അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ജില്ല സുസജ്ജം - മന്ത്രി പി.രാജീവ്
text_fieldsആലുവ: അടിയന്തര സാഹചര്യം നേരിടാൻ ജില്ല സുസജ്ജമാണെന്ന് മന്ത്രി പി.രാജീവ്. ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിയാറിലെ ജലനിരപ്പുയർന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു. ഇടമലയാറിലെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിൻറെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്.
ആലുവയിൽ നടന്ന യോഗത്തിൽ കലക്ടർ ജാഫർ മാലിക്, എസ്.പി കെ.കാർത്തിക്ക്, എ.സി.പി. ഐശ്വര്യ ദോംഗ്റേ, സബ് കലക്ടർ വിഷ്ണു രാജ്, എ.ഡി.എം എസ്.ഷാജഹാൻ, ആലുവ തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.