എൻജിനീയറിങ് എൻട്രൻസ്: ഇടുക്കി ജില്ലയുടെ അഭിമാനമായി അക്ഷയ്
text_fieldsകട്ടപ്പന: എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ 119ാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായി അക്ഷയ് ബിനോജി. മാട്ടുക്കട്ട അയ്യപ്പൻകോവിൽ വല്ലേൽ അക്ഷയ് ബിനോജി സാധാരണ സ്കൂളുകളിൽ പഠിച്ചാലും ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.
എയ്ഡഡ് സ്കൂളുകളിൽ മാത്രം പഠിച്ച് പാലാ ബ്രില്യൻസിൽ ഓൺലൈനായി പരിശീലനം നടത്തിയാണ് അക്ഷയ് ജില്ലയിലെ ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കിയത്.
ഒന്ന് മുതൽ നാല് വരെ കാഞ്ചിയാർ ലൂർദ് മാതാ സ്കൂളിലാണ് പഠിച്ചത്. തുടർന്ന് മേരികുളം സ്കൂളിൽ ചേർന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ കാലത്ത് പ്രിൻസിപ്പൽ ജെ.പി. സെന്നാണ് അക്ഷയുടെ കഴിവ് തിരിച്ചറിഞ്ഞത്. പ്രിൻസിപ്പലിെൻറയും അധ്യാപകരുടെയും പിന്തുണയാണ് എൻട്രൻസ് എഴുതാൻ പ്രേരണയായതെന്ന് അക്ഷയുടെ പിതാവ് ബിനോജി പറഞ്ഞു. സംസ്ഥാനത്ത് 119ാം റാങ്കാണെങ്കിലും ജില്ലയിൽ ഒന്നാം സ്ഥാനത്തെത്താനായതിന് പിന്നിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും പ്രാർഥനയും ഉണ്ടെന്ന് അക്ഷയ് പറഞ്ഞു. കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പിതാവ് ബിനോജി മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആണ്. കാഞ്ചിയാർ ലൂർദ് മാതാ സ്കൂൾ അധ്യാപിക ജിജിയാണ് മാതാവ്. ബി.എ വിദ്യാർഥിനി ആഷിൻ ഏക സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.