115 കുട്ടികൾ, പഠനം രണ്ട് മുറി ക്ലാസിലും വരാന്തയിലും; ഒഡീഷിയിലാണ് ദുരിതം പേറുന്ന ഈ വിദ്യാലയം
text_fieldsഭുവനേശ്വർ: മതിയായ സൗകര്യങ്ങളില്ലാതെ ഒഡീഷയിലെ നബരംഗ്പുർ ജില്ലയിലെ യു.പി സ്കൂളിൽ പഠിക്കുന്നത് 115 വിദ്യാർഥികൾ. രണ്ടുമുറി ക്ലാസ് റൂമും ഒരു വരാന്തയുമാണിവിടെയുള്ളത്. ഏതാണ്ട് 50 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിൽ ഏറെ ദുരിതം പേറിയാണ് കുട്ടികളും അധ്യാപകരും കഴിയുന്നത്. അടിസ്ഥാന സൗകര്യത്തിെൻറ പരിമിതിക്ക് പുറമെ, ആവശ്യത്തിന് അധ്യാപകരില്ലാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
1972ൽ ആരംഭിച്ച ബഹർക്കർമാരി സർക്കാർ യു.പി സ്കൂളിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണുണ്ടായിരുന്നത്. 2006-07ഓടെ അത് എട്ടാംക്ലാസ്സുവരെയായി ഉയർത്തുകയായിരുന്നു. ഒന്നുമുതൽ മൂന്നുവരെയുള്ളവർ ഒരു മുറിയിലും നാല് മുതൽ ആറുവരെ മറ്റൊരു മുറിയിലും ശേഷിക്കുന്ന വിദ്യാർഥികൾ വരാന്തയിലുമിരുന്നാണ് പഠിക്കുന്നത്. രക്ഷാകർത്തകൾ പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാര നടപടികൾ സ്വീകരിച്ചിട്ടില്ല.
ആറ് അധ്യാപക തസ്തികയാണിവിടെയുള്ളത്. ഇതിൽ നിലവിൽ നാല് പേർ മാത്രമാണുള്ളത്. അടിസ്ഥാനപരമായി വേണ്ട അധ്യാപകരും ക്ലാസ് മുറികളുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം സമരത്തിനൊരുങ്ങുമെന്നും രക്ഷിതാക്കൾ പറയുന്നു. ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമാണ് വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് എത്തുന്നത്. എന്നാൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രക്ഷിതാക്കൾ അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുകയാണിപ്പോൾ. അതേസമയം പരാതികൾ ഉടൻ പരിഹരിക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.