65ാം വയസ്സിൽ പത്താംക്ലാസ് വിജയം; ഏവർക്കും പ്രചോദനമാണ് മറിയം
text_fieldsലക്നൗ: വയസ്സ് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മറിയം കദ്രി എന്ന ലക്നൗ സ്വദേശി. അല്ലെങ്കിൽ 65ാം വയസ്സിൽ കഠിനപ്രയത്നവുമായി അവർക്ക് പത്താംക്ലാസ് നേടിയെടുക്കാൻ കഴിയുമായിരുന്നില്ല. അതും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വളർന്ന സാഹചര്യത്തിൽ. ഹിന്ദിയിലും ഉറുദുവിലും വൈദഗ്ധ്യമുള്ള മറിയം പക്ഷെ, പരീക്ഷ എഴുതിയത് ഇംഗ്ലീഷിലായിരുന്നു എന്നത് മറ്റൊരു പ്രത്യേകത.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിലൂടെയാണ് ഇവർ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ നാല് മക്കൾക്കും എഴ് പേരക്കുട്ടികൾക്കുമെല്ലാം അഭിമാന നിമിഷമായി മാറി. ഭാഷകൾ പഠിക്കാൻ ഏറെ താൽപ്പര്യമുള്ള ഇവർ ഇംഗ്ലീഷിൽ തന്നെ പരീക്ഷയെഴുതാൻ തീരുമാനിക്കുകയായിരുന്നു. തെൻറ മക്കളെയെല്ലാം ഹിന്ദിയും ഉറുദുവുമെല്ലാം പഠിപ്പിച്ചത് മറിയം തന്നെ.
എട്ട് മക്കളുള്ള വലിയ കുടുംബത്തിലാണ് മറിയം ജനിച്ചത്. തെൻറ സഹോദരൻമാർ ഡോക്ടർമാരും ബിസിനസുകാരുമാകുന്നത് കണ്ടുകൊണ്ടാണ് വളർന്നത്. എന്നാൽ, പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പഠനം സ്വപ്നമായി അവശേഷിച്ചു. 18ാം വയസ്സിൽ നഫീസ് കദ്രി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. വീടിെൻറ ഉത്തരവാദിത്വവും മക്കളെ വളർത്തലുമായി പിന്നീടുള്ള കാലം. അവർക്ക് പഠിക്കാനാവശ്യമായ സർവ പിന്തുണയും നൽകി. ഇവരുടെ ആൺമക്കൾ െഎ.ടി പ്രഫഷനലാണ്. ഒരു മകൾ ചാർേട്ടർഡ് അക്കൗണ്ടൻറും മറ്റൊരാൾ ദുബൈയിൽ കമ്പ്യൂട്ടർ സയൻസ് പ്രഫസറുമാണ്.
ഭർത്താവിനെ കൂടാതെ പെൺമക്കളാണ് പഠനത്തിനായി മറിയത്തിനെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതുമെല്ലാം. 'ഞാൻ ഒരുപാട് വായിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് പരീക്ഷയും നന്നായി എഴുതാൻ കഴിഞ്ഞത്' ^മറിയം പറയുന്നു.
ആഴ്ചയിൽ ആറ് ദിവസം രണ്ട് മണിക്കൂർ വീതമായിരുന്നു ഇവർക്ക് ക്ലാസ്. അവിടത്തെ പരിശീലകെൻറ നിർദേശപ്രകാരമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂൾ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പരീക്ഷ. മാതാവിെൻറ നേട്ടത്തിൽ അഭിമാനം കൊള്ളുന്ന മക്കൾ, പഠിക്കാൻ താൽപ്പര്യമുള്ള മുതിർന്നവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് ഒാർമിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.