‘കേരള’യിൽ അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് ഒന്നാം സെമസ്റ്ററിലെ ചോദ്യം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് ഒന്നാം സെമസ്റ്റർ സിലബസിലെ ചോദ്യങ്ങൾ. തിങ്കളാഴ്ച നടന്ന ബി.എസ്സി ബോട്ടണി അഞ്ചാം സെമസ്റ്റർ പരീക്ഷ ചോദ്യങ്ങളാണ് പിഴച്ചത്. വെള്ളിയാഴ്ച നടന്ന ബി.എ ഹിസ്റ്ററി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർതന്നെ നൽകിയിരുന്നു. ഇതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കുകയും മറ്റു രണ്ടു ദിവസങ്ങളിലെ പരീക്ഷ മാറ്റുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ബി.എസ്സി ബോട്ടണി പരീക്ഷയിൽ ചോദ്യം മാറിയത്. എം.എ (ഇക്കണോമിക്സ്) അവസാന സെമസ്റ്റർ പരീക്ഷക്ക് ചോദ്യകർത്താവ് തന്നെ തെറ്റായ ഉത്തരസൂചിക നൽകുകയും വിവാദമായതിനെ തുടർന്ന് മൂല്യനിർണയം നിർത്തിവെക്കുകയും ചെയ്തിരുന്നു.
അതത് വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ആണ് പരീക്ഷ ചോദ്യകർത്താക്കളുടെ പാനൽ തയാറാക്കുന്നത്. പരീക്ഷാ കൺട്രോളറാണ് ചോദ്യകർത്താക്കളെയും ചോദ്യപരിശോധനക്കുള്ള ബോർഡിനേയും നിയമിക്കുന്നത്. ഈ സമിതികളിൽ സംഘടന രാഷ്ട്രീയ അടിസ്ഥാനത്തിൽ താരതമ്യേന സർവിസ് കുറഞ്ഞ അധ്യാപകരെ അംഗങ്ങളായി നിയമിക്കുന്നതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു.
പരീക്ഷ നടത്തിപ്പിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുമ്പോഴും ചുമതലയുള്ള പരീക്ഷാ കൺട്രോളറുടെ ഡെപ്യൂട്ടേഷൻ നിയമനകാലാവധി പൂർത്തിയായിട്ടും വീണ്ടും കാലാവധി നീട്ടി നൽകിയത് ഏതാനും ദിവസം മുമ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.