പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശ, എൽ.ഡി.എഫ് വലിയ വിജയം നേടും -എ.വിജയരാഘവൻ
text_fieldsതൃശൂർ: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകളിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്പീക്കർ വിശദീകരണം നൽകിയതാണ്. സ്പീക്കർ നിയമ വിധേയമായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്, അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം വസ്തുത സ്പീക്കർ വ്യക്തമാക്കിയിരിക്കെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേർന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വസവും ആത്മവിശ്വാസവും ഉയർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ വിജയം നേടും. എന്നാൽ യു.ഡി.എഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവർ അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വർഗീയ വത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. ബി.ജെ.പി മുതൽ വെൽഫയർ പാർട്ടി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യു.ഡി.എഫ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.