സി.ഇ.ഒ സൂമിൽ 'ദാ വന്നു', ജോലി 'ദേ പോയി'- അത്ര 'ബെറ്റർ' അല്ല വിശാലിന്‍റെ കമ്പനിയിലെ കാര്യങ്ങൾ
text_fieldsപേരിൽ മാത്രം 'വിശാലം' ഉള്ളയാൾ. രണ്ടുമൂന്ന് ദിവസമായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുന്ന വിശാൽ ഗാർഗിനെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനി ബെറ്റർ ഡോട്ട്കോമിന്റെ ഫൗണ്ടറും സി.ഇ.ഒയുമാണ് വിശാൽ. പക്ഷേ, പേരുപോലെ അത്ര 'ബെറ്റർ' അല്ല ബെറ്റർ ഡോട്ട്കോമിന്റെ അവസ്ഥ. സി.ഇ.ഒയുടെ ഒരു സൂം കോളിൽ ഈ കമ്പനിയിലെ 900 ജീവനക്കാർക്കാണ് ജോലി പോയത്. ഈ വാർത്ത പുറത്തായത് മുതൽ സൈബർ ലോകത്ത് കൂടുതൽ തിരച്ചിൽ നടന്നത് വിശാൽ ഗാർഗ് ആരാണെന്നാണ്.
ഇന്‍റർനെറ്റിൽ ലഭ്യമായ ചിത്രങ്ങളിലെല്ലാം ചിരിക്കുന്ന മുഖവുമായാണ് വിശാലിനെ കാണാനാകുന്നത്. പക്ഷേ, മുഖത്തും പേരിലും കാണുന്ന വിശാല മനസ്കതയൊന്നും പ്രവൃത്തിയിൽ ഇല്ലെന്നാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സൂം കോളിലുടെ 900 ജീവനക്കാരെ വിശാൽ പിരിച്ചുവിട്ടത്. ഒരു ജീവനക്കാരൻ ഈ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. അമേരിക്കയിൽ വീട് കണ്ടെത്തുന്നതും വാങ്ങുന്നതിനുമുള്ള നൂലാമാലകൾ മൂന്ന് മിനിറ്റ് കൊണ്ട് ശരിയാക്കി തരാം എന്നതാണ് വിശാലിന്‍റെ കമ്പനിയുടെ ആപ്തവാക്യം. ഇപ്പോൾ മൂന്നു മിനിറ്റ് മാത്രം ദൈർഘ്യമുള്ള സൂം കോളിലൂടെയാണ് 900 ജീവനക്കാരുടെ വീടുകൾ പ്രതിസന്ധിയിലായതും. അതെ, മൂന്നു മിനിറ്റിൽ 'എല്ലാം ശരിയാക്കി'.
ബെറ്റർ ഡോട്ട്കോമിലെ മൊത്തം ജീവനക്കാരിൽ 15 ശതമാനത്തെയാണ് വിശാൽ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. വിപണി, കാര്യക്ഷമത, പ്രകടനം, ഉൽപാദനക്ഷമത എന്നിങ്ങനെ പല കാര്യങ്ങൾ വിലയിരുത്തിയായിരുന്നു തീരുമാനം. 'എന്‍റെ കരിയറിൽ രണ്ടാം തവണയാണ് ഞാൻ ഇത് ചെയ്യുന്നത്. ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ഇത് ചെയ്തപ്പോൾ ഞാൻ കരഞ്ഞിരുന്നു. ഇത്തവണ ഞാൻ കൂടുതൽ കരുത്തനാകുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയിലെ 15 ശതമാനം ആളുകളെ പിരിച്ചുവിടുകയാണ്. ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ നിങ്ങൾ നിർഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ്. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും' -കഴിഞ്ഞു. സി.ഇഒ സൂമിൽ 'ദാ വന്നു', ജോലി 'ദേ പോയി' എന്ന മട്ടിൽ അമേരിക്കയിലെയും ഇന്ത്യയിലെയും 900 ജീവനക്കാരുടെ കാര്യം ഒരു മുന്നറിയിപ്പുമില്ലാതെ തീരുമാനമായി.
'ധനികനായ അമ്മാവനു'മായി തുടക്കം
എല്ലാ അമേരിക്കക്കാർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ ബെറ്റർ ഡോട്ട്കോമിന് തുടക്കമിടുന്നത്. ഉദാര വ്യവസ്ഥയിൽ, എളുപ്പത്തിൽ വീടിനുള്ള പണം ലഭ്യമാക്കുന്ന സംരംഭമായിരുന്നു ഇത്. 43കാരനായ വിശാൽ ഏഴാം വയസ്സിലാണ് ന്യൂയോർക്കിെലത്തുന്നത്. ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിൽ ഫിനാൻസും ഇന്‍റർനാഷനൽ ബിസിനസും പഠിച്ചു. 2000ൽ സ്വന്തമായി വായ്‌പാ കമ്പനിയും രൂപവത്കരിച്ചു. 'മൈ റിച്ച് അങ്കിൾ' (MyRichUncle) എന്നായിരുന്നു ആ സ്വകാര്യ വിദ്യാർഥി വായ്പാ കമ്പനിയുടെ പേര്. ഹൈസ്‌കൂൾ സുഹൃത്തായ റാസാ ഖാനുമായി ചേർന്നായിരുന്നു ഇത്.
ഇരുവരുടെയും 'ധനികനായ അമ്മാവനെ' പിന്നീട് ധനകാര്യ സ്ഥാപനമായ മെറിൽ ലിഞ്ച് ഏറ്റെടുത്തു. പിന്നീട് ബാങ്ക് ഓഫ് അമേരിക്കയും. പക്ഷേ, രണ്ടു വർഷം കഴിഞ്ഞപ്പോൾ കമ്പനി പാപ്പരായി. വിശാലും റാസാ ഖാനും മറ്റൊരു കമ്പനി തുടങ്ങിയെങ്കിലും ഒന്നിച്ചപോകാൻ കഴിഞ്ഞില്ല. പരസ്പരം മോഷണം ആരോപിച്ചു വിശാലും റാസായും കേസുകൾ നൽകി. ഈ നിയമയുദ്ധത്തിന് ഒരു വർഷം കഴിഞ്ഞാണ് വിശാൽ ബെറ്റർ ഡോട്ട്കോമിന് തുടക്കമിടുന്നത്.
2014ൽ തുടക്കമിട്ട ഈ മൂന്നാമത്തെ കമ്പനി വിശാലിന്‍റെ ബിസിനസിനെ വിശാലമാക്കി. അമേരിക്കയിൽ വീട് കണ്ടെത്തുന്നതിനും വാങ്ങുന്നതിനുമുള്ള നൂലാമാലകളും ടെൻഷനും ഇടപാടിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കമ്മീഷൻ പൊല്ലാപ്പുമെല്ലാം പരിഹരിക്കാമെന്നായിരുന്നു ബെറ്റർ ഡോട്ട്കോമിന്റെ വാഗ്ദാനം. 2012ന്‍റെ അവസാനത്തിൽ വീടു വാങ്ങാനുള്ള ഈടു വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ വിശാലിനുണ്ടായ അനുഭവങ്ങളാണ് കമ്പനിയുടെ പിറവിയിലേക്ക് നയിച്ചത്.
മൻഹട്ടനിൽ വീട് കണ്ടെത്തിയെങ്കിലും ബ്രോക്കർ വഴിയല്ലാതെ ഇടപാട് നടത്തുന്നതിനാൽ വായ്പ ശരിയായതിന്‍റെ മുൻകൂർ അനുമതി കാണിക്കണമെന്നായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. ഓൺലൈനിൽ നിരവധി കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും വിശാലിന്‍റെ ആവശ്യമനുസരിച്ചുള്ള അനുമതിപത്രം എവിടെനിന്നും ലഭിച്ചില്ല. ഇതിനിടെ, ഭാര്യ ജോലി ചെയ്തിരുന്ന ബാങ്ക് ജീവനക്കാർക്ക് വീടിനുള്ള വായ്പാസൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിച്ചു. അവിടുത്തെ വലിയ ചോദ്യാവലി പൂരിപ്പിക്കുേമ്പാളാണ് ഇത്രയധികം സംശയ നിവാരണവും നടപടിക്രമങ്ങളും വേണ്ടിവരുന്ന കാര്യത്തിന് സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയത്. അതോടെ ബെറ്ററിന്‍റെ ചിന്ത മനസ്സിലുയർന്നു. 2013ൽ ടീമായി. അടുത്ത വർഷം കമ്പനിയും യാഥാർഥ്യമായി.
ഈടിന്മേലുള്ള വായ്പയുടെ നൂലാമാലകൾ ഇല്ലാതാക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. സമാനലക്ഷ്യമുള്ള മറ്റു സ്ഥാപനങ്ങളും വ്യക്തികളും ഒപ്പം കൂടിയതോടെ കമ്മിഷൻ കൈപ്പറ്റാത്ത ലോൺ ഓഫിസർമാരുടെ സേവനം ഓൺലൈനായി നൽകിക്കൊണ്ട് കമ്പനി മുന്നോട്ടുനീങ്ങി. ഒരു ഫോൺ വിളി പോലും വേണ്ടാത്ത, 100 ശതമാനം ഡിജിറ്റലായി വായ്പ നൽകാനുള്ള സൗകര്യമാണ് ബെറ്റർ ഏർപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് മുൻകൂർ അനുമതിപത്രം നൽകാനുള്ള സൗകര്യമായതോടെ നേരത്തേ മൂന്നാഴ്ച വേണ്ടിയിരുന്ന കാര്യങ്ങൾ മൂന്ന് മിനിറ്റിലേക്ക് ചുരുക്കാൻ ബെറ്ററിനായി.
അതിവേഗമായിരുന്നു ബെറ്ററിന്‍റെ വളർച്ച. ഇതുവരെ 40 ബില്യൻ ഡോളറിലേറെയാണു ബെറ്റർ ഡോട്ട്കോം ഹോം ഫിനാൻസിങ് ആയി നൽകിയത്. ഇൻഷുറൻസ് സെക്‌ഷനിൽ 16 ബില്യൻ ഡോളറിലേറെയും. സോഫ്റ്റ്‌ബാങ്ക്, ഗോൾഡ്‌മാൻ സാക്സ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളിൽനിന്നായി 400 ദശലക്ഷം ഡോളറിലേറെ നിക്ഷേപമായും നേടാൻ കഴിഞ്ഞു. പ്രമുഖ ഓൺലൈൻ സർവീസ് പ്രൊവൈഡർ കമ്പനിയായ ലിങ്ക്‌ഡ് ഇന്നിലെ ബയോ പ്രകാരം, ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിങ് കമ്പനിയായ വൺ സീറോ ക്യാപ്പിറ്റലിന്‍റെ സഹസ്ഥാപകൻ കൂടിയാണ് വിശാൽ. ലിങ്ക്ഡ് ഇന്നിന്‍റെ 2020, 2021 വർഷങ്ങളിലെ ടോപ് സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാം റാങ്ക്, സി.എൻ.ബി.എ.സിയുടെ 2020ലെ ഡിസറപ്‌ടർ 50ൽ 15–ാം റാങ്ക്, 2020ലെ ഫോബ്‍സ് ഫിൻടെക് 50ൽ സ്ഥാനം എന്നിങ്ങനെ വിശേഷങ്ങൾ ഏറെയാണ് വിശാലിന്‍റെ ബെറ്ററിന്.
2021ൽ ന്യൂയോർക്കിലെ ഫണ്ട് ഫോർ പബ്ലിക് സ്കൂൾസുമായി കൈകോർത്ത വിശാൽ കോവിഡ് പ്രതിസന്ധി നേരിടാൻ ക്രോംബുക്, ഐപാഡ്, വൈഫൈ ഹോട്സ്പോട്, പുസ്തകം, യൂണിഫോം തുടങ്ങിയവ വാങ്ങുന്നതിലേക്കായി 2 ദശലക്ഷം ഡോളറോളം സംഭാവന ചെയ്തിരുന്നു. എന്നാൽ, മാനുഷിക പരിഗണനകളില്ലാതെയും തൊഴിൽ നിയമങ്ങൾ പാലിക്കാതെയുമുള്ള ഇപ്പോഴത്തെ കൂട്ട പിരിച്ചുവിടൽ ഈ നന്മയെ ഇല്ലാതാക്കിയെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
ഇതിനുമുമ്പും വിശാൽ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. ജീവനക്കാരോടുള്ള പെരുമാറ്റത്തിന്‍റെ പേരിൽ മുമ്പും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുമുണ്ട്. ഉൽപാദനക്ഷമതയില്ലാത്ത ജീവനക്കാർ സഹപ്രവർത്തകരിൽ നിന്നും കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തുന്നവരിൽ നിന്നും പണം കൊള്ളയടിക്കുകയാണെന്ന് മുമ്പ് വിശാൽ ആരോപിച്ചതായി 'ഫോർച്യൂൺ' റിപ്പോർട്ട് ചെയ്യുന്നു.
ഒരിക്കൽ വിശാൽ തന്‍റെ ജീവനക്കാരന് അയച്ച ഇ-മെയിൽ ഫോബ്‍സ് പുറത്തുവിട്ടിട്ടുണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു- 'നിങ്ങൾ വളരെ വളരെ പതുക്കെയാണ്. നിങ്ങൾ ഊമകളായ ഡോൾഫിനുകളുടെ കൂട്ടമാണ്. നിശ്ശബ്ദരായ ഡോൾഫിനുകൾ വലയിൽ കുടുങ്ങും, സ്രാവുകൾ അകത്താക്കും. അതിനാൽ ഇതു നിർത്തുക, നിർത്തുക, ഇപ്പോൾത്തന്നെ നിർത്തുക. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു...'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.