ചത്തീസ്ഗഢിൽ പത്താം തരം പരീക്ഷ എഴുതാനൊരുങ്ങി 11 വയസുകാരൻ
text_fieldsറായ്പൂർ: ചത്തീസ്ഗഢിൽ പത്താം തരം പരീക്ഷ എഴുതാൻ തയാറെടുക്കുകയാണ് 11 വയസുകാരനായ വിദ്യാർഥി. ദുർഗ് ജില്ലയിലാണ് നിലവിലെ അധ്യയന വർഷം തന്നെ പത്താം ക്ലാസ് പരീക്ഷയെഴുതാൻ ലിവ്ജോത് സിങ് അറോറ എന്ന വിദ്യാർഥിക്ക് പ്രത്യേക അനുമതി ലഭിച്ചത്.
കുട്ടിയുടെ ഐ.ക്യൂ ടെസ്റ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ചത്തീസ്ഗഢ് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ജി.ബി.എസ്.ഇ) അനുമതി നൽകിയതെന്ന് സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
12 വയസിൽ താഴെ പ്രായമുള്ള കുട്ടി പത്താം തരം പരീക്ഷ എഴുതാൻ പോകുന്നത് ഒരുപക്ഷെ സംസ്ഥാനത്തെ ആദ്യ സംഭവമായിരിക്കുമെന്നും അവർ പറഞ്ഞു.
തന്നെ പത്താംതരം പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലിവ്ജോത് സി.ജി.ബി.എസ്.ഇക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ദുർഗ് ജില്ല ആശുപത്രിയിൽ നിന്ന് ഇൻറലിജൻസ് കോഷ്യൻറ് ടെസ്റ്റ്നടത്തുകയും ചെയ്തു. ലിവ്ജോതിെൻറ ഐ.ക്യു 16 വയസുകാരേൻറതിന് തുല്യമാണെന്ന് ടെസ്റ്റിൽ കണ്ടെത്തി. തുടർന്ന് ഈ ഐ.ക്യു ടെസ്റ്റ് ഫലവും പരീക്ഷാഫലവും സി.ജി.ബി.എസ്.ഇക്ക് സമർപ്പിക്കുകയും ചെയ്തു. ഇവ പരിഗണിച്ചാണ് അനുമതി നൽകിയത്.
ലിവ്ജോത് ചെറിയ പ്രായത്തിൽ തന്നെ കഴിവുകളുള്ള കുട്ടിയായിരുന്നുവെന്ന് പിതാവ് ഗീർവിന്ദർ സിങ് അറോറ പറഞ്ഞു. മൂന്നാം തരത്തിൽ പഠിക്കുമ്പോൾ തന്നെ സങ്കീർണമായ ഗണിത ക്രിയകൾക്ക് സെക്കൻറുകൾക്കുള്ളിൽ പരിഹാരം കാണാൻ മകന് സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ പ്രായത്തിൽതന്നെ ബോർഡ് പരീക്ഷകൾ എഴുതിയ കുട്ടികളെ കുറിച്ചുളള വാർത്ത വായിക്കാനിടയായെന്നും അതിനു ശേഷം മകനെ സമ്മർദ്ദം നൽകാതെ തന്നെ തയാറെടുപ്പിക്കാൻ തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.