സിവിൽ സർവീസ്: കോട്ടയം ജില്ലക്ക് അഭിമാനമായി മഞ്ജുഷ
text_fieldsകോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി മഞ്ജുഷ. പാലാ രാമപുരം സ്വദേശിനി മഞ്ജുഷ ബി.ജോർജാണ് 195ാം റാങ്ക് നേടിയത്. എം.എസ്.സി സ്റ്റാറ്റിറ്റിക്സ് ബിരുദധാരിയായ മഞ്ജുഷ നാലുവർഷത്തെ പരിശ്രമത്തിനൊടുവിൽ മൂന്നാമത്തെ അവസരത്തിലാണ് സ്വപ്നനേട്ടം കൈവരിച്ചത്. സ്റ്റാറ്റിക്സ്, പബ്ലിക് പോളിസി എന്നിവയായിരുന്നു അഭിമുഖത്തിൽ പ്രധാനമായും നേരിട്ടത്.
റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്ന് മഞ്ജുഷ ‘മാധ്യമ’ ത്തോട് പറഞ്ഞു. രണ്ടുതവണ ലക്ഷ്യം കാണാതെ വന്നപ്പോൾ തളർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പോരാടിയാണ് മൂന്നാം തവണ റാങ്ക് കരസ്ഥമാക്കിയത്. 2020ലാണ് സിവിൽ സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. തുടക്കത്തിൽ ചിട്ടയായ പഠനത്തിലൂടെയും ഇ-നോട്സ് ശേഖരിച്ചും പത്രങ്ങളിലൂടെയുമാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. പിന്നീട് പാലായിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ടുകളിലായി കഠിനപരിശ്രമം നടത്തി.
പിതാവ് ജി.ബാബുരാജൻ കോട്ടയത്ത് നിന്ന് ഐ.ബി വിഭാഗം ഡിവൈ.എസ്.പി ആയാണ് വിരമിച്ചത്. അമ്മ ലൗലി ബാബുരാജൻ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ ബയോളജി അധ്യാപികയാണ്. സഹോദരി അനുപമ എറണാകുളത്ത് ക്യാറ്റ് പരിശീലനത്തിലാണ്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലായിരുന്നു പഠനം. ബംഗളൂരു മൗണ്ട് കാർമൽ കോളജിൽ നിന്ന് ബിരുദം നേടി. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.