 80 ശതമാനത്തില്‍ താഴെയും 40 ശതമാനത്തിന് മുകളിലുമുള്ള ബന്ധുവിന്‍െറ മെഡിക്കല്‍ ചെലവിലേക്ക് ചെലവാകുന്ന തുകക്ക് പരമാവധി 75000 രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി ആനുകൂല്യം ലഭിക്കും. എന്നാല്‍ വൈകല്യം 80 ശതമാനത്തിന് മുകളിലാണെങ്കില്‍ പരമാവധി തുക 1,25,000 രൂപയാണ്.
80 ഡിഡിബി
റസിഡന്‍റ് ആയ നികുതിദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിനും നികുതിദായകനും മെഡിക്കല്‍ ചെലവുകളിലേക്ക് ചെലവായ തുകക്ക് പരമാവധി 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും.  60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന് പരമാവധി 60,000 രൂപയായും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പരമാവധി തുക 80,000 രൂപയായും തുക നിജപ്പെടുത്തിയിട്ടുണ്ട്.
80 ജി
ഈ വകുപ്പ് അനുസരിച്ച് സംഭാവനകള്‍ നല്‍കുന്ന തുകയ്ക്ക് 50 ശതമാനം / 100 ശതമാനം വരെ കിഴിവ് ലഭിക്കും. എന്നാല്‍ ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ 10,000 രൂപക്ക് മുകളിലുള്ള തുക കാഷ് ആയി നല്‍കാന്‍ പാടില്ല. 
80 യു
ഈ വകുപ്പ് അനുസരിച്ച് ഏതെങ്കിലും വിധത്തില്‍ വൈകല്യം അനുഭവിക്കുന്നയാള്‍ക്ക് 75000 രൂപ വരെ കിഴിവ് ലഭിക്കും. ഗുരുതര ശാരീരിക വൈകല്യമാണെങ്കില്‍ 1,25,000 രൂപവരെ കിഴിവ് ലഭിക്കും. എന്നാല്‍ 125000 ലഭിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണം.

babyjosephca@hotmail.com
babyjosephca@eth.net

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax
News Summary - tax deductions
Next Story