
ചിത്രം: opindia
എന്താണ് ഇ-റുപ്പി... അതുവഴി എങ്ങനെ പണമില്ലാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാം
text_fieldsഇടനിലക്കാരുടെയും മധ്യസ്ഥൻമാരുടെയും മറ്റും ഇടപെടലിന്‍റെ ഫലമായി സർക്കാർ സഹായം ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
ക്ഷേമപദ്ധതികളിലെ അഴിമതിയും വഞ്ചനയും കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) ആരംഭിച്ചത്. ആധുനിക സാങ്കേതികവിദ്യയും ഐ.ടി ഉപകരണങ്ങളും ഉപയോഗപ്പെടുത്തി വേഗത്തിൽ ഫണ്ട് ഒഴുകാനും കൃത്യമായ ഗുണഭോക്താക്കളിൽ എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫണ്ട് വിതരണത്തിലെ ഈ 'ചോർച്ച' തടയാൻ കേന്ദ്ര സർക്കാറിന്‍റെ ഏറ്റവും പുതിയ സംരംഭമായ ഇ-റുപ്പി ഇന്ന് പ്രധാനമന്ത്രി അവതരിപ്പിക്കുകയാണ്. ഇ-റുപ്പിയെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിക്കുകയാണ് ചുവടെ.
എന്താണ് ഇ-റുപ്പി?
രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായായാണ് ഇ -റുപ്പി അവതരിപ്പിക്കുന്നത്. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം നാഷനൽ പേമെന്റ്സ് കോർപേറഷനാണ് (എൻ.പി.സി.ഐ) വികസിപ്പിച്ചത്.
ദേശീയ സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് യു.പി.ഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡിജിറ്റൽ പേമെന്‍റിന്‍റെ പണ -സമ്പർക്ക രഹിത രൂപമാണ് ഇ-റുപ്പി.
ഇ -റുപ്പി സേവനം എങ്ങനെ ഉപയോഗപ്പെടുത്താം?
ഇ-റൂപ്പി സംവിധാനം മൊബൈൽ ഫോണുകളെ ആശ്രയിച്ചാണ്. ഇത് തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്‍റ് സംവിധാനമാണ്. ഒരു ഗുണഭോക്താവിന് അവരുടെ മൊബൈൽ ഫോണിൽ ഒരു ക്യു.ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് അധിഷ്‌ഠിത ഇ-വൗച്ചർ ലഭിക്കും. അത് വിവിധ സേവന ദാതാക്കളിൽ നിന്ന് വീണ്ടെടുക്കാം. ഉദാഹരണത്തിന് ആശുപത്രിയിലോ അല്ലെങ്കിൽ ആരോഗ്യ കേന്ദ്രത്തിലോ വൗച്ചറുകൾ ഉപയോഗപ്പെടുത്താം. ഇ -റുപ്പി പേമേന്‍റെ് സേവനത്തിന്‍റെ സഹായത്തോടെ കാർഡ്, ഡിജിറ്റൽ പേമെന്‍റ് ആപ്പ്, ഇന്‍റർനെറ്റ് ബാങ്കിങ് ഇല്ലാതെ ഉപഭോക്താവിന് വൗച്ചർ ഉപയോഗിക്കാൻ കഴിയും. ക്യാഷ്ലെസ് ആയി കോവിഡ് വാക്സിനേഷനുള്ള സൗകര്യവും ഇ-റുപ്പി ഒരുക്കുന്നു.
ഇ -റുപ്പി സേവനങ്ങളുടെ സ്പോൺസർമാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റൽ രൂപത്തിൽ ബന്ധിപ്പിക്കും. ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ സേവന ദാതാവിന് പണം ലഭിക്കൂവെന്നും ഉറപ്പാക്കും. പ്രീ പെയ്ഡ് സേവനമാണ് അടിസ്ഥാനം. അതിനാൽ സേവന ദാതാവിന് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവർ ഇ-റുപ്പി സംവിധാനത്തോട് സഹകരിക്കുന്നു.
ഇ -റുപ്പി ഗുണഭോക്താക്കൾ ആരൊക്കെ?
സ്ത്രീകൾക്കും കുട്ടികൾക്കും മരുന്ന്, പോഷകാഹാര പിന്തുണ നൽകുന്ന പദ്ധതികളിലേക്ക് ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാർ ഭാരത്, പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയവയുടെ സേവനങ്ങൾക്കായി ഉപേയാഗിക്കാം.
സ്വകാര്യ മേഖലക്കും ഈ ഡിജിറ്റൽ വൗച്ചറുകൾ അവരുടെ ജീവനക്കാരുടെ ക്ഷേമ പദ്ധതികൾക്കും സി.എസ്.ആർ ഫണ്ടുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മൊബൈൽ നമ്പർ മതി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല
ഡി.ബി.ടി പദ്ധതികൾക്കായി ജൻധൻ അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. ആധാർ നമ്പർ നിർബന്ധമല്ല. എന്നാൽ ഇ-റുപ്പിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമില്ല. ഗുണഭോക്താവിന്‍റെ മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം. ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കുന്നതിനായി ഡി.ബി.ടി പദ്ധതി 100 കോടി മൊബൈൽ കണക്ഷനുകളെ ആശ്രയിക്കുന്നു.
ഇന്ത്യയിലെ നാഗരിക ജനസംഖ്യയുടെ 85 ശതമാനവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി 2019ൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.