ഡോക്ടറും എൻജിനീയറുമാകേണ്ട എന്നുറപ്പിച്ച് ഇക്കണോമിക്സ് പഠിച്ച് ഐ.ഇ.എസ് നേടി അൽ ജമീല
text_fieldsയു.പി.എസ്.സിയുടെ ഇന്ത്യൻ ഇക്കണോമിക്സ് സർവീസ്(ഐ.ഇ.എസ്) പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയവരിൽ ഒരേയൊരു മലയാളിയേ ഉള്ളൂ, അൽ ജമീല സിദ്ദീഖ്. ജെ.എൻ.യുവിൽ പിഎച്ച്.ഡി വിദ്യാർഥിയാണ് ഈ മിടുക്കി. കോട്ടയം സ്വദേശിനിയാണ്.
ഹൈസ്കൂൾ ക്ലാസുകളിലെപ്പോഴോ ആണ് ജമീല ഇക്കണോമിക്സിനെ പ്രണയിച്ച് തുടങ്ങിയത്. ഇതു മതിയെന്ന് പിന്നീട് ഉറപ്പിച്ചു. മകൾ ഡോക്ടറോ അഭിഭാഷകയോ ആവുന്നത് സ്വപ്നം കണ്ട വീട്ടുകാർക്കിത് ആദ്യം ഇതംഗീകരിക്കാൻ കുറച്ച് പ്രയാസമുണ്ടായിരുന്നു. നമുക്ക് ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും മാത്രമല്ല, നല്ല സാമ്പത്തിക വിദഗ്ധരും വേണമല്ലോ...അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ എല്ലാവരും കൂടെ നിന്നു.
ആദ്യശ്രമത്തിലാണ് ജമീല ഐ.ഇ.എസ് പരീക്ഷയിൽ 12ാം റാങ്ക് സ്വന്തമാക്കിയത്. പിഎച്ച്.ഡിക്കൊപ്പമായിരുന്നു പരീക്ഷക്ക് തയാറെടുത്തിരുന്നത്. സങ്കീർണമായ പരീക്ഷയാണ്. രണ്ടരമാസത്തോളം ജീവിതം പരീക്ഷക്ക് വേണ്ടി മാത്രം മാറ്റിവെച്ചു. വലിയ സ്ട്രെസ് ഒക്കെ തോന്നിയെങ്കിലും ജമീല പഠനം നിർത്തിയില്ല. സ്ട്രെസ് ഒഴിവാക്കാൻ വർക്ക് ഔട്ട് ചെയ്തു. മെഡിറ്റേഷനും പതിവാക്കി. പ്രാർഥനയും ഗുണം ചെയ്തു. പോസിറ്റിവിറ്റി വാരിവിതറുന്ന സുഹൃത്തുക്കളുള്ളതും തുണയായി. ഹോസ്റ്റലിൽ ആയിരുന്നെങ്കിലും എന്നും വീട്ടുകാരെ വിളിച്ച് സംസാരിച്ചു. വിജയത്തിന്റെ പടികളെ കുറിച്ച് ജമീല വിശദീകരിച്ചു. പരീക്ഷ നന്നായി എഴുതി. ഇന്റർവ്യൂവും നന്നായി അറ്റന്റ് ചെയ്തു. റാങ്ക് ലഭിക്കുമെന്ന് അപ്പോഴേ തോന്നിയിരുന്നുവെന്നും ജമീല കൂട്ടിച്ചേർത്തു.
എപ്പോഴും വലിയ സ്വപ്നങ്ങൾ കാണണമെന്നാണ് പുതിയ തലമുറയോട് ജമീലക്ക് പറയാനുള്ളത്. തളർത്താനും പിന്തിരിപ്പിക്കാനും ഒരുപാട് പേർ കാണും. എന്നാൽ തളരാതെ മുന്നോട്ടു പോയാൽ വിജയം നിങ്ങൾക്കൊപ്പമുണ്ടാകും. രണ്ടരമാസത്തെ മാത്രം അധ്വാനമല്ല, ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളുടെയും ആകെ തുകയാണീ വിജയമെന്നും ജമീല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.