കേരളത്തിൽ ഒന്നാംറാങ്ക്, ദേശീയതലത്തിൽ അഞ്ചാമത്; വീട്ടിലെ സി.എക്കാരുടെ എണ്ണം കൂട്ടി അംറത്
text_fieldsഅംറത് ഹാരിസ്
വിജയിക്കാൻ ഏറെ കടുകട്ടിയായ പരീക്ഷയായാണ് ചാർട്ടേഡ് അക്കൗണ്ടന്റൻസി. ഘട്ടം ഘട്ടമായി നടക്കുന്ന പരീക്ഷകൾ വിജയിക്കാൻ നന്നായി അധ്വാനിക്കേണ്ടി വരും. ഭാഗികമായി വിജയിച്ചാൽ പോലും തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്. അടുത്തിടെ കോഴ്സിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങളും വന്നിട്ടുണ്ട്. മാറ്റങ്ങളിൽ ഏറ്റവും പ്രധാനം പേപ്പറുകളുടെ എണ്ണം കുറഞ്ഞതും ആര്‍ട്ടിക്കിള്‍ഷിപ് അഥവ നിര്‍ബന്ധിത പ്രായോഗിക പരിശീലനം മൂന്നുവര്‍ഷം എന്നതിനു പകരം രണ്ട് വര്‍ഷമാക്കിയതുമാണ്.
ഇക്കുറി ഇന്ത്യയിൽ 13.44 ശതമാനമാണ് സി.എ പരീക്ഷയിലെ ഇന്ത്യയിലെ വിജയശതമാനം. അപ്പോൾ പരീക്ഷയിൽ അഞ്ചാംറാങ്ക് നേടുക എന്നത് വലിയ നേട്ടമാണ്. 600ൽ 484 മാർക്ക് നേടി അംറത് ഹാരിസ് എന്ന മിടുക്കിയാണ് സി.എ പരീക്ഷയിൽ രാജ്യത്ത് അഞ്ചാം റാങ്ക് സ്വന്തമാക്കിയത്. കേരളത്തിൽ ഒന്നാമതാണ് അംറത്.
2021ൽ സി.എ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 16ാം റാങ്കുണ്ടായിരുന്നു. ഷാർജയിലാണ് അംറത് വളർന്നത്. കോഴിക്കോട് തിരുവണ്ണൂരിലെ ഹാരിസ് ഫൈസലിന്റെയും തിരുവനന്തപുരം മണക്കാട് സ്വദേശി ഷീബയുടെയും മകളാണ്. പിതാവ് ഷാർജയിൽ അക്കൗണ്ട്സ് മാനേജറാണ്.
സഹോദരി അംജതയും ഭർത്താവ് തൗഫീഖും സി.എക്കാരാണ്. അവരെ മാതൃകയാക്കിയ അംറത് പത്താംക്ലാസിൽ പഠിക്കുമ്പോഴേ സി.എ ആണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു. സി.എക്കൊപ്പം തന്നെ ഇന്ദിരാഗാന്ധി ഓപൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.കോമും പൂർത്തിയാക്കിയിരുന്നു.
2020 മാർച്ചിലാണ് പ്ലസ് ടു കഴിഞ്ഞ് നവംബറിൽ ഫൗണ്ടേഷൻ പരീക്ഷയെഴുതിയ അംറത് 2021 ഡിസംബറിൽ ഇന്റർമീഡിയറ്റ് പരീക്ഷയും എഴുതി. അതിനു ശേഷം ആർട്ടിക്കിൾഷിപ് പ്രായോഗിക പരിശീലനം ചെയ്യുന്നതിനിടെ ഫൈനൽ പരീക്ഷക്ക് തയാറെടുത്തു. ആർട്ടിക്കിൾഷിപ്പിൽ നിന്ന് ആറുമാസം ബ്രേക്ക് എടുത്താണ് ഫൈനൽ പരീക്ഷക്കുള്ള തയാറെടുപ്പ് തുടങ്ങിയത്.
സി.എ ഫൈനൽ പരീക്ഷക്ക് രണ്ടു ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും ഏതെങ്കിലും ഒരു വിഷയം കിട്ടിയില്ലെങ്കിൽ ആ ഗ്രൂപ്പിലെ എല്ലാ വിഷയങ്ങളും വീണ്ടും എഴുതിയെടുക്കണം. അതിനാൽ ഓരോ ഗ്രൂപ്പ് വീതമായി എഴുതിയെടുക്കുകയാണ് പലരും ചെയ്യാറുള്ളത്. ആൾക്കിൾഷിപ്പിന്റെ തിരക്കുകൾക്കിടെ രണ്ടു ഗ്രൂപ്പുകളും എഴുതിയെടുക്കൽ എളുപ്പമല്ല താനും. എന്നാൽ രണ്ടും ഒരുമിച്ചെഴുതിയാലേ റാങ്കിന് പരിഗണിക്കൂ. രണ്ടും ഒരുമിച്ച് പഠിക്കുന്നവർക്ക് ഓപൺ ബുക്ക് പരീക്ഷയുമുണ്ട്. വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു അംറതിന്റെ തീരുമാനം. വീട്ടിലെ സി.എക്കാരോട് സംശയങ്ങൾ ചോദിച്ചു തീർത്ത് പഠിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.